എസ്. ജാനകി | ഫോട്ടോ : കെ. കെ. സന്തോഷ് / മാതൃഭൂമി
48,000 ല്‍ പരം ഗാനങ്ങള്‍, മികച്ച ഗായികയ്ക്കുള്ള നൂറ് കണക്കിന് പുരസ്കാരങ്ങള്‍, ഇന്ത്യയിലെ മികച്ച സംഗീതസംവിധായകര്‍ക്ക് വേണ്ടിയുള്ള ആലാപനം, അസാമാന്യസ്വരമാധുരി, സംഗീതജ്ഞാനം...പ്രിയഗായികയെ കുറിച്ച് വര്‍ണിക്കാന്‍ വാക്കുകള്‍ അപര്യാപ്തം. ജാനകിയമ്മ എന്ന ഇസൈക്കുയിലിന് ഇന്ന് 84-ാം പിറന്നാള്‍. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട പുണ്യജന്മം. സിനിമ, മ്യൂസിക് ആല്‍ബം, ടെലിവിഷന്‍, റേഡിയോ തുടങ്ങി വിവിധ മാധ്യമങ്ങള്‍ക്കായി 17 ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ച എസ്. ജാനകിയ്ക്ക് തെലുഗ്, കന്നട, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യാനാവും. മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം, കര്‍ണാടക സര്‍ക്കാരിന്റെ രാജ്യോത്സവ പുരസ്കാരം എന്നിവയൊക്കെ ജാനകി എന്ന മഹാപ്രതിഭയെ തേടിയെത്തി. 2013 ല്‍ ഇന്ത്യാഗവണ്മെന്റ് പദ്മഭൂഷണ്‍ നല്‍കിയെങ്കിലും ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള സര്‍ക്കാരിന്റെ അവഗണന പരാമര്‍ശിച്ച് ജാനകി അത് നിരസിച്ചിരുന്നു. 1957 ല്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ജാനകി, പിന്നീട് സംഗീതപ്രേമികള്‍ക്കായി സംഭാവന ചെയ്തത് തന്റെ സംഗീതജീവിതത്തിന്റെ ആറ് പതിറ്റാണ്ടാണ്. 10 കല്പനകള് എന്ന മലയാളസിനിമയിലെ അമ്മ പൂവിന് എന്ന ഗാനമാലപിച്ച് ജാനകി 2017 ല്‍ പിന്നണിഗാനാലാപനരംഗത്ത് നിന്ന് വിരമിച്ചു.
ആയിരക്കണക്കിന് ഗാനങ്ങളില്‍ നിന്ന് ജാനകിയമ്മയുടെ മികച്ച ഗാനങ്ങള്‍ പെറുക്കിയെടുക്കുന്നത് പ്രയാസകരമാണ്. എങ്കിലും ചില നിമിഷങ്ങളില്‍ നമ്മളറിയാതെ മൂളിപ്പോകുന്ന ജാനകിയെന്ന വിസ്മയഗായിക ആലപിച്ച കുറേയേറെ ഗാനങ്ങളുണ്ട്. അവയില്‍ ചിലത് ഒരാവര്‍ത്തി കൂടി കേള്‍ക്കാം, പ്രിയഗായികയ്ക്ക് പിറന്നാളാശംസകള്‍ നേരാം.
ചിന്ന ചിന്ന വണ്ണക്കുയില്‍...(ചിത്രം : മൗനരാഗം)
1986 ല്‍ പുറത്തിറങ്ങിയ മണിരത്നം സിനിമയിലെ എവര്‍ഹിറ്റ് സോങ്. ഒരിക്കലെങ്കിലും ജാനകിയുടെ മധുരസ്വരത്തിനൊപ്പം ഗാനം മൂളിനോക്കാത്തവര് ചുരുക്കം. ഗൗരിമനോഹരി രാഗത്തില്‍ ഗാനം ചിട്ടപ്പെടുത്തിയത് ഇളയരാജയാണ്. സിനിമയില്‍ ഓഹോ മേഘം വന്തതോ എന്ന മറ്റൊരു ഹിറ്റ് ഗാനം കൂടി ജാനകിയുടേതായുണ്ട്. വാലിയാണ് ഗാനങ്ങള്‍ രചിച്ചത്.
ആടി വാ കാറ്റേ പാടി വാ കാറ്റേ...(ചിത്രം : കൂടെവിടെ)
ജോണ്സണ് ഈണമിട്ട ഗാനം. പ്രിയസംവിധായകന് പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലെ മലയാളികള്‍ മറക്കാത്ത ഗാനം. സിനിമയിലെ രണ്ട് ഗാനങ്ങളും ജാനകിയാണ് ആലപിച്ചിരിക്കുന്നത്. ആലാപനചാരുത കൊണ്ട് സംഗീതപ്രേമികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചവയാണ് രണ്ട് ഗാനങ്ങളും. പൊന്നുരുകും പൂക്കാലം എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ഒ.എന്‍.വി. കുറുപ്പാണ് ഗാനരചയിതാവ്.
ഊര് സനം തൂങ്കിരിച്ച് ഊതക്കാറ്റും അടിച്ചിരിച്ച്...( ചിത്രം : മെല്ലെ തിറന്ത കതവ്)
എം.എസ് വിശ്വനാഥന് ഈണമിട്ട് ഇളയരാജ മ്യൂസിക് അറേഞ്ച്മെന്റും ഓര്‍ക്കസ്ട്രേഷനും നിര്‍വഹിച്ച ഗാനമെഴുതിയത് ഗംഗൈഅമരനാണ്. സിനിമയിലെ മറ്റു ഗാനങ്ങളും ഹിറ്റായിരുന്നു. മോഹന്‍, രാധ, അമല തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ 1986 ലാണ് പുറത്തിറങ്ങിയത്.
ശിവ ശിവ എന്നദ നാളിഗെ...( ചിത്രം : ഹേമവതി)
1977 ല്‍ പുറത്തിറങ്ങിയ ഹേമവതി എന്ന കന്നട ചിത്രത്തിലെ ശിവ ശിവ എന്ന ഗാനമാണ് ആലപിക്കാന്‍ ഏറ്റവും പ്രയാസപ്പെട്ടതെന്ന് ജാനകി ഒരിക്കല്‍ പറഞ്ഞിരുന്നു. എല്‍. വൈദ്യനാഥനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. ചി. ഉദയശങ്കറാണ് ഗാനങ്ങള്‍ രചിച്ചത്. ചിത്രത്തിലെ ഒരു ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്.
സംഗത്തില്‍ പാടാത്ത കവിതകള്‍...( ചിത്രം : ഓട്ടോ രാജ )
1982 ല്‍ പുറത്തിറങ്ങിയ ഓട്ടോ രാജ എന്ന തമിഴ് ചിത്രത്തില്‍ ഇളയരാജയ്ക്കൊപ്പം ജാനകി ആലപിച്ച ഗാനം. മലയാളഗാനം തുമ്പീ വാ തുമ്പിക്കുടത്തില് എന്ന ഗാനത്തിന്റെ ഈണത്തില്‍ പുറത്തിറങ്ങിയ ഗാനം മാത്രമാണ് ഇളയരാജയുടേതായി ഓട്ടോ രാജ എന്ന ചിത്രത്തിലുള്ളത്. പുലവര്‍ പുലമൈപിത്തനാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഈ ഗാനത്തിന് ഇളയരാജ നല്‍കിയിരിക്കുന്ന ട്രീറ്റ്മെന്റ് തുമ്പീ വായില്‍ നിന്ന് വ്യത്യാസമാണ്. ജാനകിയുടെ മികച്ച ആലാപനങ്ങളില്‍ ഒന്ന്.
ഒരു മഹാസാഗരത്തില്‍നിന്ന് നാലോ അഞ്ചോ തുള്ളികള്‍ മാത്രം കൈക്കുമ്പിളില്‍ കോരിയെടുക്കുന്നതു പോലെയാണ് ഈ ഗാനങ്ങള്‍. ഇനിയുമത്രെയോ ഗാനങ്ങള്‍ ജാനകിയുടെ കുയില്‍ നാദത്തില്‍ നാം കേട്ടിരിക്കുന്നു, കേട്ടു കൊണ്ടേയിരിക്കും. അവസാനിക്കാത്ത സംഗീതം പോലെ ജാനകിയെന്ന ആലാപനവിസ്മയസ്വരം കാലാന്തരത്തോളം നമ്മെ തഴുകിക്കൊണ്ടേയിരിക്കും.
(തയ്യാറാക്കിയത് : സ്വീറ്റി കാവ്)
Content Highlights: Remembering some of her songs 84th birthday of singer S. Janaki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..