​ഗായിക എസ്. ജാനകിക്ക് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ വിനോദ് ​ഗുരുവായൂർ. ഗായികയെക്കുറിച്ചുള്ള ഒരു ഓർമക്കുറിപ്പ് പങ്കുവച്ചാണ് വിനോദിന്റെ ആശംസ. പത്തൊൻപതാം വയസ്സിൽ ആദ്യമായി ഒരുക്കിയ ഭക്തിഗാന കാസറ്റിൽ ജാനകിയമ്മയെക്കൊണ്ടു പാടിക്കാൻ ആഗ്രഹിച്ചതും അതു സാധിക്കാൻ നടത്തിയ പരിശ്രമങ്ങളുമാണ് കുറിപ്പിൽ പങ്കുവച്ചിരിക്കുന്നത്. 

വിനോദ് ​ഗുരുവായൂർ പങ്കുവച്ച കുറിപ്പ്

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ പങ്കു വെക്കുകയാണ് ഇവിടെ. എന്റെ പത്തൊമ്പതാം  വയസ്സിൽ  തോന്നിയ ഒരാഗ്രഹമായിരുന്നു ഒരു ഭക്തിഗാന കാസ്സെറ്റ്  ഇറക്കുക എന്നത്. ആദ്യം ഗുരുവായൂരിനടുത്തുള്ള ചൊവല്ലൂർ കൃഷ്ണൻ കുട്ടി ചേട്ടനെ സമീപിച്ചു.. അന്ന് കുറച്ചു പൈസയെ കയ്യിലുള്ളു. പത്തൊമ്പത്കാരന്റെ ആഗ്രഹം അദ്ദേഹം ഏറ്റെടുത്തു. ചെറിയ പൈസക്ക് പാട്ടെഴുതി തന്നു. പിന്നെ മ്യൂസിക്, അത് എന്റെ കൂട്ടുകാരൻ മനോജ്‌ കൃഷ്ണൻ ഏറ്റെടുത്തു. ഞങ്ങളെല്ലാം കൂടെ ട്രാക്ക് എടുത്തു. 

പിന്നെയാണ് പ്രശ്നം.. ആരു പാടും. പ്രശസ്തർ പടിയില്ലെങ്കിൽ കാസ്സെറ്റ് വില്പന നടക്കില്ല. അന്ന് ജാനകി അമ്മ പാടിയതൊക്കെ ഹിറ്റ്‌ ആയി നിൽക്കുന്നു. ചിത്രച്ചേച്ചി അവരുടെ കമ്പനിക്ക് വേണ്ടി മാത്രം പടിയിരുന്നുള്ളു..അതിലും പ്രശ്നം സാമ്പത്തികവും, എല്ലാം കഴിഞ്ഞു ഇനി ബാക്കി 5000 രൂപയെ ഉള്ളൂ. എന്റെ മനസ്സിലെ ആഗ്രഹം ഞാൻ എല്ലാവരോടും പറഞ്ഞു, അത് തമാശയായി എല്ലാവരും എടുത്തുള്ളൂ. ജാനകിയമ്മയെ കൊണ്ട് രണ്ടു സോങ്  പാടിപ്പിക്കണം, കയ്യിലുള്ളത് 5000 രൂപയും. ഞാൻ പിന്മാറിയില്ല, ചെന്നൈ ക്ക് ട്രെയിൻ കയറി. 

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഓർമ പങ്കു വെക്കുകയാണ് ഇവിടെ. എന്റെ 19ആം വയസ്സിൽ തോന്നിയ ഒരാഗ്രഹമായിരുന്നു ഒരു ഭക്തിഗാന...

Posted by Vinod Guruvayoor on Thursday, 22 April 2021

ആദ്യമായി ചെന്നൈ യാത്ര. ട്രെയിൻ ഇറങ്ങി ഓട്ടോ സ്റ്റാൻഡിൽ വന്നു  ജാനകിയമ്മയുടെ വീടാനുഷിച്ചു, ആർക്കും അറിയില്ല. ഒരു റെക്കോഡിങ് സ്റ്റുഡിയോ വിൽ എത്തിച്ച ഓട്ടോ ഡ്രൈവർ അഡ്രസ്സും വാങ്ങി അവരുടെ വീട്ടിലെത്തിച്ചു. കുറച്ചു സമയം അവിടെ പറയേണ്ട തമിഴ് വാക്കുകളുടെ പ്രാക്ടീസ് കഴിഞ്ഞു ഗേറ്റ് ഇൽ മുട്ടി. സെക്യൂരിറ്റിയോട് കാര്യാമവതരിപ്പിച്ചപ്പോൾ മാനേജരെ കാണാൻ പറഞ്ഞു. അടുത്ത വീട്ടിലെ മാനേജരെ കണ്ടതോടെ എല്ലാ പ്രതീക്ഷയും പോയി. ഒരു സോങ് പാടാൻ 10000 രൂപ വേണം. തിരിച്ചു പോരാൻ തീരുമാനിച്ചു. എന്നാലും അവരെ കാണാതെ പോരാനും മനസ്സനുവദിക്കുന്നില്ല. വീണ്ടും ഈവനിംഗ് അവരുടെ വീടിനു മുൻപിലെത്തി. 

ഞാൻ ഒരു മണിക്കൂറോളം അവരുടെ പടിക്കൽ നിൽക്കുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു, അവരുടെ ഒരു ബന്ധു പുറത്തു വന്നു. ഗുരുവായൂർ നിന്ന് വന്ന കൊച്ചു പയ്യൻ എന്ന പരിഗണന ആണെന്ന് തോന്നുന്നു ജാനകിയമ്മയെ കാണാൻ അവസരം കിട്ടി. എന്റെ പരിഭ്രമവും വിറയാർന്ന തമിഴും  അവരെ ചിരിപ്പിച്ചിരുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം ഒരു സോങ് 5000 രൂപയ്ക്കു പാടാമെന്നു  സമ്മതിച്ചു. സ്റ്റുഡിയോ റെന്റ് കൊടുക്കാൻ പിന്നെ എന്റെ കയ്യിൽ ഒന്നും ഇല്ല. ഞാൻ പറയാതെ തന്നെ ജാനകിയമ്മ അത് മനസ്സിലാക്കി. മാനേജർ സ്റ്റുഡിയോ ബുക്ക്‌ ചെയ്തു. 

മാനേജർ പാടി കൊടുക്കേണ്ട മറ്റു പാട്ടുകളുടെ ലിസ്റ്റ് നിരത്തിയെങ്കിലും, ആദ്യം എനിക്ക് പാടി തരാമെന്നു അമ്മ സമ്മതിച്ചു. സ്റ്റുഡിയോയിലെത്തി ഒരു പാട്ടു പടിക്കഴിഞ്ഞു. എന്നെ അവർ നോക്കി ഒന്ന് ചിരിച്ചു, അടുത്ത പാട്ട് കേൾക്കട്ടെയെന്നു പറഞ്ഞു.. ആ പാട്ടും അവർ പാടി തന്നു. ആ നിമിഷങ്ങൾ ഞാൻ പരിസരം മറന്നിരിക്കയായിരുന്നു.  കാൽതൊട്ടു വന്ദിച്ചു, കണ്ണ് നിറഞ്ഞൊഴുകയായിരുന്നു എന്റെ. ചേർത്ത് പിടിച്ചു എന്നെ, 

പിന്നീട് അമ്പതോളം കാസ്സെറ്റ് ഞാൻ ചെയ്തു. പഠിക്കുമ്പോൾ പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നത് അങ്ങിനെ ആയിരുന്നു. എന്നെ അന്ന് സഹായിച്ചിരുന്ന ഇപ്പോഴത്തെ സത്യം ഔഡിയോസ് ഉടമ പ്രേം, പിന്നെ സ്വാതി കാസ്സെറ്റ് ജലിൽ  ഇവരെ യൊന്നും മറക്കാൻ കഴിയില്ല. പുതിയ ആശയങ്ങളുമായി ഇവരെ സമീപിക്കു മ്പോൾ  ഇവർ തന്നിരുന്ന ധൈര്യവും, അതിലുപരി ജാനകിയമ്മ ആ ഗുരുവായൂർ പയ്യനോട് കാട്ടിയ സ്നേഹവും മറക്കാൻ കഴിയില്ല . അമ്മക്ക് പിറന്നാൾ ആശംസകൾ..

Content Highlights : S Janaki Birthday Vinod Guruvayoor Facebook Post