യാഴ്ച മൈസൂരുവിൽ നടക്കുന്ന സംഗീത പരിപാടിയോടെ എസ്. ജാനകി പാടിനിർത്തുകയാണ്. ജാനകിയമ്മയുടെ അവസാന സിനിമാഗാനം മലയാളത്തിലായിരുന്നു. ‘പത്ത്‌ കല്പനകൾ’ എന്ന സിനിമയിലെ ‘അമ്മപ്പൂവിനും...’ എന്ന പാട്ട് പാടി അറുപതു വർഷത്തെ ചലച്ചിത്ര സംഗീത ജീവിതത്തിനോട് അവർ വിടപറഞ്ഞത് കഴിഞ്ഞ വർഷമായിരുന്നു. മലയാളത്തിന്റെ ദത്തുപുത്രി മലയാളഗാനം പാടി അനശ്വരമായ കരിയർ അവസാനിപ്പിച്ചു.

പതിനേഴു ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ, നവഗാതനായ മിഥുൻ ഈശ്വറിനു വേണ്ടി പാടിയ ശേഷം വിരമിച്ചു. മക്കളെപ്പോലെ കരുതുന്ന മൂന്നു കന്നഡ ആരാധകർക്കു വേണ്ടിയാണ് അവർ വിരാമ സംഗീതനിശ മൈസൂരുവിൽ നടത്തുന്നത്. സാധാരണക്കാരന്റെ സംഗീതമായ ചലച്ചിത്ര സംഗീതത്തിലൂടെ ജീവിച്ച ജാനകിയമ്മ വിരമിക്കൽ ചടങ്ങുകൾക്ക് ഒരു അതി സാധാരണത്വവും കൽപ്പിച്ചു നൽകിയിട്ടില്ല.

അറുപതു വർഷങ്ങൾക്കു മുമ്പ് ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ജാനകിയമ്മയുടെ ചലച്ചിത്ര പ്രവേശനം. വിധിയുടെ വിളയാടൽ ആകാം, ആദ്യഗാനം പുറത്തിറങ്ങിയില്ല. മലയാളത്തിലെ അവസാന ഗാനം സിനിമയുടെ പ്രചാരത്തിന് വ്യാപകമായി ഉപയോഗിച്ചുവെങ്കിലും സിനിമയിൽ നിന്ന്‌ നീക്കംചെയ്തു. ഇത് രണ്ടും കൗതുകമായി മാത്രം കണക്കുക്കൂട്ടിയാൽ മതിയാകും. വിധിയുടെ വിളയാട്ടം കൊണ്ട് ആ ശബ്ദത്തിലൂടെ പുറത്തുവന്ന ഗാനങ്ങൾ കാലത്തിനുമപ്പുറം നിലനിൽക്കുക തന്നെ ചെയ്യും.

കുട്ടിയുടെ ശബ്ദത്തിലും പുരുഷ ശബ്ദത്തിലുമൊക്കെ ആലപിച്ച ഗാനങ്ങളിലും എസ്. ജാനകി എന്ന കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേവലം പത്തു മാസം മാത്രം സംഗീതം പഠിച്ചിട്ടുള്ള ആ ഗായികയാണ് ഏറ്റവും വിഷമംപിടിച്ച ക്ലാസിക്കൽ ഗാനങ്ങൾ പാടിയത്. കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തിനൊപ്പം മത്സരിച്ചു പാടിയ ‘സിങ്കാരവേലനേ...’ എന്ന ഗാനം ഒരത്ഭുതം തന്നെയാണ്. ബിസ്മില്ലാ ഖാന്റെ ഷെഹാനായിക്കൊപ്പം ആലപിച്ച ഗാനമാണ് ‘കരേദാരു കേളദേ...’. 

ആലപിക്കുമ്പോൾ ഏറ്റവും ക്ലേശിച്ചത് കന്നഡ ചിത്രമായ ‘ഹേമവതി’യിലെ ‘ശിവ ശിവയെന്നത നാലികയെകെ...’ എന്ന ഗാനമാണെന്ന് ജാനകിയമ്മ അഭിമുഖങ്ങളിൽ പറഞ്ഞു. എൽ. വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിൽ ഒരു വരിയിൽ ‘ആഭോഗി’ രാഗവും അടുത്ത വരിയിൽ ‘തോടി’ രാഗവും മാറി മാറി വരുന്നു. ക്ലാസിക്കൽ സംഗീതം അഭ്യസിക്കാത്ത ഒരു ഗായികയാണ് അത്രയും തെളിച്ചത്തോടെ ആയിരക്കണക്കിന്, ശാസ്ത്രീയ സംഗീതത്തിൽ അധിഷ്ഠിതമായ ഗാനങ്ങൾ ആലപിച്ചതെന്ന അപൂർവത!‘മലയാളത്തിന്റെ ദത്തുപുത്രി’ എന്നാണ് എസ്. ജാനകിയുടെ സ്ഥാനം. പൊതുവെ പറയുമ്പോൾ നാക്കുളുക്കുന്ന മലയാളഭാഷ കഷ്ടപ്പെട്ട് പഠിച്ചു പാടിയ എസ്. ജാനകി, മലയാളിക്കൊപ്പം മലയാളം മാധുര്യത്തോടെ സംസാരിക്കുകയും ചെയ്യുന്നു.

അവരുടെ പ്രൊഫഷണലിസത്തിന്‌ ഉദാഹരണമായി നിരവധി സംഭവങ്ങൾ ചലച്ചിത്രപ്രവർത്തകർ ഇന്നുമോർക്കുന്നു. ‘മൂടൽമഞ്ഞി’ലെ ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ മുംബൈയിലെത്തിയ എസ്. ജാനകി അസുഖം മൂലം കിടപ്പിലായി. എങ്കിലും അവർ സ്റ്റുഡിയോയിലെത്തുക തന്നെ ചെയ്തു. സ്റ്റുഡിയോയിലെ സോഫയിൽ കിടന്ന്‌ വിശ്രമിച്ചതിനു ശേഷം നേരെ പോയി മൂന്നു ഗാനങ്ങൾ റക്കോഡ്‌ ചെയ്തു. ഒരു റീ ടേക്ക് പോലും ആവശ്യം വന്നില്ല എന്നത് സംഗീത സംവിധായിക ഉഷ ഖന്നയെ വിസ്മയിപ്പിച്ചു. 

എം.എസ്. ബാബുരാജിന് വേണ്ടി എസ്. ജാനകി ആലപിച്ച ഗാനങ്ങളോ...? അവർ ഇരുവരും ജനിച്ചത് ഈ ഗാനങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് സന്ദേഹിച്ചുപോകുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചാരുത മുഴുവനായി തന്റെ പല ഗാനങ്ങളിലും ഉപയോഗിച്ച എം.എസ്. ബാബുരാജിന്റെ മികച്ച ഗാനങ്ങൾ ഭൂരിഭാഗവും ആലപിച്ചത് എസ്. ജാനകിയാണ്.  തളിരിട്ട കിനാക്ക’ളും വാസന്തപഞ്ചമി നാളും സൂര്യകാന്തിയും ഒരുകൊച്ചു സ്വപ്നത്തിൻ ചിറകുമൊക്കെ ആയി നിരവധി രത്നങ്ങൾ അവർ ഇരുവരും മലയാളത്തിന് നൽകി.

തെന്നിന്ത്യൻ സിനിമയിലെ മഹാരാജ തന്നെ ആയ ഇളയരാജയുടെ ആയിരത്തി ഇരുന്നൂറോളം ഗാനങ്ങൾ എസ്. ജാനകി ആലപിച്ചിട്ടുണ്ട്. ‘പതിനാറു വയതിനിലേ’ എന്ന തമിഴ് സിനിമയിലെ ഇളയരാജ ചിട്ടപ്പെടുത്തിയ ‘സിന്ദൂരപ്പൂവേ...’ എന്ന ഗാനത്തിലൂടെയാണ് ആദ്യത്തെ ദേശീയ പുരസ്കാരം എസ്. ജാനകിക്കു ലഭിക്കുന്നത്. പിന്നീട് നിരവധി പുരസ്കാരങ്ങൾ അവരുടെ സംഗീതത്തിന് കൂട്ടായി എത്തി. എങ്കിലും വളരെ വൈകി വന്ന ‘പദ്മഭൂഷൺ’ തനിക്ക്‌ ആവശ്യമില്ലെന്നു പറയാനുള്ള ആർജ്ജവം അവർ കാണിച്ചു. തന്നോടുതന്നെ സത്യസന്ധത പുലർത്തുന്ന യഥാർഥ സംഗീതജ്ഞർക്കു മാത്രം സാധിക്കുന്ന കളങ്കമില്ലായ്മ അവിടെ നമുക്ക് ദർശിക്കാം. പൊരിവെയിലിൽ ഒരുനേരത്തെ ഭക്ഷണത്തിനായി പ്രയത്നിക്കുന്ന തമിഴ്, തെലുങ്ക്, കന്നഡ, മലയാളി മക്കളുടെ സ്നേഹം എന്ന അവാർഡ് അവർ എന്നോ കരസ്ഥമാക്കി!
 
‘സ്വരം നന്നായിയിരിക്കുമ്പോൾ പാട്ട് നിർത്തുക’ എന്നത് ഒരു നാടൻ പ്രയോഗമാണ്. എൺപത് വയസ്സ് തികയുന്നതിന്‌ തൊട്ടുമുൻപായി എസ്. ജാനകി വിശ്രമ ജീവിതത്തിലേക്ക്‌ തിരിയുകയാണ്. അറുപതു വർഷക്കാലം വിരഹവും പ്രണയവും ദുഃഖവും ഹർഷോന്മാദവും ഒക്കെയായി നിറഞ്ഞുനിന്ന ആ സ്വരത്തെ പ്രായത്തിന്റെ മാറ്റങ്ങൾ ബാധിച്ചിട്ടില്ല. നിരവധി തലമുറകളിലെ ആസ്വാദകർക്ക് എന്നെന്നും കേൾക്കാനായി പതിനായിരക്കണക്കിന് ഗാനങ്ങൾ അവർ പാടിവെച്ചിരിക്കുന്നു. അതേ ഗാനങ്ങളിൽ നിന്ന് പുതിയ ഗായകർക്ക് സസൂക്ഷ്മം പഠിക്കാൻ നിരവധി ഘടകങ്ങൾ എസ്. ജാനകി ചേർത്തിട്ടുണ്ട്. സിനിമാ പിന്നണിഗായകർക്കുള്ള ഒരു ‘ഗോൾഡ് റേറ്റഡ്’ സ്റ്റാൻഡേർഡ് ആണ് എസ്. ജാനകി.

മലയാളത്തിന്റെ മധുരം നിറഞ്ഞ പാട്ടുകളത്രയും പാടിയ ജാനകിയമ്മയുടെ ‘കേശാദിപാദം തൊഴുന്നേൻ...’ എന്ന പാട്ട്‌ കേട്ടുകൊണ്ടാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജാനകിയമ്മയുടെ പാദം തൊഴുന്നേൻ...

writer is...
പ്രശസ്ത കർണാടകസംഗീതജ്ഞയും 
പിന്നണിഗായികയും. ഏണസ്റ്റ് ആൻഡ്‌ യംഗിൽ സോഫ്‌റ്റ്‌ വേർ എൻജിനീയർ