ബാഹുബലി സംവിധായകൻ രാജമൗലിയുടെ പുതിയ ചിത്രം ആർആർആറിന്റെ അണിയറയിൽ നിന്നും കോവിഡ് ബോധവത്കരണ വീഡിയോ പുറത്തിറക്കി.

നായിക ആലിയ ഭട്ട്, സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ എന്നിവർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാൻ തയാറെടുക്കണം എന്ന സന്ദേശം നൽകുകയാണ്. വിവിധ ഭാഷകളിലുള്ള സന്ദേശ വീഡിയോയിൽ രാജമൗലി മലയാളത്തിലാണ് സന്ദേശം നൽകുന്നത്.

ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഡിവിവി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. 'രുധിരം രണം രൗദ്രം' എന്നാണ് ചിത്രത്തിന്റെ പൂർണ രൂപം. 

300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. രാം ചരൺ ചിത്രത്തിൽ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോൾ ജൂനിയർ എൻടിആറാണ് കോമരം ഭീം ആവുന്നത്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഒലിവിയ മോറിസ്, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമാവുന്നു. എം.‌എം. കീരവാനിയാണ് സം​ഗീതം. കെ.‌കെ. സെന്തിൽ കുമാറാണ് സംഘട്ടനം. ഒക്ടോബർ 13 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. പി ആർ ഒ  - ആതിര ദിൽജിത്ത്

content highlights : RRR team covid awareness message Rajamouli Alia Bhatt Ram Charan Junior NTR Ajay Devgn