രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകരാക്കി രാജമൗലി ഒരുക്കുന്ന ആർ.ആർ.ആർ എന്ന ചിത്രത്തിലെ സൗഹൃദഗാനം പുറത്തുവിട്ടു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെയും ഗാനം പുറത്തിറങ്ങി.

സംഗീത സംവിധായകൻ കീരവാണിയുടെ നേതൃത്വത്തിൽ ഗായകരും ചിത്രത്തിലെ നായകരായ രാംചരണും ജൂനിയർ എൻ.ടി.ആറും ഗാനരംഗത്ത് എത്തുന്നുണ്ട്. മലയാളത്തിൽ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് എം.എം കീരവാണി സംഗീതം പകർന്ന ഗാനം തമിഴിൽ അനിരുദ്ധാണ് ആലപിച്ചിരിക്കുന്നത്.

ഗായകനെയും സംഗീത സംവിധായകനെയുമൊക്കെ ഉൾപ്പെടുത്തി പ്രത്യേകമായി ചിത്രീകരണം നടത്തിയാണ് മ്യൂസിക് വീഡിയോ പുറത്തെത്തുന്നതെന്നും സിനിമാമേഖലയിൽ ഇത് പുതുമയാണെന്നും നേരത്തെ വിജയ് യേശുദാസ് പറഞ്ഞിരുന്നു.

സൗഹൃദ ദിനമായ ആഗസ്റ്റ് 1 നാണ് ഗാനം പുറത്തുവിട്ടത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാർഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

രാം ചരണും ജൂനിയർ എൻ.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയർ എൻ.ടി.ആർ. കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.'

ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ. ആതിര ദിൽജിത്ത്

content highlights : RRR movie song keeravani vijay yesudas rajamouli ram charan junior NTR