Photo : ANI
കെകെയുടെ അപ്രതീക്ഷിതവിയോഗം ഉള്‍ക്കൊള്ളാന്‍ സംഗീതപ്രണയികള്ക്കും ആരാധകര്‍ക്കും ഇനിയും നേരം വേണ്ടിവന്നേക്കാം. ഗായകനെ തിരയാതെ തങ്ങളുടെ പ്രിയഗാനങ്ങളുടെ പട്ടികയിലേക്ക് കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് പാടിയ ഗാനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചും കേള്‍ക്കുമ്പോള്‍ ഏറ്റുപാടിയും ഏകാന്തനേരങ്ങളില്‍ മാസ്കരികവും സൗമ്യവുമായ ആലാപനം ആവര്ത്തിച്ചുകേട്ടും ഗാനങ്ങളുമായി താദാത്മ്യം പ്രാപിച്ച അനുഭവനിമിഷങ്ങളും പലര്‍ക്കുമുണ്ടെങ്കിലും കെകെയായിരുന്നു ആ ഗാനങ്ങളുടെ പിന്ശബ്ദമെന്ന് പലരും തിരിച്ചറിഞ്ഞത് ചിലപ്പോള്‍ മരണവാര്‍ത്തയ്ക്ക് പിന്നാലെയാകും. കെകെയുടെ ശബ്ദത്തില്‍ മയങ്ങി തങ്ങളുടെ വേദനയും വേവലാതികളും മറന്ന നിമിഷങ്ങളും പലര്‍ക്കും പറയാനുണ്ടാകും.
ഗായകന്റെ മുഖമല്ല സ്വരമാണ് ശ്രോതാക്കള്‍ തിരിച്ചറിയേണ്ടതെന്ന് കെകെ എപ്പോഴും പറഞ്ഞു. ശരിയാണ്, ഒരു ഗായകന്റെ ശബ്ദമാണ് അംഗീകരിക്കപ്പെടേണ്ടതും സ്വീകരിക്കപ്പെടേണ്ടതും. അക്കാര്യത്തില്‍ കെകെ ഭാഗ്യവാനായിരുന്നു. കാരണം ഇന്ത്യയിലെ വിവിധഭാഷാചിത്രങ്ങളിലായി പ്രമുഖസംഗീതസംവിധായകര് കെകെയുടെ സ്വരം തങ്ങളുടെ ഈണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. കെകെ ശാസ്ത്രീയമായി സംഗീതമഭ്യസിച്ചിട്ടില്ല എന്നത് ശ്രദ്ധേയം.
1996 ല്‍ എ.ആര്. റഹ്മാന്റെ സംഗീതസംവിധാനത്തിലൂടെയാണ് കെകെ സിനിമാരംഗത്തേക്കെത്തുന്നത്. കതിര് സംവിധാനം ചെയ്ത 'കാതല്‍ ദേശം' എന്ന തമിഴ്സിനിമയുടെ തെലുഗ്, ഹിന്ദി റീമെയ്ക്കുകളായ 'പ്രേമ ദേശം', 'ദുനിയാ ദില്വാലോം കി' എന്നിവയില്‍ രണ്ട് ഗാനങ്ങള്‍ വീതം ആലപിച്ചായിരുന്നു കെകെയുടെ സിനിമാഎന്ട്രി. അതേ കൊല്ലം തന്നെ വിശാല്‍ ഭരദ്വാജിന്റെ ഈണത്തില്‍ 'മാച്ചിസ്' എന്ന ഹിന്ദി ചിത്രത്തിലെ ഛോഡ് ആയേ ഹം വോ ദുനിയ എന്ന ഗാനത്തിന്റെ ഭാഗമാവാനും കെകെയ്ക്ക് കഴിഞ്ഞു.
തൊട്ടടുത്ത വര്‍ഷവും എആറും വിശാല്‍ ഭരദ്വാജും കെകെയ്ക്ക് അവസരം നല്കി. 1999 ല്‍ റിലീസായ 'ഹം ദില്‍ ദേ ചുകെ സനം' എന്ന സിനിമയാണ് കെകെ എന്ന ഗായകമെ ബോളിവുഡ് ആരാധകര്‍ക്ക് പരിചിതനാക്കിയത്. സിനിമയിലെ തഡപ് തഡപ് എന്ന ഗാനം വിരഹത്തിന്റെ തീവ്രവികാരതലങ്ങളിലേക്കാണ് ശ്രോതാക്കളെ നയിച്ചത്. ഒപ്പം കെകെ എന്ന ഗായകന് ബോളിവുഡ് സംഗീതലോകത്ത് സ്വന്തം പേര് കൂടി ചേര്‍ത്തുവെച്ചു, ഒരിക്കലും മായിക്കാനാവാത്ത വിധം.
പ്രണയത്തിന്റേയും വിരഹത്തിന്റേയും ബോളിവുഡ് സ്വരമായി മാറാന്‍ കെകെയ്ക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. കൊമേഴ്സില്‍ ബിരുദം നേടി മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവായി പ്രവര്‍ത്തിച്ചിരുന്ന കെകെ കരിയര്‍ ഉപേക്ഷിച്ചത് വെറുതെയായില്ല. കെകെയെ കാത്തിരുന്നത് നൂറുകണക്കിന് ഗാനങ്ങളും ആയിരക്കണക്കിന് വേദികളും അസംഖ്യം ആരാധകരുമായിരുന്നു.
ഇസ്മയില്‍ ദര്‍ബാര്‍, ലെസ് ലി ലൂയിസ്, ഇളയരാജ, ജതിന്-ലളിത്, അനു മാലിക്, ഉത്തം സിങ്, ശങ്കര്‍-എഹ്സാന്‍-ലോയ്, ആനന്ദ്-മിലിന്ദ്, ഹാരിസ് ജയരാജ്, ജീത്ത്-പ്രീതം, നദീം-ശ്രാവണ്‍, വിജു ഷാ, സാജിദ്-വാജിദ്, എം.എം.ക്രീം, ഹിമേഷ് രേഷമിയ...ഒരുപാട് സംഗീതപ്രതിഭകള്‍ക്ക് വേണ്ടി കെകെ പാടി. എത്ര പാടിയിട്ടും കെകെയ്ക്ക് മതിയായിരുന്നില്ല, കേട്ട് ആരാധകര്‍ക്കും.
അറിഞ്ഞോ അറിയാതെയോ ബോളിവുഡ് ഹീറോ ഇമ്രാന് ഹാഷ്മിയുടെ സ്വരമായി മാറുകയായിരുന്നു കെകെ പിന്നീട്. ഇമ്രാന് ഹാഷ്മിയുടെ ആരാധകര്‍ കെകെയുടേയും ആരാധകരായി, അഥവാ കെകെയുടെ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഇമ്രാന് ഹാഷ്മിയേയും സ്നേഹിച്ചു. ഇമ്രാന് ഹാഷ്മി-കെകെ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളായി. കെകെ പാടിയ ഗാനങ്ങളില്‍ അഭിനയിക്കുന്നത് ഏറെ സന്തോഷം പകരുന്നവയായിരുന്നുവെന്ന് ഇമ്രാന് ഹാഷ്മി ട്വിറ്ററില്‍ കുറിച്ചു.
തൂ ഹി മേരി ശബും (ഗ്യാങ്സ്റ്റര്‍) ദില്‍ ഇബാദത്തും (തും മിലേ) സരാ സി ദില്‍ മേം (ജന്നത്ത്) ബീത്തേ ലംഹേയും ( ദ ട്രെയിന്‍) തുജെ സോച്താ ഹൂം (ജന്നത്ത് 2) ...അങ്ങനെ എത്രയോ ഗാനങ്ങള്‍. അവാര്‍ഡുകള്‍ വാരിക്കൂട്ടിയില്ലെങ്കിലും മികച്ച ഗായകനെന്ന അംഗീകാരവും എണ്ണമറ്റ ആരാധകരേയും കെകെ നേടി.
ഹിന്ദി കൂടാതെ തെലുഗ്, കന്നട, മലയാളം, മറാത്തി, ഒഡിയ, ബംഗാളി, അസാമീസ്, ഗുജറാത്തി ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ കെകെയുടെ ക്രെഡിറ്റിലുണ്ട്. എആര്‍ റഹ്മാനും വിദ്യാസാഗറും പാരിസ് ജയരാജും യുവന് ശങ്കര്‍ രാജയും ഡി. ഇമ്മനും തമിഴില്‍ കെകെയ്ക്ക് അവസരം നല്കി. തന്നെ തേടിയെത്തിയ സംഗീതപ്രതിഭകളെ കെകെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. ഉയിരിന് ഉയിരേയും അപ്പടി പോടും, നിനൈത്ത് നിനൈത്ത് പാര്ത്തേനും കാതല്‍ വളര്ത്തേനും വന്‍ ഹിറ്റുകളായി. തമിഴില്‍ അവസാനം പാടിയ കൊഞ്ചി കൊഞ്ചി എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത് മേയ് 30 നാണ്.
നീ കോസമേ, ലൈഫ് ഇസ് ബ്യൂട്ടിഫുള്‍, ഫീല്‍ മൈ ലവ്, ഗുര്തുകോസ്തുന്നായി...കെകെയുടെ തെലുഗ് ഹിറ്റുകള്‍. ബംഗാളിയും കന്നടയും മറാത്തിയും ഗുജറാത്തിയും മലയാളവും ഒരേ സ്വരത്തില്‍ സ്ഫുടതയോടെ കെകെ പാടി. ഒരു പക്ഷെ എല്ലാ ഗായകര്‍ക്കും ആ പെര്ഫെക്ഷന് കിട്ടണമെന്നില്ല. അതായിരിക്കണം കെകയെ സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.
ആരോ പറഞ്ഞ പോലെ കലാകാരന് ഒരിക്കലും മരണത്തെ പുല്‍കുന്നില്ല, കാരണം തന്റെ കലയിലൂടെ അയാള്‍ അമരനായി തുടരും. കെകെയുടെ സ്വരം മായാതെയും മറയാതെയും സംഗീതാസ്വാദകരെ ആനന്ദിപ്പിക്കുകയും ആശ്വാസിപ്പിക്കുകയും ചിലപ്പോള്‍ വേദനയില്‍ കൂട്ടാകുകയും ചെയ്യും. ഏറ്റവും മികച്ച ഗായകരിലൊരാളായി കെകെ എന്ന പ്രതിഭ ഓര്‍മിക്കപ്പെടും.
ഏറെ നേരത്തെയാണ് നിങ്ങള്‍ യാത്രയായതെന്ന കാര്യം വിഷമിപ്പിക്കുന്നുണ്ടെങ്കിലും പ്രിയപ്പെട്ട കെകെ, നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...!
തയ്യാറാക്കിയത് : സ്വീറ്റി കാവ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..