മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ്കുട്ടിയുടെ വിയോഗത്തോടെ കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാനവും സുദീര്‍ഘവുമായ കാലമാണ് വിടപറയുന്നത്. വെറുമൊരു മാപ്പിളപ്പാട്ട് ഗായകനായി മാത്രം വി.എം. കുട്ടി എന്ന കലാകാരനെ നമുക്ക് ഒതുക്കി നിര്‍ത്താനാവില്ല. പഴയതും പുതിയതുമായ തലമുറകള്‍ക്ക് ഒരു പോലെ സുപരിചിതനായ വി.എം. കുട്ടിയ്ക്ക് മാപ്പിളപ്പാട്ട് ശാഖയെ കുറിച്ചും ചരിത്രത്തെ കുറിച്ചും അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ആ വിഷയത്തെ  അടിസ്ഥാനമാക്കി അദ്ദേഹം പുസ്തകങ്ങള്‍ രചിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ഒരു പ്രത്യേക സമൂഹവിഭാഗത്തിനിടയില്‍ രൂപം കൊണ്ട മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം നേടിയെടുത്ത ഇടത്തില്‍ പകരക്കാരനായി മറ്റൊരാളെ പ്രതിഷ്ഠാക്കാനാവില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. 

1954 ല്‍ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്. കുട്ടിക്കാലത്ത് മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടുമുറ്റത്ത് സായാഹ്നങ്ങളില്‍ ഒത്തു കൂടിയിരുന്ന് ചുറ്റുവട്ടത്തുള്ളവര്‍ ആലപിച്ചിരുന്ന സബീനപ്പാട്ടുകളും നാടന്‍പാട്ടുകളും കേട്ടുപഠിച്ച് ഏറ്റുപാടിയിരുന്ന വി.എം. കുട്ടിയുടെ ഗുരു ബന്ധുവായ ഫാത്തിമകുട്ടി പാണ്ടികശാലയാണ്. മാപ്പിളപ്പാട്ട് ഗായകനെന്ന നിലയില്‍ പ്രശസ്തനായ വി.എം. കുട്ടി  1957-ല്‍ ഒരു ഗായകസംഘം തുടങ്ങി. മാപ്പിളപ്പാട്ടിന് വേണ്ടി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഗാനമേള ട്രൂപ്പായിരുന്നു അത്. ഇന്ത്യയിലുടനീളം മാത്രമല്ല വിദേശരാജ്യങ്ങളിലും വി.എം. കുട്ടിയുടെ നേതൃത്വത്തില്‍ സംഘം മാപ്പിളപ്പാട്ട് ഗാനമേളകള്‍ അവതരിപ്പിച്ചു. 

ഭാവപൂര്‍ണമായ ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ടുകളെ കൂടുതല്‍ ജനകീയമാക്കിയത് വി.എം. കുട്ടിയാണ്. സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം മാപ്പിളപ്പാട്ടുകളോടുള്ള അഭിനിവേശം കൊണ്ടു മാത്രം മുഴുവന്‍ സമയ ഗായകനായി മാറുകയായിരുന്നു. മാപ്പിളപ്പാട്ടുകള്‍ അറബി മലയാളത്തിലായിരുന്നു രചിക്കപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ അവ കേരളത്തിലെ മുസ്ലിംസമുദായത്തില്‍ മാത്രമാണ് പ്രചാരത്തിലുണ്ടായിരുന്നത്. നേരംപോക്കിന് വേണ്ടിയോ വിവാഹപ്പന്തലുകളിലോ ആലപിച്ച് കേട്ടിരുന്ന മാപ്പിളപ്പാട്ടുകളെ സാമുദായിക കെട്ടുപാടുകളില്‍ നിന്നും അറബിമലയാളത്തില്‍ നിന്നും മോചിപ്പിച്ച് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കാന്‍ വി.എം. കുട്ടി നടത്തിയ ശ്രമവും സംഭാവനയും വിലപ്പെട്ടതാണ്. കുട്ടികള്‍ക്ക് പാടാനായി അദ്ദേഹം ഗാനങ്ങള്‍ രചിച്ച് ഈണമിട്ടു നല്‍കി. അദ്ദേഹം രൂപം നല്‍കിയ കുട്ടികളുടെ മാപ്പിളപ്പാട്ട് സംഘം ആകാശവാണിയില്‍ കുട്ടികളുടെ പരിപാടികളില്‍ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചു. ആകാശവാണിയില്‍ അദ്ദേഹം സ്ഥിരം ഗായകനായി മാറി. 

1964-ലാണ് വി.എം. കുട്ടിയുടെ ആദ്യത്തെ ഗ്രാമഫോണ്‍ റെക്കോഡ് പുറത്തിറങ്ങിയത്. അതിന് ശേഷം നൂറ് കണക്കിന് മാപ്പിളപ്പാട്ടുകള്‍ അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തിട്ടുണ്ട്. 1970 ല്‍ കേരളത്തിലെ മറ്റൊരു പ്രമുഖ മാപ്പിളപ്പാട്ട് കലാകാരിയായ വിളയില്‍ ഫസീല വി.എം. കുട്ടിയുടെ ട്രൂപ്പില്‍ എത്തിയതോടെ സംഘത്തിന്റെ പ്രശസ്തിയേറി. മലപ്പുറം ജില്ലയില്‍ മാത്രം ഒതുങ്ങിയിരുന്ന സംഘത്തിന്റെ പരിപാടികള്‍ കേരളത്തികത്തും പുറത്തേക്കും നീങ്ങി. ആദ്യകാലത്ത് തബലയും ഹാര്‍മോണിയവും മാത്രമായിരുന്നു സംഗീതോപകരണങ്ങളായി ഉപയോഗിച്ചിരുന്നത്. 1975 മുതല്‍ 1978 വരെ എം.എസ്. ബാബുരാജ് വി.എം. കുട്ടിയുടെ ട്രൂപ്പിന് വേണ്ടി സ്ഥിരമായി ഹാര്‍മോണിയം വായിച്ചിരുന്നു. ഗായകന്‍ ഉദയഭാനു അദ്ദേഹത്തിന്റെ സംഘത്തിലെ സ്ഥിരം ഗായകനായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളില്‍ അദ്ദേഹം മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചു. 

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആയും കേരള സംഗീത നാടക അക്കാദമി അംഗമായും വി.എം.കുട്ടി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം എന്നിവയില്‍ അദ്ദേഹം അംഗമായിരുന്നു. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാണ് വി.എം. കുട്ടി. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ഈ അതുല്യപ്രതിഭയ്ക്ക് ഡിലിറ്റ് ബഹുമതി നല്‍കി ആദരിച്ചിരുന്നു. മലയാള സിനിമാ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാജനങ്ങളേ, സമ്മേളനം, 1921, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പിന്നണിഗായകനായി. 1921 എന്ന ചിത്രത്തില്‍ മൊയ്തീന്‍ കുട്ടി വൈദ്യരുടെ ഒരു മാപ്പിളപ്പാട്ടിന് വി.എം. കുട്ടി സംഗീതം നല്‍കി. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം  ഒരു ഗാനം എഴുതുകയും ആലപിക്കുകയും ചെയ്തു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു, മൂന്ന് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരവും ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

1935 ല്‍ കൊണ്ടോട്ടിയ്ക്ക് സമീപം പുളിക്കലായിരുന്നു അദ്ദേഹം ജനിച്ചത്. ഉണ്ണീന്‍ മുസ്ല്യാരും ഇത്താച്ചുക്കുട്ടിയുമാണ് മാതാപിതാക്കള്‍. എല്‍.പി. സ്‌കൂള്‍ വിദ്യാഭ്യാസം പുളിക്കല്‍ സ്‌കൂളിലും ആറാം ക്ലാസ് മുതല്‍ എട്ട് വരെ കൊണ്ടോട്ടി യു.പി സ്‌കൂളിലും പിന്നീട് ഫറോക്ക് ഹൈസ്‌കൂളിലുമായാണ് അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ സമയത്താണ് ആദ്യമായി അദ്ദേഹം ഒരു വേദിയില്‍ പാടി തുടങ്ങുന്നത്. 1957 ല്‍ അധ്യാപനജീവിതം ആരംഭിച്ച വി.എം. കുട്ടി 1985 ല്‍ അതില്‍ നിന്ന് വിരമിച്ചു. സുല്‍ഫത്തും പരേതയായ ആമിനക്കുട്ടിയുമാണ് ഭാര്യമാര്‍. അഷ്‌റഫ്, മുബാറക്, സല്‍മാന്‍, റഹ്‌മത്തുള്ള, ബര്‍കത്തുള്ള, ബുഷ്‌റ, ഷഹര്‍ബാന്‍, കുഞ്ഞുമോള്‍ എന്നിവര്‍ മക്കളാണ്. 

 

 

Content Highlights: Remembering V.M. Kutty mappilappattu artist