ശബരിമല: എഴുത്തിലും ഈണത്തിലും ആലാപനത്തിലും മുൻനിരക്കാർ അണിനിരന്നപ്പോൾ യുഗസാധനയുടെ അസുലഭ നിർവൃതിയായി മാറിയ ഒരു അയ്യപ്പഗാനശേഖരത്തിന് 45 വയസ്സ്. ‘ഉച്ചനീചത്വങ്ങളില്ലാത്തതാം സമ സ്വച്ഛമനോജ്ഞമാം സന്നിധാന’മെന്ന് എഴുതിയത് ഒ.എൻ.വി. ‘ജടമുടി ചൂടിയ കരിമല കാട്ടിൽ തപസ്സിരിക്കുന്നു’ എന്ന വാങ്മയചിത്രം നൽകി വിസ്മയിപ്പിച്ചത് മഹാകവി പി.

ശബരിമല ക്ഷേത്രത്തെ ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബത്തിലെ പാട്ടുകൾ ഇന്നും അയ്യപ്പഭക്തരിൽ സൃഷ്ടിക്കുന്നത് മഞ്ഞണിരാവ് നിലാവുവിരിക്കുന്ന ആനന്ദം.1976-ലാണ് എച്ച്.എം.വി. കമ്പനിയുടെ ഗ്രാമഫോൺ റെക്കോർഡായി ഇത് പിറന്നത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠത്തിന്റെ ഉത്സാഹമായിരുന്നു, പിന്നിൽ.

കേരളത്തിലെ മികച്ച സംഗീതസംവിധായകർ, എഴുത്തുകാർ, ഗായകർ എന്നിവരൊക്കെ വേണമെന്ന് മംഗലത്തു മഠം, ഗായകനും സംഗീതസംവിധായകനുമായ കെ.പി. ഉദയഭാനുവിനോട് പറഞ്ഞതിൽനിന്നാണ് തുടക്കം. കോ-ഓർഡിനേറ്റർ പദവി ഏറ്റെടുത്ത ഉദയഭാനു തന്റെ സംഗീത ശ്രദ്ധ മുഴുവൻ ഇതിലേക്ക് തിരിച്ചുവെച്ചു. അങ്ങനെ 11 മനോഹരഗാനങ്ങൾ പിറന്നു. കേൾക്കുന്നവർക്ക് ചിന്മുദ്രാംഗിത യോഗസമാധിപ്പൊരുളിനെ ദർശിച്ച അനുഭവം.

ആൽബത്തിന്റെ പേര് 'ശബരിമല അയ്യപ്പൻ'.

സന്നിധാനത്ത് നട തുറക്കുമ്പോൾ കേൾക്കുന്ന ശ്രീകോവിൽ നടതുറന്നു... എന്നഗാനം ഇതിലേതാണ്. പരേതനായ കൈപ്പള്ളി കൃഷ്ണപിള്ള എഴുതി ജയവിജയൻമാർ ഈണമിട്ട് പാടിയതാണിത്.

പാടാൻ കഴിഞ്ഞത് പുണ്യം - പി. ജയചന്ദ്രൻ, ഗായകൻ

മണ്ഡലമാസപ്പുലരികൾ എന്ന ഗാനം പാടാനായത് ഒരു പുണ്യമാണ്. പി. കുഞ്ഞിരാമൻ നായരുടെ വ്യത്യസ്തമായ വരികളും അർജുനൻ മാഷുടെ അതിനൊത്ത ഈണവുമാണ് ഈ പാട്ടിന്റെ ശക്തി. എന്റെ ഭക്തിഗാനമേളകളിൽ ഇത് സ്ഥിരംഗാനമാണ്.

ആൽബത്തിലെ മറ്റുഗാനങ്ങൾ

• ശബരിഗിരീശ്വര സൗഭാഗ്യദായകാ... (എഴുത്ത്-കെ.ജി. സേതുനാഥ്, സംഗീതം- കെ.പി. ഉദയഭാനു, പാടിയത്-യേശുദാസ്.)
• ജീവപ്രപഞ്ചത്തിന്നാധാര മൂർത്തിയാം... (എഴുത്ത്- മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സംഗീതം- കെ.പി. ഉദയഭാനു, പാടിയത്-യേശുദാസ്.)
• മണ്ഡലമാസ പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ...(എഴുത്ത്- കവി പി.കുഞ്ഞിരാമൻ നായർ, സംഗീതം- എം.കെ.അർജുനൻ, പാടിയത്- പി. ജയചന്ദ്രൻ.)
• ഉഷസ്സന്ധ്യകൾ തേടിവരുന്നു... (എഴുത്ത്- ശ്രീകുമാരൻതമ്പി, സംഗീതം, ആലാപനം- എം.എസ്.വിശ്വനാഥൻ)
• ശരണം വിളി കേട്ടുണരൂ... (എഴുത്ത്-ഒ.എൻ.വി., സംഗീതം- എം.ബി.ശ്രീനിവാസൻ, പാടിയത്- എസ്. ജാനകി.)
• പൊന്നമ്പല നടതുറന്നു സ്വർണദീപാവലി തെളിഞ്ഞു.. (എഴുത്ത്- ശ്രീകുമാരൻ തമ്പി, സംഗീതം- എം.എസ്.വിശ്വനാഥൻ, പാടിയത്- പി.സുശീല)
• പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നൂ... (എഴുത്ത്- പി.ഭാസ്‌കരൻ, സംഗീതം- എം.എസ്. വിശ്വനാഥൻ, പാടിയത്- കെ.പി. ഉദയഭാനു.)
• അടിതൊട്ടു മുടിയോളം...(എഴുത്ത്- പി.ഭാസ്‌കരൻ, സംഗീതം- എം.ബി.എസ്., പാടിയത്- പി. ജയചന്ദ്രൻ)
• ശബരിമലയിലെ ശക്തിചൈതന്യമേ... (എഴുത്ത് -മങ്കൊമ്പ്, സംഗീതം- എം.കെ. അർജുനൻ, പാടിയത് -അമ്പിളി.)
• സന്നിധാനം ദിവ്യ സന്നിധാനം... (എഴുത്ത്- ഒ.എൻ.വി., സംഗീതം- എം.ബി.എസ്., പാടിയത്- എസ്. ജാനകി)

Content Highlights : Sabarimala Ayyappan devotional Album Songs KP udhayabhanu Jayavijaya P Jayachandran