റ് പതിറ്റാണ്ടോളം ദക്ഷിണേന്ത്യന്‍ സംഗീതലോകത്തെ തന്റെ മാസ്മരിക ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രിയ ഗായിക എസ്. ജാനകി സംഗീത ജീവിതത്തില്‍ നിന്നും വിരമിയ്ക്കുന്നു. 

അനൂപ് മേനോന്‍ മീരാ ജാസ്മിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന '10 കല്‍പ്പനകള്‍' എന്ന ചിത്രത്തിലെ ഒരു താരാട്ടുപാട്ട് പാടിയാണ് മലയാളികളുടെ സ്വന്തം ജാനകിയമ്മ അവസാന മധുരം വിളമ്പുന്നത്.  മിഥുന്‍ ഈശ്വര്‍ സംഗീത നല്‍കുന്ന 'അമ്മപ്പൂവിന് ' എന്ന ഗാനമാണ് ജാനകി പാടുന്നത്. 

ഇൗ ഗാനം എന്റെ ജീവിതത്തിലെ അവസാനത്തേതാണ്. ഇനി ഒരിക്കലും ഞാന്‍ ഒരുപാട്ട് പാടി റെക്കോഡ് ചെയ്യില്ല. പ്രായം ഒരുപാടായിരിക്കുന്നു ഇനി സ്റ്റേജ് ഷോകളിലോ പൊതുവേദികളിലോ ഞാന്‍ പാടുന്നില്ല- ജാനകിയമ്മ പറയുന്നു.

ഒരുപാട് വര്‍ഷങ്ങളായി ഞാന്‍ പാടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത ഭാഷകളിലായി നിരവധി സിനിമകളില്‍ ഞാന്‍ പാടി. ഇനി വിശ്രമിക്കാം- ജാനകിയമ്മ കൂട്ടിച്ചേര്‍ത്തു. 

1957ല്‍ പത്തൊമ്പതാം വയസില്‍ 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് തെലുങ്ക് സിനിമാ സംഗീത ലോകത്ത് ശ്രദ്ധനേടിയ ഈ അനുഗ്രഹീത ഗായിക ഭാഷയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് തെന്നിന്ത്യന്‍ സംഗീത ലോകത്തെ കീഴടക്കി. 

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. 1977-ല്‍ `പതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ല്‍ 'ഓപ്പോള്‍' എന്ന മലയാളചിത്രത്തിലെ 'ഏറ്റുമാനൂര്‍ അമ്പലത്തില്‍...' എന്ന ഗാനത്തിനും 1984-ല്‍ തെലുങ്കു ചിത്രമായ `സിതാര'യില്‍ വെന്നല്ലോ 'ഗോദാരി ആനന്ദം...' എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ `തേവര്‍മകനില്‍' ഇഞ്ചി ഇടിപ്പഴകാ... എന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.

കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരം (11 തവണ), ആന്ധ സംസ്ഥാന സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് (10 തവണ), തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ ചലചിത്ര പുരസ്‌കാരം (6 തവണ), കര്‍ണാടക സര്‍ക്കാറിന്റെ രാജ്യോത്സവ പുരസ്‌കാരം (1 തവണ), ഒറീസ സംസ്ഥാന സര്‍ക്കാര്‍ ചലചിത്ര പുരസ്‌കാരം (1 തവണ) എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങളും ജാനകിയമ്മ നേടി. 2013 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചെങ്കിലും ജാനകിയമ്മ അത് നിരസിച്ചു.