കണ്ണും കാതും കൈയും പോലെയാണ് ശബരീഷിന് വയലിനും. ശരീരത്തിന്റെ ഒരു ഭാഗം. വായിച്ച് തുടങ്ങിയത് എന്നാണെന്ന് ചോദിച്ചാൽ മറുപടി പറയാൻ കുഴങ്ങും. പിച്ചവെച്ചതുപോലെ, ആദ്യാക്ഷരം മൊഴിഞ്ഞതുപോലെ സ്വാഭാവികമായി എന്നോ തുടങ്ങി... ഈ വയലിൻതന്ത്രികളാണ് ശബരീഷിന്റെ പ്രാണൻ. അതിൽ നിന്നുയരുന്ന സംഗീതമാണ് ജീവിതം. ഈ സംഗീതം കൊണ്ട് ഇന്ന് പാട്ടിന്റെ വഴിയിൽ സ്വന്തമായി ഒരു മുദ്ര ചാർത്തിക്കഴിഞ്ഞു ശബരീഷ്. ഇന്ന് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു വയലിനിസ്റ്റാണ് സംഗീതത്തിനുവേണ്ടി സർക്കാർ ജോലി പോലും വേണ്ടെന്നുവച്ച ശബരീഷ്. ശബരീഷിന്റെ വയലിൻ കവർ വേർഷനുകൾ വൻ ഹിറ്റാണ് യൂട്യൂബിൽ.
പാട്ടിന്റെ തുടക്കം
കുട്ടിക്കാലം മുതല്‍ വീട്ടില്‍ സംഗീതം ഉണ്ടായിരുന്നു. സംഗീതം ആസ്വദിക്കുന്ന ഒരു കുടുംബം. അച്ഛന്റെ അമ്മയായിരുന്നു ചേര്‍ത്തല സിസ്റ്റേഴ്സിലെ ജാനകി. കലാപാരമ്പര്യമുള്ള കുടുംബമായിരുന്നു. അതുകൊണ്ട് തന്നെ സ്വാഭാവികമായാണ് ഞാനും പാട്ടിന്റെ വഴിയിലേക്ക് വന്നത്. അമ്മമ്മ ഹാര്‍മോണിയം വായിക്കുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. പതുക്കെ ഞാനും സംഗീതത്തിന്റെ ഭാഗമായി. വയലിന് വായിച്ചു തുടങ്ങിയത് എന്നാണെന്ന് എനിക്ക് ഓര്‍മയില്ല. ശരീരത്തിന്റെ ഒരു ഭാഗമായിട്ടാണ് എനിക്കിപ്പോള്‍ ഈ വയലിനെ തോന്നുന്നത്.
പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുത്ത് ഭാവി സുരക്ഷിതമാക്കാനാണ് പൊതുവെ മിക്ക മാതാപിതാക്കളും മക്കളെ പ്രേരിപ്പിക്കുക. കലയെ നേരംപോക്ക് മാത്രമായി കാണുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗവും. എന്നാല്‍ ശബരീഷിന്റെ അച്ഛന്റെയും അമ്മയുടെയും രീതി വത്യസ്തമായിരുന്നു...
സംഗീതം തന്നെ തിരഞ്ഞെടുത്തപ്പോള്‍ വീട്ടില്‍ നിന്ന് എതിര്‍പ്പുകളൊന്നും എനിക്ക് നേരിടേണ്ടി വന്നില്ല. അതുകൊണ്ട് തന്നെയാണ് ഡിഗ്രിക്ക് ബിഎ മ്യൂസിക് വോക്കല്‍ പഠിച്ചത്. വയലിനിലാണ് എംഎ നേടിയത്. അച്ഛനും അമ്മയും എന്റെ ഇഷ്ടം മനസ്സിലാക്കിയവരായിരുന്നു. ഞാന്‍ അവരുടെ ഒറ്റ മകനാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ ഒരിക്കലും പിടിവാശി കാണിച്ചിട്ടില്ല. എനിക്ക് പാട്ട് പഠിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ബികോമിന് അഡ്മിഷന് കിട്ടിയിട്ടും പോയില്ല. റെയിൽവെയിലും കോളേജിലും ജോലി കിട്ടിയിരുന്നു അതെല്ലാം വേണ്ടെന്ന് വച്ചിട്ടാണ് സംഗീതത്തിന് പിറകെ പോയത്.
സോഷ്യല്‍ മീഡിയ തന്നെപ്പോലുള്ള കാലാകാരന്മാര്ക്ക് വലിയ അനുഗ്രഹമാണെന്ന് ശബരീഷ് പറയുന്നു. ആളുകളിലെത്തിക്കാന്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല. മാത്രമല്ല ജനങ്ങളുടെ പ്രതികരണങ്ങള്‍ നേരിട്ട് അറിയുന്നത് വഴി സ്വയം മെച്ചപ്പെടുത്താന്‍ സാധിക്കും.
ഇപ്പോള്‍ ലഭിക്കുന്ന അംഗീകാരങ്ങളെല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹമാണ്. ടി.എം അബ്ദുള്‍ അസീസ് സാര്‍ ആണ് എന്നെ വയലിനിലേക്ക് തിരിച്ചുവിട്ടത്. ശബരീഷ് പ്രഭാകര്‍ എന്ന വയലിനിസ്റ്റിനെ മോള്‍ഡ് ചെയ്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. പിന്നെ, മറ്റു ഗുരുക്കന്മാരായ ടോമി തോമസ് സാര്‍, പി സുബ്രഹ്മണ്യം സാര്‍ ഇവരെല്ലാം ഓരോ ഘട്ടത്തിലും എന്നെ സ്വാധീനിച്ചിട്ടുണ്ട്.
നൈറ്റിംഗേല്‍
പൂര്‍ണമായും നിലാവിൽ ചിത്രീകരിച്ച ആല്‍ബമാണ് നെറ്റിംഗേല്‍. ലോകത്തില്‍ തന്നെ ആദ്യമായിരിക്കും ഇത്തരത്തിലുള്ള ഒരു പരീക്ഷണം. ഇളയരാജയുടെയും വിദ്യാസാഗറിന്റെയും ഗാനങ്ങളാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ഗുരുവിലെയും ദേവദൂതനെയും പാട്ടുകളാണ്. മോഹന്‍ലാലിന്റെ പിറന്നാളിന്റെ ഭാഗമായാണ് ഒരുക്കിയത്. നല്ല അഭിപ്രായമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതൊന്നും എന്റെ മാത്രം കഴിവല്ല, എനിക്കൊപ്പം ഒരു നല്ല ടീമുണ്ട്. ഞങ്ങളുടെ ബാന്‍ഡിനോടൊപ്പം ചെന്നൈയില്‍ സംഗീത പരിപാടിക്കു വന്നിരിക്കുകയാണ് ഇപ്പോള്‍. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ ജീവിക്കുന്നത്.
ഒരു സംഗീത വിദ്യാര്‍ഥി എന്ന നിലയില്‍ എ.ആര് റഹ്മാന്, ഇളയരാജ, രവീന്ദ്രന് മാസ്റ്റര്‍, ശരത്, എം ജയചന്ദ്രന് ജോണ്സണ് മാസ്റ്റര്‍ ഇവരെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എം ജയചന്ദ്രന് സാറിനെ നേരിട്ടു കണ്ടിരുന്നു. ഞങ്ങള്‍ ഏറെ സംസാരിച്ചതും പാട്ടുകളെക്കുറിച്ചായിരുന്നു.
രണ്ടാമൂഴത്തിന്റെ സംവിധായകന് വിഎ ശ്രീകുമാര്‍ സാറിനെ ചെന്നൈയില്‍ വച്ചു കണ്ടു. അദ്ദേഹം എന്നെ തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കുകയും ചെയ്തു. നേരിട്ട് കാണുന്നതിനും തൊട്ടുമുന്‍പായി അദ്ദേഹം എന്റെ ഒരു വര്‍ക്ക് കണ്ടിരുന്നു എന്നും പറഞ്ഞു. വളരെ സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു. രണ്ടാമൂഴം പോലൊരു വലിയ ചിത്രം ചെയ്യുന്ന സംവിധായകന് ഞങ്ങളുടെ ബാന്‍ഡിനെക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ അഭിമാനം തോന്നി. ചിത്ര ചേച്ചിയുടെ മുന്പില് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതും എനിക്ക് മറക്കാന്‍ പറ്റില്ല.
അച്ഛനും അമ്മയ്ക്കുമൊപ്പം തൃപ്പൂണിത്തുറയിലാണ് ശബരീഷ് താമസിക്കുന്നത്. അച്ഛന് എന്‍പി ചന്ദ്രശേഖരന് നായര്‍ ചെന്നൈയില്‍ ബിസിനസ് നടത്തിയിരുന്നു. ഇപ്പോള്‍ നാട്ടിലുണ്ട്. അമ്മ വനജ ചന്ദ്രശേഖരന്.