"എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മഴ. നിങ്ങളെന്റെ പാട്ടുകള്‍ ശ്രദ്ധിച്ചാലറിയാം. ആദ്യമതൊരു ചാറ്റല്‍ മഴയായിരിക്കും, പിന്നെ പെരുകും, പിന്നെയതൊരു പേമാരിയായി മാറും".ഒരു ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ മലയാളികളുടെ പ്രിയസംഗീതസംവിധായകന്‍ രവീന്ദ്രന്‍ പറയുകയുണ്ടായി. ചാറിപ്പെയ്ത് പതിയെ വര്‍ധിച്ച് ഒരു പേമാരിയായി പെയ്തിറങ്ങുന്ന രവീന്ദ്രസംഗീതം. അദ്ദേഹം പറഞ്ഞതിനോട് യോജിക്കാത്ത ഒരു സംഗീതപ്രേമിയും ഉണ്ടാകില്ല. തന്റെ അറുപത്തിയൊന്നാമത്തെ വയസ്സില്‍ വിടപറഞ്ഞുപോയ രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്റെ ഗാനങ്ങള്‍ കേള്‍ക്കാത്ത ഒരു മലയാളിദിവസം പോലുമുണ്ടാകില്ല. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന് 78-ാം പിറന്നാള്‍.

പിന്നണിഗായകനായാണ് രവീന്ദ്രന്‍ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. പി. ഭാസ്‌കരന്‍ രചിച്ച് എം.എസ്. ബാബുരാജ് ഈണമിട്ട പാര്‍വണ രജനിതന്‍ എന്നാരംഭിക്കുന്ന ഗാനം എസ്. ജാനകിയ്‌ക്കൊപ്പമാണ് അദ്ദേഹം ആലപിച്ചത്. ആലാപന രംഗത്ത് നിന്ന് അദ്ദേഹത്തെ സംഗീതസംവിധാനരംഗത്തേക്ക് വഴി തിരിച്ചു വിട്ടത് സ്വാതി തിരുന്നാള്‍ സംഗീതകോളേജിലെ സഹപാഠിയായിരുന്ന പ്രിയഗായകന്‍ യേശുദാസാണ്. 1979 ല്‍ ചൂള എന്ന സിനിമയില്‍ രവീന്ദ്രന്‍ സംഗീതസംവിധായകനായി. ആദ്യചിത്രത്തിലെ താരകേ മിഴിയിതളില്‍ കണ്ണീരുമായി എന്ന ഗാനം യേശുദാസിന്റെ മാസ്മരികശബ്ദത്തില്‍ ഹിറ്റായി, പിന്നീട് രവീന്ദ്രന്‍ എന്ന സംഗീതപ്രതിഭ ഈണമിട്ടത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ്. കര്‍ണാടക രാഗങ്ങള്‍ക്കൊപ്പം ഹിന്ദുസ്ഥാനി രാഗങ്ങളും രവീന്ദ്രന്‍ ഉപയോഗിച്ചിട്ടുണ്ട്. 1981-ല്‍ റിലീസായ തേനും വയമ്പും എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇരിപ്പിടം നേടിക്കൊടുത്തു. 

തേനും വയമ്പും, സുഖമോ ദേവി, യുവജനോത്സവം, അമരം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ആറാം തമ്പുരാന്‍, കമലദളം, കിഴക്കുണരും പക്ഷി, നന്ദനം...രവീന്ദ്രസംഗീതമൊഴുകിയ സിനിമകള്‍ അനവധി. ഓരോ ഗാനവും ശ്രോതാവിന് പകര്‍ന്നു നല്‍കിയത് വ്യത്യസ്താനുഭവങ്ങള്‍. മലയാളത്തിന് പുറമേ എട്ടോളം തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വഹിച്ചു. പത്തിലധികം ഗാനങ്ങള്‍ അദ്ദേഹം പിന്നണി പാടി. ചലച്ചിത്രേതിരഗാനങ്ങള്‍ക്കും രവീന്ദ്രന്‍ ഈണമിട്ടിട്ടുണ്ട്. തരംഗിണി മ്യൂസിക്കിന് വേണ്ടി ഉത്സവഗാനങ്ങള്‍, വസന്തഗീതങ്ങള്‍ തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു, മലയാളികള്‍ ഹൃദയം കൊണ്ട് ആസ്വദിച്ചു. 

രവീന്ദ്രസംഗീതത്തില്‍ ഭൂരിഭാഗം ഗാനങ്ങളും പാടിയത് യേശുദാസാണ്. ആദ്യചിത്രമായ ചൂള മുതല്‍ അവസാനചിത്രമായ വടക്കുംനാഥന്‍ വരെ ആ സംഗീതസൗഹൃദം തുടര്‍ന്നു. യേശുദാസിന്റെ ആലാപനമികവിനെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ സംഗീതസംവിധായകരില്‍ പ്രമുഖനാണ് രവീന്ദ്രന്‍. പ്രമദവനം, ഹരിമുരളീരവം, രാമകഥാഗാനലയം, സുഖമോ ദേവി, സുമുഹൂര്‍ത്തമായ്, പൊയ്കയില്‍ കുളിര്‍പൊയ്കയില്‍, എന്തിനു വേറൊരു സൂര്യോദയം, ആകാശത്താമര പോലെ, ആഷാഢം പാടുമ്പോള്‍, ആദ്യവസന്തമേ...രവീന്ദ്രന്‍-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ഗാനങ്ങള്‍ ഏറെ. പി, ജയചന്ദ്രന്‍. കെ.എസ്. ചിത്ര, എം.ജി, ശ്രീകുമാര്‍, സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍, ജ്യോത്സ്‌ന, ബിജുനാരായണന്‍...നിരവധി ഗായകര്‍ രവീന്ദ്രസംഗീതഗാനങ്ങള്‍ ആലപിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ നാദരൂപിണി എന്ന ഗാനത്തിനാണ് എം.ജി. ശ്രീകുമാറിന് ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. 

1992-ല്‍ ഭരതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം രവീന്ദ്രന് ലഭിച്ചു. 1991 ലും 2002 ലും സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടി. കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പുരസ്‌കാരങ്ങള്‍ക്കപ്പുറം മലയാളി ശ്രോതാക്കളുടെ മനസ്സില്‍ നേടിയ സ്ഥിരപ്രതിഷ്ഠയാണ് രവീന്ദ്രന്‍ എന്ന സംഗീതജ്ഞന്റെ പ്രതിഭയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഏഴുസ്വരങ്ങളും തഴുകി വന്ന സംഗീതമികവ് തേനും വയമ്പുമായി എന്നും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കും. സംഗീതമുള്ളിടത്തോളം കാലം രവീന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും നിലനില്‍ക്കുമെന്നതാണ് യാഥാര്‍ഥ്യം.

തയ്യാറാക്കിയത് : സ്വീറ്റി കാവ്

Content Highlights: Remembering music director Raveendran