കൊച്ചി: ‘മനമറിയുന്നോള് ഇവളാ കെട്ട്യോള്... കനവിൽ വന്നോള് നിൻകരളായി പോന്നോള്

പരിണയരാവിൽ പവനുരുകുമ്പോൾ ഹൃദയം തന്നവള്...’

‘പൊറിഞ്ചു മറിയം ജോസി’ലെ ഹിറ്റ് ഗാനം സച്ചിൻ വീണ്ടും പാടി ലോക്ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന എല്ലാ ഭാര്യമാർക്കുമായി. സിനിമയ്ക്കായി ഈ ഹിറ്റ് ഗാനം വിജയ് യേശുദാസിനൊപ്പം പാടിയത് സച്ചിൻ രാജ് ആണ്. വീട്ടുജോലികളിൽ വലയുന്ന എല്ലാ ഭാര്യമാർക്കുമായി സമർപ്പിക്കുന്നു എന്ന മുഖക്കുറിപ്പോടെയാണ് ഗാനം. ആരോഗ്യ പ്രവർത്തകർക്കായും ഒരു പാട്ട് സമർപ്പിച്ചിട്ടുണ്ട്.

മുപ്പതോളം സിനിമയിൽ പാടിയിട്ടുണ്ട് എറണാകുളം പോണേക്കര സ്വദേശിയായ സച്ചിൻ രാജ്.

‘ലോക്ഡൗൺ സെക്ഷൻസ്’ എന്ന പേരിൽ 10 ഗാനങ്ങൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.

ദക്ഷിണാമൂർത്തിക്ക് സമർപ്പിച്ചുകൊണ്ടുള്ള വിഭാഗത്തിൽ അച്ഛൻ ബി. രാജഗോപാല മേനോനും പാടാനെത്തി. റിട്ട. സംഗീതാധ്യാപകനാണ് പോണേക്കര ‘സാകേത’ത്തിൽ ബി. രാജഗോപാല മേനോൻ.

‘സ്റ്റേ ഹോം, സ്റ്റേ സെയ്ഫ്, സപ്പോർട്ട് ലോക്ഡൗൺ’ എന്ന ഹാഷ്‌ടാഗോടെയാണ് എല്ലാ ഗാനങ്ങളും ആലപിച്ചിരിക്കുന്നത്. ഗായകൻ ഹരിഹരനായുള്ള ഗാന സമർപ്പണവുമുണ്ട്.

അനുപല്ലവിയിൽ തുടങ്ങി, പല്ലവിയിൽ അവസാനിപ്പിക്കുകയാണ് ഓരോ ഗാനവും. രണ്ട് മിനിറ്റിൽ അവസാനിക്കും. ഗിത്താറുമായി അരുൺ കൃഷ്ണയും ഉണ്ട് കൂട്ടിന്. ഒരു ഗാനത്തിന് കീ ബോർഡുമായി മിക്കു കാവിലും എത്തി. അരുൺ കൃഷ്ണ സ്വന്തം വീട്ടിലിരുന്ന്‌ ഗിത്താർ വായിച്ച് റെക്കോഡ് ചെയ്ത് സച്ചിന് അയച്ചുകൊടുക്കും.

വീട്ടിലെ സ്റ്റുഡിയോയിലിരുന്ന് പാടി എഡിറ്റ് ചെയ്ത് ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്യും. മിക്കു കാവിലും സ്വന്തം വീട്ടിലിരുന്നാണ് കീ ബോർഡ് വായിച്ചത്.

മലയാളികൾ മറന്നുപോയ പഴയ പ്രശസ്തമായ ഗാനങ്ങൾ ഒാർത്തെടുക്കുന്ന ‘റഫ്‌ലി വൺ മിനിറ്റ്’ എന്ന സംഗീതാർപ്പണവും സച്ചിൻ രാജ് സാമൂഹിക മാധ്യമത്തിൽ തുടങ്ങിയിരുന്നു. ഭാര്യ നിസ്തുലയായിരുന്നു ഇതിന് സാങ്കേതിക സഹായം നൽകിയത്.

സച്ചിൻ രാജിന്റെ ഹിറ്റ് പാട്ടുകളിൽ ചിലത്

‘ഇന്നലെ ഞാനൊരു...’ (പൊറിഞ്ചു മറിയം ജോസ്)

‘നാടുവാഴുക നഗരം വാഴുക...’ (കായംകുളം കൊച്ചുണ്ണി)

‘മാണിക്കക്കിളിയേ...’ (ഷൈലോക്‌)

‘പ്രണയമാണിത്...’ (ബഷീറിന്റെ പ്രേമലേഖനം)

Content HIghlights: Sachin raj dedicates song for House wives and health workers during Lock Down, Covid 19