രമേശൻ നായർ അന്നെഴുതിയ ഗാനം മലയാള ഭക്തിഗാന ചരിത്രത്തിന്റെ ഭാഗമാണിന്ന്


രവിമേനോൻ

മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഭക്തിഗാന ആൽബങ്ങളിലൊന്നായ പുഷ്പാഞ്ജലി (1981) യിലെ ``സ്വാഗതഗീതം''.

S Rameshan Nair

വിട, രമേശൻ നായർ

യുവകവി, വയലും വീടും പരിപാടിയുടെ പുതിയ സബ് എഡിറ്റർ, എഴുതിക്കൊണ്ടുവന്ന പാട്ടുകളിലൂടെ കണ്ണോടിച്ച ശേഷം സംഗീതസംവിധായകൻ പി കെ കേശവൻ നമ്പൂതിരി പറഞ്ഞു: ``പാട്ടുകൾ അസ്സലായി. പക്ഷേ ഒരു കുറവുണ്ട്. തുടക്കത്തിലൊരു ഗണപതിസ്തുതി കൂടി വേണം. നിങ്ങളുടെ ആദ്യ ഗാനസമാഹാരമല്ലേ? വിഘ്നങ്ങൾ ഉണ്ടായിക്കൂടല്ലോ..''പിന്നെ സംശയിച്ചില്ല രമേശൻ നായർ. പേനയും കടലാസും മുന്നിലെത്തേണ്ട താമസമേ ഉണ്ടായുള്ളൂ. നിമിഷങ്ങൾക്കകം ഗണേശ സ്തുതി തയ്യാർ. അന്നെഴുതിയ ഗാനം മലയാള ഭക്തിഗാന ചരിത്രത്തിന്റെ ഭാഗമാണിന്ന്: ``വിഘ്നേശ്വരാ ജന്മനാളികേരം മുന്നിൽ തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നു ....'' മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഭക്തിഗാന ആൽബങ്ങളിലൊന്നായ പുഷ്പാഞ്ജലി (1981) യിലെ ``സ്വാഗതഗീതം''.


വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, കൂടുംപിണികളെ, മൂകാംബികേ ഹൃദയ താളാഞ്ജലി, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും, നീലമേഘം ഒരു പീലിക്കണ്ണ്, പാറമേക്കാവിൽ കുടികൊള്ളും, തുയിലുണരുക തുയിലുണരുക... ``പുഷ്പാഞ്ജലി''യിലെ ഏത് പാട്ടാണ് നമുക്ക് മറക്കാനാകുക? ഭക്തിസാഗരം തന്നെ ഉള്ളിലൊതുക്കി ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ. ജാതിമത ഭേദമന്യേ കേരളീയർ ഏറ്റെടുത്ത പാട്ടുകളായിരുന്നു അവ. തൊട്ടുപിന്നാലെ ഭക്തിഗാനങ്ങളിലെ വിജയകഥ ആവർത്തിച്ചുകൊണ്ട് വനമാലയും മയിൽപ്പീലിയും.

വനമാലയിലെ ഏറെ പ്രിയപ്പെട്ട ``ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം'' എന്ന ഗാനത്തെ കുറിച്ചുള്ള ഈ കുറിപ്പ് രമേശൻ നായരെ ഓർത്തുകൊണ്ട് ഒരിക്കൽ കൂടി പങ്കുവെക്കുന്നു....
-----------------
മുരളികയാണെന്റെ ജന്മം
---------------------
മരണത്തിലേക്ക് നേർത്തൊരു നൂൽപ്പാലത്തിന്റെ ദൂരം മാത്രം. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നിയ ആ സന്ദിഗ്ദ്ധ ഘട്ടത്തിലും ദൈവത്തെ വിളിച്ചു കേണില്ല അവൻ. നിശബ്ദമായെങ്കിലും ദൈവനാമം ഉരുവിട്ടുമില്ല. പകരം ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സിനോട് ഒരാഗ്രഹം പങ്കുവെയ്ക്കുക മാത്രം ചെയ്തു: വനമാല എന്ന കാസറ്റിലെ ``ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം'' എന്ന പാട്ടൊന്ന് കേൾപ്പിച്ചുതരണം.
ഹെഡ് ഫോണിൽ നഴ്സ് കേൾപ്പിച്ച ആ ഗാനമാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് സമ്മതിക്കാൻ ഇനിയും തയ്യാറായിട്ടില്ല എന്റെ സുഹൃത്തിനുള്ളിലെ ഉറച്ച യുക്തിവാദിയുടെ മനസ്സ്. എങ്കിലും യേശുദാസ് പാടിയ ആ ഗാനത്തിനും അതിന്റെ ശില്പികളായ എസ് രമേശൻ നായർക്കും പി കെ കേശവൻ നമ്പൂതിരിക്കും നന്ദി പറയാൻ മറക്കുന്നില്ല അവൻ. ``എല്ലാം നഷ്ടപ്പെട്ടുവെന്നുറച്ച ആ ഘട്ടത്തിൽ വനമാലയിലെ ആ പാട്ട് എനിക്ക് പകർന്നു തന്ന ഊർജ്ജം, ആത്മവിശ്വാസം എത്ര വലുതായിരുന്നു എന്ന് വിവരിക്കുക വയ്യ. ഗുരുവായൂരമ്പലത്തിൽ ഇന്നുവരെ പോയിട്ടില്ല ഞാൻ. പോകാൻ ആഗ്രഹിച്ചിട്ടുമില്ല. പക്ഷേ ആ പാട്ട് കേൾക്കുമ്പോഴെല്ലാം എന്റെ സങ്കൽപ്പങ്ങളിൽ ഒരു ഗുരുവായൂർ തെളിഞ്ഞുവരാറുണ്ട്. മനുഷ്യ സ്നേഹത്തിന്റെ, നന്മയുടെ ഊർജ്ജം പ്രസരിപ്പിക്കുന്ന ഒരു ഗുരുവായൂർ. ചിലപ്പോൾ സംഗീതത്തിന്റെ ജാലവിദ്യയാകാം..''
ആ ``ജാലവിദ്യ''ക്ക് മുന്നിൽ ഭക്തിപരവശരായി കൈകൂപ്പുന്നവരെ ദിനം പ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് ഇന്നും കേശവൻ നമ്പൂതിരി. ``ഹൃദയത്തെ വല്ലാതെ തൊട്ട അനുഭവം ലളിതാംബിക അന്തർജ്ജനവുമായുള്ള കൂടിക്കാഴ്ചയാണ്.''-- വനമാലയുടെ സംഗീതശില്പി ഓർക്കുന്നു. `` ജീവിത സായാഹ്നത്തിൽ യാദൃച്ഛികമായി ഒരു ചികിത്സാകേന്ദ്രത്തിൽ വെച്ച് കണ്ടപ്പോൾ, എന്നെ നോക്കി മൃദുവായി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു: ഈ കിടക്കയിൽ കിടന്നുകൊണ്ട് ദിവസവും ഞാൻ കേൾക്കുന്നത് നിങ്ങളുടെ വനമാലയിലെ പാട്ടുകളാണ്. പ്രസാദാത്മകമാണ് ആ പാട്ടുകൾ ഓരോന്നും. ജീവിതത്തെ കുറിച്ച് പ്രതീക്ഷ നൽകുന്ന പാട്ടുകൾ.'' നിറകണ്ണുകളോടെ ഗുരുവായൂരപ്പന് നന്ദി പറയുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല നമ്പൂതിരിക്ക്. ഒപ്പം പാട്ടുകൾ എഴുതിയ രമേശൻ നായർക്കും, അവയ്ക്ക് ഹൃദയം പകർന്ന ഗാനഗന്ധർവനും. ആ ത്രിവേണീ സംഗമത്തിൽ പിറന്നതാണല്ലോ വനമാല.


മലയാളത്തിലെ ഭക്തിഗാന ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച കാസറ്റുകളായിരുന്നു സംഗീത കാസറ്റ്സ് പുറത്തിറക്കിയ പുഷ്പാഞ്ജലിയും (1981) തരംഗിണിയുടെ വനമാലയും (1983). ആദ്യത്തേതിൽ ജയചന്ദ്രനായിരുന്നു ഗായകനെങ്കിൽ, രണ്ടാമത്തേതിൽ യേശുദാസ്. രമേശൻ നായരും കേശവൻ നമ്പൂതിരിയുമാണ് ഗാനശിൽപ്പികൾ. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ചലച്ചിത്രേതര ആൽബങ്ങളുടെ മുൻനിരയിൽ തന്നെയുണ്ട് രണ്ടും. കോംപാക്റ്റ് ഡിസ്ക്കിന്റെയും എം പി ത്രീയുടേയും പെൻ ഡ്രൈവിന്റെയും ഒക്കെ യുഗങ്ങൾ പിന്നിട്ട് പാട്ടുകൾ വിരൽത്തുമ്പിൽ വന്നു കാത്തുനിൽക്കുന്ന ഈ കാലത്തും പുഷ്പാഞ്ജലിയും വനമാലയും സൂപ്പർ ഹിറ്റുകളായിത്തന്നെ നിലനിൽക്കുന്നു. ``രണ്ട് ആൽബങ്ങളിലെയും പാട്ടുകളെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരെ ഇന്നും കണ്ടുമുട്ടാറുണ്ട്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ അതിജീവിക്കാൻ സഹായിച്ചത് ആ ഗാനങ്ങളാണെന്ന് പലരും പറഞ്ഞുകേൾക്കുമ്പോൾ സന്തോഷവും സംതൃപ്തിയും തോന്നും.''-- കേശവൻ നമ്പൂതിരി. ``കറകളഞ്ഞ ഭക്തിയെപ്പോലെ ഈശ്വര സാക്ഷാൽക്കാരത്തിലേക്കുള്ള മാർഗ്ഗങ്ങളിൽ ഒന്നുതന്നെയാണല്ലോ സംഗീതവും.''
പുഷ്പാഞ്ജലിയുടെ തുടർച്ച തന്നെയാണ് ഒരർത്ഥത്തിൽ വനമാല. വിഘ്നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, കൂടുംപിണികളെ, മൂകാംബികേ ഹൃദയ താളാഞ്ജലി, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും, നീലമേഘം ഒരു പീലിക്കണ്ണ്, പാറമേക്കാവിൽ കുടികൊള്ളും, തുയിലുണരുക തുയിലുണരുക... പുഷ്പാഞ്ജലിയിലെ ഏത് പാട്ടാണ് നമുക്ക് മറക്കാനാകുക? ആത്മവിസ്മൃതിയുടെ തലത്തിലേക്കുയർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ. ജാതിമത ഭേദമന്യേ കേരളീയർ ഏറ്റെടുത്ത പാട്ടുകളായിരുന്നു അവ. അതേ കൂട്ടുകെട്ടിനെ വെച്ച് രണ്ടാമതൊരു ആൽബം കൂടി പുറത്തിറക്കി വിജയകഥ ആവർത്തിക്കാൻ സംഗീത കാസറ്റ്സ് ആലോചിച്ചുപോയത് സ്വാഭാവികം. പക്ഷേ വിധിനിശ്ചയം മറ്റൊന്നായിരുന്നു.

തൃശൂർ ആകാശവാണി നിലയത്തിലെ ഡ്യൂട്ടി റൂമിലേക്ക് 1980 കളുടെ തുടക്കത്തിലൊരു നാൾ നിനച്ചിരിക്കാതെ വന്ന ഒരു ഫോൺകോളിൽ നിന്ന് തുടങ്ങുന്നു ``വനമാല''യുടെ ചരിത്രം. ഫോണെടുത്ത പ്യൂൺ ഓടിക്കിതച്ചെത്തി കേശവൻ നമ്പൂതിരിയോട് പറഞ്ഞു: ``തിരുമേനീ, യേശുദാസ് വിളിക്കുന്നു. സാക്ഷാൽ യേശുദാസ്.'' അത്ഭുതം തോന്നി നമ്പൂതിരിക്ക്. ചെന്നൈയിൽ ഡോ ബാലമുരളീകൃഷ്ണയുടെ കീഴിൽ സംഗീതം അഭ്യസിക്കുന്ന കാലം തൊട്ടേ യേശുദാസിനെ അറിയാം. അന്ന് സിനിമയിൽ തുടക്കകാരനാണ് ദാസ്. എങ്കിലും നാട്ടിൽ തിരിച്ചെത്തിയ ശേഷം അപൂർവമായേ തമ്മിൽ ബന്ധപ്പെടേണ്ടി വന്നിട്ടുള്ളൂ. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു ആ ഫോൺകോൾ. എന്തായിരിക്കാം ഈ വിളിക്ക് പിന്നിൽ?

ചുരുങ്ങിയ വാക്കുകളിൽ വിഷയം അവതരിപ്പിച്ചു യേശുദാസ്. ``തിരുമേനി ഇയ്യിടെ ജയന് വേണ്ടി ചെയ്ത പുഷ്പാഞ്ജലി എന്ന കാസറ്റ് കേട്ടു. വളരെ നല്ല പാട്ടുകൾ. എനിക്കും അതുപോലൊരു ആൽബം ചെയ്തുതരണം. ഒരു ആഗ്രഹമാണ്. എതിർത്തൊന്നും പറയരുത്.'' അപ്രതീക്ഷിതമായിരുന്നു ആ അഭ്യർത്ഥന എന്ന് നമ്പൂതിരി. ``വിനയപൂർവം ഒഴിഞ്ഞുമാറാനാണ് ആദ്യം ശ്രമിച്ചത്. ആകാശവാണിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ പുറത്ത് പ്രവർത്തിക്കുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. പ്രധാനമായും സമയത്തിന്റെ പ്രശ്നം തന്നെ. വാരാന്ത്യങ്ങളിൽ മാത്രമേ ഔദ്യോഗിക ചമതലകളിൽ നിന്ന് ഒഴിവ് കിട്ടൂ. യേശുദാസിനെ പോലെ സമയത്തിന് പൊന്നും വിലയുള്ള ഒരു ഗായകനോട് എന്റെ സമയത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നത് അധികപ്രസംഗമല്ലേ? ദാസിന് വേണ്ടി പാട്ട് ചെയ്യാൻ സന്തോഷമേ ഉള്ളുവെങ്കിലും ഈ അവസ്ഥയിൽ എന്നെ ഒഴിവാക്കുകയാകും പ്രായോഗികം എന്ന് അദ്ദേഹത്തെ ധരിപ്പിക്കാൻ ശ്രമിച്ചു ഞാൻ..''

പക്ഷേ യേശുദാസുണ്ടോ പിന്മാറുന്നു. ``അതൊന്നും പറഞ്ഞാൽ ശരിയാവില്ല.''- അദ്ദേഹം പറഞ്ഞു. ``നമുക്കൊന്ന് നേരിൽ കാണണം. ഞാൻ ഉടൻ കൊച്ചിയിൽ വരുന്നുണ്ട്. അവിടെ വെച്ച് കണ്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..'' അടുത്തൊരു ദിവസം ഗാനമേളക്കായി യേശുദാസ് കൊച്ചിയിലെത്തുന്നു. ഒപ്പം പാടിയത് സുജാത. ആ രാത്രി തന്നെ സുജാതയുടെ വീട്ടിൽ ദാസിനെ ചെന്നു കാണുന്നു കേശവൻ നമ്പൂതിരി. എല്ലാം തീരുമാനിച്ചുറച്ച പോലെയായിരുന്നു യേശുദാസിന്റെ സംസാരം. ``സംഗീത കാസറ്റ്സുമായി എന്തോ പ്രശ്നമുണ്ടെന്ന് കേട്ടു. വിഷമിക്കേണ്ട. നിങ്ങളുടെ അടുത്ത ആൽബം തരംഗിണി ഇറക്കും. പാട്ടുകൾ റെഡിയാക്കിക്കൊള്ളൂ. താങ്കളുടെ സൗകര്യം കൂടി നോക്കി ഉടൻ റെക്കോർഡ് ചെയ്യണം. എന്നിട്ടു വേണം എനിക്ക് വിദേശയാത്രക്ക് പോകാൻ..'' മറുത്തു പറയാൻ തോന്നിയില്ലെന്ന് നമ്പൂതിരി.

ഇവിടെ ഒരു കൗതുകം കൂടി. ജയചന്ദ്രനെ മനസ്സിൽ കണ്ട് കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തിയതായിരുന്നു വനമാലയിലെ ഗാനങ്ങൾ. ``പുഷ്പാഞ്ജലി'' യുടെ അഭൂതപൂർവമായ വിജയത്തിനു പിന്നാലെ സംഗീതയുടെ തന്നെ ലേബലിൽ ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ ഒരു സമാഹാരം പുറത്തിറക്കാനായിരുന്നു ആലോചന. അതിനു വേണ്ടി എഴുതി ചിട്ടപ്പെടുത്തിയതാണ് വനമാലയിലെ ഗാനങ്ങൾ. ഷൊർണ്ണൂർ റോഡിൽ ഞാൻ താമസിച്ചിരുന്ന വീട്ടിൽ ഇരുന്ന് ആ ഗാനങ്ങൾ ഒരുക്കുമ്പോൾ രമേശൻ നായരും ജയചന്ദ്രനും ഉണ്ടായിരുന്നു ഒപ്പം. ജയൻ പാടേണ്ട പാട്ടുകളായിരുന്നല്ലോ. എന്തു ചെയ്യാം, ജയന് അതിനുള്ള യോഗമില്ലാതെ പോയി. ഈശ്വര നിശ്ചയമാകാം..'' -- കേശവൻ നമ്പൂതിരി.

കരാർ ലംഘനത്തിന്റെ പേരിൽ ഗാനരചയിതാവായ രമേശൻ നായർ ആയിടെ സംഗീത കാസറ്റ്സിനെതിരെ കോടതിയെ സമീപിച്ചതാണ് പദ്ധതികൾ ആകെ മാറ്റിമറിച്ചത്. കമ്പനിക്ക് അതോടെ വനമാലയിൽ താൽപ്പര്യം ഇല്ലാതായി. ആ ഘട്ടത്തിലായിരുന്നു യേശുദാസിന്റെ അപ്രതീക്ഷിത രംഗപ്രവേശം. യേശുദാസ് തന്റെ ഗാനങ്ങൾ പാടുന്നതിൽ രമേശൻ നായർക്കും സന്തോഷം. ``പാട്ടുകൾ എല്ലാം നേരത്തെ കംപോസ് ചെയ്തു വെച്ചതാണ്. അവയുടെ നൊട്ടേഷനുകൾ കൃത്യമായി ഒരു ഫയലിൽ എഴുതിവെക്കുകയും ചെയ്തിരുന്നു.'' - കേശവൻ നമ്പൂതിരി ഓർക്കുന്നു. ``ഇത്തരം കാര്യങ്ങളിൽ ഗുരുതുല്യനായ രാഘവൻ മാഷാണ് എന്റെ മാർഗ്ഗദർശി. പാട്ടുകളുടെ വരികൾ വായിച്ചു നോക്കി അനുയോജ്യമായ രാഗം നിശ്ചയിച്ചു കഴിഞ്ഞാൽ ഉടൻ നൊട്ടേറ്റ് ചെയ്യണം. ഇല്ലെങ്കിൽ മറന്നുപോകും. വനമാലയിലെ പാട്ടുകൾ സ്വരപ്പെടുത്തിയ ശേഷം എന്റെ ശബ്ദത്തിൽ തന്നെ അവയുടെ ട്രാക്കും എടുത്തുവെച്ചിരുന്നു. അതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ടേണ്ടിവന്നില്ല.''

അടുത്തൊരു ദിവസം തന്നെ യേശുദാസിന്റെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്ത് തരംഗിണിയിൽ ചെല്ലുന്നു കേശവൻ നമ്പൂതിരി. രണ്ടു ദിവസമാണ് ആകെ കിട്ടിയ അവധി. അതിനകം പാട്ട് റെക്കോർഡ് ചെയ്തു തീർക്കണം. യേശുദാസ് ആകട്ടെ ചെന്നൈയിലും തിരുവനന്തപുരത്തും മുംബൈയിലുമൊക്കെയായി പറന്നുനടന്നു പാടുന്ന കാലവും. ശ്വാസം വിടാൻ പോലും സമയം കിട്ടാത്ത അവസ്ഥ. ആ തിരക്കിനിടയിലും വനമാലക്ക് വേണ്ടി രണ്ടു ദിവസം നീക്കിവെക്കാൻ തയ്യാറായി അദ്ദേഹം. ആദ്യ ദിവസം വൈകുന്നേരത്തോടെയാണ് റെക്കോർഡിംഗ് തുടങ്ങിയത്. അന്ന് ഒരൊറ്റ പാട്ടേ തീർക്കാൻ കഴിഞ്ഞുള്ളു. അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നൂ അഗ്രേപശ്യാമി... പാടിത്തീർന്നപ്പോഴേക്കും ക്ഷീണിതനായിരുന്നു യേശുദാസ്. ബാക്കി പാട്ടുകൾ നാളെ ചെയ്തു തീർക്കാം എന്നു പറഞ്ഞു യാത്രയായി അദ്ദേഹം.

ആശങ്ക ഒഴിഞ്ഞിരുന്നില്ല സംഗീത സംവിധായകന്റെ മനസ്സിൽ. പതിനൊന്ന് പാട്ടാണ് പാടാൻ ബാക്കിയുള്ളത്. വ്യത്യസ്ത ആശയങ്ങളും ശൈലികളും രാഗപഥങ്ങളും പിന്തുടരുന്ന ഗാനങ്ങൾ. ഒരൊറ്റ ദിവസം കൊണ്ട് അവയെല്ലാം പാടി റെക്കോർഡ് ചെയ്തു തീർക്കാൻ പറ്റുമോ? ഇനിയെല്ലാം ഗുരുവായൂരപ്പന്റെ കയ്യിൽ എന്ന് സ്വയം സമാധാനിച്ചു അദ്ദേഹം. ``പക്ഷേ പിറ്റേന്ന് കാലത്ത് യേശുദാസ് സ്റ്റുഡിയോയിൽ വന്നത് പതിവിലും ഊർജ്ജസ്വലനായാണ്. വഴിക്കുവഴിയായി ട്രാക്ക് കേട്ട് ഏകാഗ്രതയോടെ അദ്ദേഹം പാട്ടുകൾ പഠിച്ചെടുക്കുന്നതും പൂർണ്ണമായി മനസ്സർപ്പിച്ചുകൊണ്ട് പാടി റെക്കോർഡ് ചെയ്യുന്നതും ഒരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ഒന്നും രണ്ടുമല്ല പതിനൊന്ന് പാട്ടുകൾ. അവസാനത്തെ പാട്ടും റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോഴേക്കും രാത്രി പത്തര മണി. പൂർണ്ണ സംതൃപ്തിയോടെയാണ് അന്ന് ഞങ്ങൾ സ്റ്റുഡിയോ വിട്ടത്.''

മെയ് മാസമാണ്. കടുത്ത ചൂടുള്ള കാലം. സ്റ്റുഡിയോയിലെ എ സിയിലും യേശുദാസ് വിയർത്തുകുളിക്കുന്നത് കാണാമായിരുന്നുവെന്ന് കേശവൻ നമ്പൂതിരി. ഓരോ പാട്ടും പടിക്കഴിഞ്ഞാൽ തലതോർത്തും ഗായകൻ. പാടുന്ന പാട്ടിന്റെ പൂർണ്ണതക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ മടിയില്ലാത്ത യേശുദാസിനെ കണ്മുന്നിൽ കാണുകയായിരുന്നു നമ്പൂതിരി. ആ അർപ്പണബോധം വെറുതെയായില്ല. വനമാല പുറത്തിറങ്ങിയതും ജനങ്ങൾ ഹൃദയപൂർവം ഏറ്റെടുത്തതും ഞൊടിയിടയിൽ. കേദാരം, മധ്യമാവതി, ശങ്കരാഭരണം, കല്യാണവസന്തം, പന്തുവരാളി, കമാസ്, ചക്രവാകം, തിലംഗ്, ചെഞ്ചുരുട്ടി, ശാമ, ധർമ്മവതി എന്നിങ്ങനെ വൈവിധ്യമാർന്ന രാഗഭാവങ്ങൾ ഉൾക്കൊണ്ട ഗാനങ്ങൾ. ആകാശം നാഭീ നളിനം, കായാമ്പൂക്കളോടിടയും തിരുമെയ്, ഗുരുവായൂരൊരു മധുര എഴുതിയാൽ തീരാത്ത കവിത, അനേകമൂർത്തേ അനുപമകീർത്തേ, ആയിരം നാവുള്ളോരനന്തതേ, അഗ്രേപശ്യാമി സാക്ഷാൽ ഗുരുപവനപുരം, നിർമ്മലമിഴികൾ ഗുരുവായൂരിലെ നിർമ്മാല്യത്തിനുണർന്നു, ഭഗവാന്റെ ശ്രീപാദ ധൂളീകണം, അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നൂ, വേദങ്ങൾ മീളാൻ മൽസ്യം, ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും, ധീരസമീരേ യമുനാതീരേ, ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ ... സിനിമാഗാനങ്ങളെ പോലും ജനപ്രീതിയിൽ നിഷ്പ്രഭമാക്കിയ അപൂർവ്വസുന്ദര ഗാനങ്ങൾ. നിർമ്മലമായ കൃഷ്ണ ഭക്തിയിൽ ചാലിച്ചെടുത്ത രമേശൻ നായരുടെ വരികളെ ഹൃദയം കൊണ്ട് തഴുകി ഒഴുകുകയായിരുന്നു കേശവൻ നമ്പൂതിരിയുടെ സംഗീതം.

ഇത്രയേറെ ജനപ്രിയവും കാലാതിവർത്തിയുമാകും ആ പാട്ടുകളെന്ന് സങ്കല്പിച്ചിരുന്നോ അവ ചിട്ടപ്പെടുത്തുമ്പോൾ? മറുപടിയായി ഗുരുവായൂരൊരു മഥുര എന്ന ഗാനത്തിൽ രമേശൻ നായർ എഴുതിയ തനിക്കേറെ പ്രിയപ്പെട്ട വരികൾ മൂളുന്നു കേശവൻ നമ്പൂതിരി: ``ഞാനാ കവിതയെ ഉള്ളിലുണർത്തും ഗാനമാകുന്നു, അഷ്ടപദീ ഗാനമാകുന്നു, ഈ ഗാനം കേൾക്കുമോ നാദബ്രഹ്മത്തിൻ തേരുതെളിക്കും ഭഗവാൻ ?''
സാക്ഷാൽ ശ്രീഗുരുവായൂരപ്പൻ അത് കേട്ടു എന്നതിന്റെ തെളിവല്ലേ ഈ ചോദ്യം പോലും? -- കേശവൻ നമ്പൂതിരി ചിരിക്കുന്നു.

content highlights : S Rameshan Nair devotional songs pushpanjali p jayachandran Ravi Menon Paattuvazhiyorathu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented