രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ പുതിയ ​ഗാനം തരം​ഗമാവുന്നു. രാംചരണിന്റെയും ജൂനിയര്‍ എൻ.ടി.ആറിന്റെയും തീപ്പൊരി നൃത്തച്ചുവടുകളുമായെത്തുന്ന ഫാസ്റ്റ് നമ്പറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. 

മര​ഗതമണിയുടെ സം​ഗീതത്തിൽ മാങ്കൊമ്പ് ​ഗോപാലകൃഷ്ണനാണ് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത്. കരിന്തോല് സംഘമാകെ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറും യാസിൻ നിസാറും ചേർന്നാണ്. 

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്.

 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. 2022 ജനുവരി 7ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

content highlights : RRR movie song Rajamouli Ram Charan Junior NTR Alia Bhatt Ajay Devgn