ന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഇന്നിപ്പോള്‍ പാട്ടുകള്‍ കേള്‍ക്കാനോ സംഘടിപ്പിക്കാനോ ബുദ്ധിമുട്ടില്ല. യൂട്യൂബ്‌ തുറന്നാല്‍ പ്രിയപ്പെട്ട പാട്ടുകള്‍ ഓണ്‍ലൈന്‍ ആയി ആസ്വദിക്കാം. ഗൂഗിളില്‍ പാട്ടിന്റെ ആദ്യവരിയുടെ തുടക്കം ടൈപ്പുചെയ്താല്‍, ആവശ്യമുള്ള പാട്ടുകള്‍ നിമിഷനേരം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന നിരവധി സൈറ്റുകള്‍ കുതിച്ചെത്തുകയായി.

പാട്ടുകള്‍ കേള്‍ക്കാനായി റേഡിയോയുടെ മുന്നില്‍ അക്ഷമരായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ എന്ന പരിപാടിയില്‍ ശ്രോതാക്കള്‍ എഴുതിയറിയിക്കുന്ന ഗാനങ്ങളും മറ്റു സമയങ്ങളില്‍ നിലയത്തിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും കേള്‍പ്പിക്കുമായിരുന്നു. ഒരു ഗാനം ഹിറ്റാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ആകാശവാണിയായിരുന്നു. ആകാശവാണിയുടെ കാരുണ്യം ലഭിക്കാത്തതുകൊണ്ട് ജനപ്രീതി നേടാതെ പോയ ഒരുപാട് നല്ല ഗാനങ്ങളുണ്ട്.

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്ന റീഡ് എന്ന പേരുള്ള വാള്‍വ് റോഡിയോ കേള്‍പ്പിച്ച പാട്ടുകളെല്ലാം ഓര്‍ത്തെടുക്കുക എളുപ്പമല്ലെങ്കിലും ഒരു പാട്ട് ഇന്നും ഞാനെന്റെ ഓര്‍മയില്‍ സൂക്ഷിച്ചിട്ടുണ്ട്.

''വളര്‍ന്നു വളര്‍ന്നു വളര്‍ന്നു നീയൊരു വസന്തമാകണം
പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു
മിടുക്കനാകണം''

മിടുക്കന്‍ എന്നു പേരായ ഒരു കുട്ടിയും എന്റെ ക്ലാസിലുണ്ടായിരുന്നു. ഞങ്ങളെ ഒരുമിച്ചുകാണുമ്പോള്‍ വളര്‍ന്ന് വളര്‍ന്നു വളര്‍ന്നു നീയൊരു വസന്തനാകണം/ പഠിച്ചു പഠിച്ചു പഠിച്ചു നല്ലൊരു മിടുക്കനാകണം എന്ന് കൂട്ടുകാര്‍ കളിയാക്കി പാടിയതും മധുരസ്മരണകളുടെ കൂട്ടത്തിലുണ്ട്.

കണ്ണും കരളും എന്ന ചിത്രത്തിലെ പാട്ടാണെന്നും വയലാറാണ് എഴുതിയതെന്നും എം.ബി.ശ്രീനിവാസനാണ് ഈണം നല്‍കിയതെന്നും അറിയുന്നത് പാട്ടുകളെ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോഴാണ്. പക്ഷേ, പാട്ടു പാടിയത് എസ്. ജാനകിയാണെന്ന് അന്നേ അറിയാമായിരുന്നു. പാട്ടു പാടുന്നവരെ ശബ്ദ വ്യത്യാസം കൊണ്ടു മനസ്സിലാക്കാന്‍ ഒരു പ്രയാസവുണ്ടായിരുന്നില്ല.  പി.ലീല, പി. സുശീല, ബി വസന്ത, എല്‍. ആര്‍ ഈശ്വരി, യേശുദാസ്, ജയചന്ദ്രന്‍, കമുകറ, എ എം രാജ തുടങ്ങിയവരെ പാട്ട് കേള്‍ക്കുന്നമാത്രയില്‍ തന്നെ തിരിച്ചറിയാം.

ആകാശവാണി ഒരുപാട് തവണ കേള്‍പ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ കണ്ണും കരളിലെ ഗാനം പാടിയ എസ്. ജാനകി മലയാളിയല്ലെന്നറിയാന്‍ പിന്നെയും വൈകി. പ്രേംനസീറിന്റെ സിനിമകളോടുള്ള ഇഷ്ടംപോലെ, യേശുദാസിന്റെ ശബ്ദത്തോടുള്ള ഇഷ്ടം പോലെ എസ്. ജാനകിയുടെ പാട്ടുകളോടും വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. 

കുട്ടിക്കാലത്തെ മറ്റൊരു അനുഭവത്തിലും എസ്. ജാനകിയുടെ ഗാനമുണ്ട്. ഞങ്ങളുടെ വീടിനടുത്തുള്ള തൃപ്പേക്കുളം ശിവക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണ്. രാത്രിയില്‍ നാടകവും ഡാന്‍സും മറ്റുമുണ്ടാകും. ഇന്നത്തെപ്പോലത്തന്നെ പരിപാടികള്‍ തുടങ്ങുന്നതിന് വളരെ മുന്‍പായി പാട്ടുകള്‍ വെക്കും. ഗ്രാമഫോണിലുടെയാണ് അന്ന് പാട്ടുകള്‍ കേള്‍പ്പിക്കുക എന്നുമാത്രം. നാലഞ്ചു 78 ആര്‍ പി എം റിക്കോര്‍ഡുകള്‍ മൈക്ക്സെറ്റുകാര്‍ കൊണ്ടുവരും. രണ്ടേ രണ്ട് പാട്ടുകളാണ് ഒരു ഡിസ്‌കിലുണ്ടാകുക. അവ തിരിച്ചു. മറിച്ചുമിട്ടാണ് പാട്ടുകള്‍ പാടിപ്പിക്കുക. ഗ്രാമഫോണ്‍ വൈന്റുചെയ്യുന്നതും സൂചി ഇടയ്ക്കിടെ മാറ്റുന്നതും ഡിസ്‌ക് തിരിയുന്നതും കാണാനായി കൗതുകത്തോടെ ഞങ്ങള്‍ കുട്ടികള്‍ 'പാട്ടുപെട്ടി'യുടെ മുന്നില്‍ ഇരിപ്പുറപ്പിക്കും. അങ്ങനെ അന്നു കൂടെക്കൂടെ കേട്ട ഒരു പാട്ട് ഇതെഴുതുമ്പോഴും കാതില്‍ മുഴങ്ങുകയാണ്:

തിരുവാതിരയുടെ നാട്ടീന്നോ
തിരമാലകളുടെ നാട്ടീന്നോ
വരുന്നതെവിടെന്നെവിടെന്നാണെന്‍
വാനമ്പാടീ...വാനമ്പാടി. (ചിത്രം: കടലമ്മ, രചന: വയലാര്‍, സംഗീതം: ജി. ദേവരാജന്‍)

എത്ര കേട്ടാലും മതിവരാത്ത പാട്ടുകളുടെ മുന്‍നിരയില്‍ത്തന്നെയാണ് ശ്രുതിമധുരമായ ഈ പാട്ടിന്റെ സ്ഥാനം. എന്നിട്ടും എസ്. ജാനകിക്ക് വളരെ കുറച്ചു പാട്ടുകളേ ദേവരാജന്‍മാസ്റ്റര്‍ നല്‍കിയുള്ളൂ. കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു കണ്ണാടി മാളിക തീര്‍ത്തു..(ഭാര്യ), മുറ്റത്തെ മുല്ലയില്‍  (ഓടയില്‍ നിന്ന്), മണിച്ചിലമ്പൊലി കേട്ടുണരൂ (ശകുന്തള), കിള്ളിയാറ്റിന്‍ അക്കരെയുണ്ടൊരു വെള്ളിലഞ്ഞിക്കാട്.., തങ്കവിളക്കത്ത്...(ജയില്‍), മാനത്തെ വെണ്ണിലാവ് മയങ്ങിയല്ലോ.(കളിത്തോഴന്‍), ആദ്യത്തെ രാത്രിയിലെന്റെ മനസ്സിന്റെ അന്തപ്പുരങ്ങള്‍ തുറന്നവനേ.., മാതളപ്പൂങ്കാവിലിന്നലെ.. (കല്യാണരാത്രിയില്‍) പൂത്തു പൂത്തു നിന്നൊരു പൊന്നശോകം...(കരുണ) പക്ഷിശാസ്ത്രക്കാരാ കുറവാ..(റൗഡി), മാനസ സാരസ മലര്‍ മഞ്ജരിയില്‍ ..(പൂജ), ദേവകുമാരാ ദേവകുമാരാ..(തിലോത്തമ), ചന്ദ്രോദയത്തിലെ..(യക്ഷി) തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റുകളായതില്‍ എസ്.ജാനകിയുടെ പങ്കിനെ കുറച്ചുകാണാനാവില്ല.

എസ്. ജാനകിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു അനുഭവം കൂടി പറയാതിരിക്കുക വയ്യ. പെരിഞ്ഞനം എന്ന ഞങ്ങളുടെ നാട്ടിന്‍പുറത്തുണ്ടായിരുന്ന ദേവി ടാക്കീസ് പൊളിച്ചുകളയുന്നതിന് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പഴയകാല സിനിമകള്‍ പുതിയ പ്രിന്റുകളില്‍ കളിച്ചുകൊണ്ടിരിക്കുന്ന കാലം. അങ്ങനെ, 'അമ്മയെ കാണാന്‍' ദേവീ ടാക്കീസില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. 'കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ ഇന്നെന്നെക്കണ്ടാല്‍ എന്തു തോന്നും കിങ്ങിണിപ്പൂവേ...' എന്ന ഗാനം കഴിഞ്ഞതേയുള്ളൂ. എന്റെ തൊട്ടടുത്തിരുന്ന ആള്‍ എന്നെ തോണ്ടി പറഞ്ഞു:
 -എന്താ ഒരു ഗാനം!ഞാന്‍ അയാളെ നോക്കി. മധ്യവയസ്‌കനാണ്. കണ്ടുപരിചയമില്ല. 

കരിക്കൊടി തണലത്തും (ഉണരുണരൂ ഉണ്ണിപ്പൂവേ..) കൊന്നപ്പൂവും കേള്‍ക്കാനാണ് വീണ്ടും വീണ്ടും സിനിമ കാണാന്‍ വന്നതെന്ന് അയാള്‍ പറഞ്ഞത് പുതിയൊരു അനുഭവമായിരുന്നു. 


എതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശവാണി തൃശ്ശൂര്‍ നിലയം പ്രക്ഷേപണം ചെയ്ത ചലച്ചിത്രഗാന പരിപാടിയില്‍ എസ്. ജാനകി പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. അന്നാ പരിപാടിയില്‍ അവതരിപ്പിക്കാനായി മലയാളത്തില്‍ എസ്. ജാനകി ആദ്യമായി പാടിയ ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍ (മിന്നുന്നതെല്ലാം പൊന്നല്ല, 1957), അന്നക്കിളി എന്ന ചിത്രത്തിലെ മച്ചാന പാര്‍ത്തിങ്കലാ എന്നീ ഗാനങ്ങള്‍ ഞാനാണ് എത്തിച്ചുകൊടുത്തത്. നാഗിന്‍(1954) എന്ന ചിത്രത്തില്‍ ഹേമന്ദ്കുമാര്‍ ഈണം നല്കി ലതാ മങ്കേഷ്‌കര്‍ പാടിയ ' മേര ദില്‍ യെ പുകാരെ ആജാ..എന്ന ഗാനമാണ്  'ഇരുള്‍ മൂടുകയോ എന്‍ വാഴ് വില്‍..' ആയി മാറിയത്.  പരിപാടി കഴിഞ്ഞപ്പോള്‍,  ഇഷ്ടപ്പെട്ട ചില ഗാനങ്ങള്‍ക്കായി എസ്. ജാനകി ആഗ്രഹം പ്രകടിച്ചുവത്രെ. അതില്‍ എം. എസ്. ബാബുരാജിന്റെ ഈണത്തില്‍ എസ്. ജാനകി ആദ്യമായി പാടിയ മൈതൊ ഘുന്‍ഘുരു എന്നു തുടങ്ങുന്ന മീരാ ഭജനും (ചിത്രം നിണമണിഞ്ഞ കാല്പാടുകള്‍) പി.ബി. ശ്രീനിവാസ് പാടിയ കരളില്‍ കണ്ണീര്‍ മുകില്‍ നിറഞ്ഞാലും /കരയാന്‍ വയ്യാത്ത വാനമേ.., നിന്‍ രക്തമെന്റെ ഹൃദയരക്തം.. (ബാല്യകാലസഖി, സംഗീതം: ബാബുരാജ്) എന്നീ ഗാനങ്ങള്‍ നല്‍കിയത് ഇതെഴുതുന്ന ആളാണെന്ന് എസ്. ജാനകിക്ക് അറിയുമോ എന്നറിയില്ല.

അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കെ എന്ന് എസ് ജാനകി പാടിയതു പോലെ അവര്‍ പാടിയ ഒത്തിരിയൊത്തിരി  ഗാനങ്ങള്‍ക്കായി നാം ചെവിയോര്‍ത്തിരുന്നിട്ടുണ്ട്. അങ്ങനെ കേട്ട് ആസ്വദിക്കുകയും മനസ്സിലെവിടെയോ ഓമനിച്ച് സൂക്ഷിക്കുകയും ചെയ്ത പാട്ടുകളില്‍ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞടുക്കുക അത്ര എളുപ്പമല്ല. എന്റെ മുറിയിലെ അലമാരകളില്‍ നിറയെ ഗ്രാമഫോണ്‍ റിക്കോര്‍ഡുകളാണെങ്കിലും സമയം കിട്ടുമ്പോഴൊക്കെ കേള്‍ക്കാനായി ഒരു ഡിസ്‌ക് ഞാന്‍ മാറ്റിവെച്ചിട്ടുണ്ട്. 

'ഉദ്യോഗസ്ഥ'യിലേതാണ് ഗാനം. രചന: യൂസഫലി കേച്ചേരി. സംഗീതം: ബാബുരാജ്. എസ്. ജാനകി പാടുകയാണ്: 'തങ്കം വേഗമുറങ്ങിയാലായിരം തങ്കക്കിനാവുകള്‍ കാണാം...'

അതീവ ഹൃദ്യമായ താരാട്ടാണിത്.  പാട്ടു കേട്ട് കുട്ടികള്‍ക്കൊപ്പം അമ്മമാരും ഉറങ്ങിയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ (ഇന്നത്തെ പല താരാട്ടു പാട്ടുകളും കുട്ടികളെ ഉണര്‍ത്താനോ ഉപകരിക്കൂ). മലയാളത്തിലെ മികച്ച താരാട്ടു പാട്ടുകള്‍ പാടിയതും ജാനകിയമ്മ തന്ന. താമരപ്പുവേ താരാട്ടാം..(കളിപ്പാവ), ആരാരോ ആരിരാരോ അച്ഛന്റെ മോനാരാരോ..(ആരാധന) ഉണ്ണി ആരാരിരോ (അവളുടെ രാവുകള്‍) ഓമനത്തിങ്കള്‍ കിടാവോ (ഇത്തിരിപ്പൂവേ ചുവന്ന പൂവേ), ആഴക്കടലിന്റെ അങ്ങേക്കരയിലായി (ചാന്തുപൊട്ട്) അവയില്‍ ചിലതു മാത്രം.

ഉദ്യോഗസ്ഥയിലെ ഡിസ്‌ക് തിരിച്ചിട്ടാല്‍ എസ്. ജാനകി വീണ്ടും പാടുകയായി.
ശരണം നിന്‍ ചരണം മുരാരേ
കായാമ്പൂവുകള്‍ കാണായ് വരണം
അടിമലരിതളില്‍ അഭയം തരണം..
  
ശ്രീകൃഷ്ണ ഭക്തയായ എസ്. ജാനകി കൃഷ്ണഭക്തി ഗാനങ്ങള്‍ മനസ്സറിഞ്ഞു പാടി ശ്രോതാക്കളുടെ മനസ്സിലും ഭക്തി നിറച്ചു. വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ..(ഇരുട്ടിന്റെ ആത്മാവ്), അനന്തശയനാ അരവിന്ദ നയനാ..(കദീജ), ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം...(പകല്‍ക്കിനാവ്) അമ്മയെ കളിപ്പിക്കാന്‍ തെമ്മാടിവേഷം കെട്ടും (കുസൃതിക്കുട്ടന്‍), അമ്പാടിപ്പൈതലേ (മിണ്ടാപ്പെണ്ണ്), മരതകമണിവര്‍ണാ (സരസ്വതി), മഴമുകിലൊളിവര്‍ണന്‍ ഗോപാലകൃഷ്ണന്‍..(ആഭിജാത്യം), തൂവെണ്ണ കണ്ടാല്‍ ഉരുകും ഹൃദയം..(പ്രീതി), ഓടക്കുഴല്‍ വിളി മേളം കേട്ടാല്‍(ദൃക്സാക്ഷി) കണ്ണാ ഗുരുവായൂരപ്പാ (പൊന്‍തൂവല്‍) തുടങ്ങി എത്രയെത്ര പാട്ടുകള്‍!

1970 ല്‍  എസ്. ജാനകിയ്ക്ക് കേരള സംസ്ഥാന അവാര്‍ഡ് കിട്ടിയത് 'കവിത പാടിയ രാക്കുയിലിന് കഴുത്തറുത്തു' (ചിത്രം: സ്ത്രീ) എന്ന ഗാനത്തിനാണ്. ഭാസ്‌കരന്‍ മാസ്റ്ററുടെ ഹൃദയസ്പര്‍ശിയായ വരികള്‍ക്ക്  ദക്ഷിണാമൂര്‍ത്തി സ്വാമി നല്‍കിയതാകട്ടെ വേദനയില്‍ ചാലിച്ച ഈണവും. തൂവലും ചിറകുകുകളും വിറങ്ങലിച്ചിരിക്കും എന്നു തുടങ്ങുന്ന വരികള്‍ കേട്ടുനോക്കുക. ആലാപനത്തിലൂടെ മനസ്സിനെ നൊമ്പരപ്പെടുത്തുകയാണ് എസ്. ജാനകി. പാടുന്നതിലെ ഭാവത്തിലൂടെ, സ്വര ശുദ്ധി നിറഞ്ഞ ആലാപനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്നു മലയാളിയല്ലാത്ത ആ ഗായിക.

കരളില്‍ വിരിഞ്ഞ റോജാ മലരാണ് നീ കദീജാ..(കദീജ), പൂവാടി തോറും പൂങ്കുയില്‍ പാടി..(തളിരുകള്‍), കുന്നുമ്മേലെ നീയെനിക്ക് കുടിലൊന്നു കെട്ടി..(രാജമല്ലി), വസന്തമേ വാരിയെറിയൂ.. (റസ്റ്റ് ഹൗസ്), നിഴലായി നിന്റെ പിറകെ പ്രതികാരദുര്‍ഗ ഞാന്‍ വരുന്നു..(പാതിരാപ്പാട്ട്), നിഴലായ് ഒഴുകി വരും ഞാന്‍..(കള്ളിയാങ്കാട്ടു നീലി), കാട്ടരുവി ചിലങ്കകെട്ടി..(ലേഡീസ് ഹോസ്റ്റല്‍) ഭദ്രദീപം കരിന്തിരി കത്തി..(കൊടുങ്ങല്ലൂരമ്മ) കരകവിയും കിങ്ങിണിയാറിന്‍ തീരത്ത്.. (പച്ച നോട്ടുകള്‍) , തുഷാര ബിന്ദുക്കളെ (ആലിംഗനം) ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളെ..,,(തൃഷ്ണ), തേനും വയമ്പും.. (തേനും വയമ്പും ), ഇനിയുറങ്ങൂ..(വിലയ്ക്കു വാങ്ങിയ വീണ) പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍.. (സ്വപ്നലോകം) ആടി വാ കാറ്റേ... (കൂടെവിടെ) മോതിരക്കൈ വിരലുകളാല്‍ (ശ്രീകൃഷ്ണപ്പരുന്ത്), മണവാളന്‍ പാറ..,(കായലും കയറും)..തുമ്പീ വാ തുമ്പക്കുടത്തിന്‍..(ഓളങ്ങള്‍), മലര്‍ക്കൊടി പോലെ.. (വിഷുക്കണി), മഞ്ഞണിക്കൊമ്പില്‍..(മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍). താലോലം കിളിയുടെ മൂളക്കം കേട്ടു..(ചെക്ക് പോസ്റ്റ്), പൂവാടികളില്‍ അലയും തേനിളം കാറ്റേ..(വ്യാമോഹം).. ഇങ്ങനെ ഓര്‍ത്തെടുക്കാന്‍ തുടങ്ങിയാല്‍ ഒരു അന്തവുമില്ലാതെ പാട്ടുകള്‍ ഒഴുകിയൊഴുകിയെത്തും.

ബാബുരാജിനെ മറന്നുകൊണ്ട് എസ്. ജാനകിയെപ്പറ്റി എഴുതാനാവില്ല.  ജാനകിയുടെ മികച്ച ഗാനങ്ങളെല്ലാം ബാബുരാജ് സംഗീതം നല്‍കിയതാണ്. കവിളത്തെ കണ്ണീര്‍ കണ്ടു..(അന്വേഷിച്ചു കണ്ടെത്തിയില്ല)., ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന.., ഇരുകണ്ണീര്‍ തുള്ളികള്‍ ..,(ഇരുട്ടിന്റെ  ആത്മാവ്) കണ്‍മണിയേ കരയാതുറങ്ങു നീ.., മധുമാസ രാത്രി മാദക രാത്രി ..(കാര്‍ത്തിക), പവിഴക്കുന്നിന്‍ പളുങ്കു മലയില്‍...(മായാവി), സൂര്യകാന്തി സൂര്യകാന്തി..(കാട്ടുതുളസി),  മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ..(ഉദ്യോഗസ്ഥ), കിളിമകളേ കിളിമകളേ..(കറുത്ത രാത്രികള്‍), വൃശ്ചികക്കാര്‍ത്തിക പൂവിരിഞ്ഞു(മാപ്പുസാക്ഷി), അതിഥീ അതിഥീ അജ്ഞാത നവാതിഥീ...(ലൗ ഇന്‍ കേരള), മുട്ടിവിളിക്കുന്നു വാതിലില്‍ മധുമാസം....(മനസ്വിനി).........തീര്‍ന്നിട്ടില്ല. പറയാന്‍ പാട്ടുകളേറെ ഇനിയും ബാക്കിയാണ്.

നിര്‍ത്തുകയാണ്, പാട്ടു പാടുന്നത് നിര്‍ത്തുകയാണ് എന്ന് എസ്. ജാനകി  പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ തീരുമാനം ആരാധകരെ വേദനിപ്പിക്കുന്നുണ്ടോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. പാടിയ പാട്ട് ഒഴിവാക്കി പുതിയ ഗായികയെക്കൊണ്ട് പാടിച്ചതില്‍ മനംനൊന്താണ് പി. സുശീല  സിനിമാഗാനങ്ങള്‍ പാടുന്നത് നിര്‍ത്തിയതെന്ന സത്യം നമ്മുടെ മുന്നിലുണ്ട്. അങ്ങനെയൊരു അനുഭവം ജാനകിയമ്മയ്ക്കുണ്ടായിട്ടില്ല.

മുള്‍ക്കീരീടത്തിലെ 'കുളി കഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ..' എന്ന ഗാനം ഒരിക്കല്‍കൂടി കേട്ടതിനുശേഷം ആ പാട്ടിന് ഈണം നല്‍കിയ പ്രതാപ് സിംഗ് സാറിനോട് എസ്. ജാനകി പാട്ടുനിര്‍ത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു. 'ഉചിതമായ തീരുമാനം'- സാര്‍ പറഞ്ഞു.

ടെലിവിഷന്‍ പരിപാടികളില്‍ എസ്. ജാനകി പാടുന്നത് കേട്ട് പലപ്പോഴും വിഷമം തോന്നിയിട്ടുണ്ടെന്ന് കൂടി അദ്ദേഹം സൂചിപ്പിച്ചു. കൊടുങ്ങല്ലൂരില്‍ ബാബുരാജ് ഫൗണ്ടേഷന്റെ പുരസ്‌കാരം വാങ്ങാനെത്തിയപ്പോള്‍  'താമരക്കുമ്പിളല്ലോ മമ ഹൃദയം..' പാടിയപ്പോള്‍ എനിക്കുമങ്ങനെ തോന്നാതിരുന്നില്ല. 'ഉണരൂണരൂ ഉണ്ണിപ്പൂവേ...' ടെലിവിഷന്‍ ചാനലിലെ എതോ പരിപാടിയില്‍ എസ്. ജാനകി പാടിയത് യൂറ്റിയൂബിലുണ്ട്. തൊട്ടടുത്തുതന്നെ ഒറിജിനല്‍ വെര്‍ഷനുമുണ്ട്. രണ്ടും കേട്ടുനോക്കാം, എസ്. ജാനകിയുടെ തീരുമാനം ഉചിതമാണോ എന്ന് പരിശോധിക്കാം.
   
'വിലക്കപ്പെട്ട ബന്ധങ്ങള്‍' എന്ന ചിത്രത്തില്‍ എ.ടി.ഉമ്മര്‍ ഈണം നല്കി എസ്. ജാനകി പാടിയ പാട്ട്  കംപ്യൂട്ടറിലെ മീഡിയ പ്ലെയര്‍ പാടുകയാണ്:

'പാടണോ ഞാന്‍ പാടണോ
 മാമക ഗാനം പൂജാമാല്യം
 മറ്റൊരു വേദിയില്‍ ചാര്‍ത്താനാമോ
 കൃഷ്ണാ
 മാനസ ഗാനം നീയല്ലാതെ
 മറ്റാരാരും കേള്‍ക്കാനാണോ?
 പാടണോ ഞാന്‍ പാടണോ...'
'വേണ്ട, ഇത്രയും മതി' എന്ന്  ഉള്ളിലിരുന്ന് കണ്ണന്‍ തന്നെയാണ് മറുപടി പറഞ്ഞതെന്ന് ജാനകിയമ്മ പറയുമ്പോള്‍ എല്ലാം  ദൈവനിശ്ചയമെന്നല്ലേ നമുക്കും പറയാനാവൂ.

പിന്‍കുറിപ്പ്:
   
ഈ ലേഖനം എഴുതിക്കഴിഞ്ഞ് എഡിറ്റ് ചെയ്യാനൊരുങ്ങുമ്പോഴാണ് ബംഗളൂരുവിലുള്ള സൂഹൃത്ത് വിളിച്ചത്. ലേഖനത്തിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: പത്തു കല്പനകള്‍ എന്ന പുതിയ ചിത്രത്തിനുവേണ്ടി എസ്. ജാനകി അവസാനമായി പാടിയ പാട്ട് യൂറ്റിയൂബിലെത്തിയിട്ടുണ്ട്. അതൊന്ന് കേട്ടുനോക്ക്. എന്നിട്ട് ലേഖനം പൂര്‍ത്തിയാക്കിയാല്‍ മതി. സംസാരം അവസാനിപ്പിച്ച് യൂറ്റിയൂബിലെത്തി പാട്ടു കേട്ടു. നല്ല പാട്ട്. പാടിയതും ഇഷ്ടമായി. 'അമ്മപ്പൂവിനും ആമ്പല്‍പ്പൂവിനും..' എന്ന ഈ താരാട്ടുപാട്ടില്‍ എണ്‍പതുകളിലെ എസ്. ജാനകിയെയാണ് കാണാനായത്. 

അടുത്ത സംസ്ഥാന അവാര്‍ഡ് ഈ പാട്ടിന് കിട്ടുമെന്ന പ്രതീക്ഷയില്‍ പാട്ടുകേട്ടവര്‍ യൂറ്റിയൂബില്‍ കമന്റുകളിട്ട് കാത്തിരിക്കുകയാണ്. എസ്. ജാനകി പാട്ടു നിര്‍ത്തണമെന്ന് എനിക്കുമിപ്പോള്‍ പറയാനാവുന്നില്ല. എസ്. ജാനകി ഇനിയും പാടുമോ?  'കണ്ണന്‍' യൂറ്റിയൂബിലെത്തി പാട്ട് കേള്‍ക്കുന്നതുവരെ നമുക്ക് കാത്തിരിക്കാം അല്ലേ?