
കല്യാണി മേനോൻ
ചിലരെ, ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിയില്ല. അഥവാ തിരിച്ചറിഞ്ഞാലും അറിഞ്ഞതായേ നടിക്കില്ല. വ്യക്തികളെ കൂടുതൽ അറിയുന്നതും അറിയാൻ ശ്രമിക്കുന്നതും അവരുടെ മരണശേഷമായിരിക്കും. ജീവിച്ചിരുന്നപ്പോൾ നൽകിയതിനെക്കാൾ വലിയ ആദരവാകും നൽകുക. എന്നാൽ, ഒരാൾ മരിച്ചശേഷം പുകഴ്ത്തിപ്പറഞ്ഞതുകൊണ്ടെന്ത് കാര്യം. ജീവിച്ചിരിക്കുമ്പോഴല്ലേ അവരെ മനസ്സിലാക്കേണ്ടതും സ്നേഹിക്കേണ്ടതും.
പ്രമുഖ പിന്നണിഗായിക കല്യാണി മേനോന്റെ വിയോഗമാണ് ഈയൊരു ചിന്തയിലേക്കു നയിച്ചത്. ജീവിച്ചിരുന്നപ്പോൾ കല്യാണി മേനോന് അർഹിക്കുന്ന ആദരവ് ലഭിച്ചിരുന്നില്ല എന്നാണ് തോന്നുന്നത്. മരിച്ചപ്പോഴും അതുണ്ടായോ എന്നും സംശയമാണ്. ഒരാളെ അംഗീകരിക്കാനും സ്നേഹിക്കാനും എന്തിനാണ് പിശുക്കുകാട്ടുന്നതെന്ന് മനസ്സിലാവുന്നില്ല. ഗായിക എന്ന നിലയിലും വ്യക്തിപരമായും കല്യാണി മേനോനോട് ആദരവുമാത്രമേ തോന്നിയിട്ടുള്ളൂ. വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. ഇടയ്ക്ക് ഫോൺവിളിച്ച് കുറേനേരം സംസാരിക്കും. മഹാലിംഗപുരം അയ്യപ്പൻ ക്ഷേത്രത്തിൽ പലപ്പോഴും കാണാറുണ്ടായിരുന്നു.
എന്നാൽ, കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ കല്യാണി മേനോന്റെ യാതൊരു വിവരവുമുണ്ടായില്ല. പല തിരക്കുകൾക്കിടയിൽ അങ്ങോട്ടുവിളിച്ച് സുഖവിവരം അന്വേഷിക്കാൻ തോന്നിയില്ല. പക്ഷാഘാതം വന്ന കാര്യം അറിഞ്ഞിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലുള്ളതും ആരും പറഞ്ഞില്ല. പക്ഷെ, ഒടുവിൽ മരണവാർത്ത അറിയിക്കാൻ ആളുകളുണ്ടായിരുന്നു. അപ്പോൾ മനസ്സിൽ സങ്കടവും കുറ്റബോധവും നിറഞ്ഞു. കോവിഡ് കാലത്ത് ഒന്നുവിളിക്കാൻപോലും തോന്നാത്തത് അപരാധമാണെന്നു തോന്നി.
ഓഫീസിനടുത്ത് താമസിക്കുന്ന അവരെ പോയി കാണാനെങ്കിലും തോന്നിയില്ലല്ലോ എന്നും ഓർത്തു. ചേതനയറ്റ അവരുടെ മുഖം അവസാനമായി കാണേണ്ടതില്ല എന്നുതന്നെ ഉറപ്പിച്ചു. ആ കാഴ്ചയിൽ ചിലപ്പോൾ മനസ്സിൽ പ്രതിഷ്ഠിച്ച കല്യാണി മേനോന്റെ പ്രസരിപ്പുള്ള മുഖം മാഞ്ഞുപോകും. മരണമടയുന്ന പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുന്നതിൽനിന്നും പലേപ്പാഴും പിൻവലിയുന്നതും അതുകൊണ്ടാണ്. അവസാനകാഴ്ച ഒഴിവാക്കിയതു കൊണ്ടുതന്നെ ഇന്നിപ്പോൾ കല്യാണി മേനോന്റെ തിളക്കമുള്ള മുഖം മനസ്സിലുണ്ട്. ‘മോനേ’ എന്ന വിളി കാതിൽ മുഴങ്ങുന്നുണ്ട്.
സത്യത്തിൽ, ഒരു ഗായിക എന്ന നിലയിൽ കല്യാണി മേനോനെ കേരളം വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. അത് സത്യമാണ്. മരണശേഷം മികച്ച ഗായികയായിരുന്നുവെന്ന് പുകഴ്ത്തുന്നതിൽ അർഥമില്ല. ചിലരുടെ വില ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിയപ്പെടാറില്ലെന്ന് നേരത്തെ സൂചിപ്പിച്ചതും അതുകൊണ്ടാണ്. മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിൽത്തന്നെയാണ് കല്ല്യാണി മോനാൻ അവസാനകാലംവരെ ജീവിച്ചത്. മലയാള സിനിമകളിൽ പാടാൻ അവസരം ലഭിച്ച വേളകളിലൊക്കെ പ്രത്യേക ഉണർവും ഉൻമേഷവുമായിരുന്നു അവർക്ക്.
പാടാനായി അവസരം വരുമ്പോഴും പാടിക്കഴിഞ്ഞാലും അതേക്കുറിച്ചു ഒരുപാടു സംസാരിക്കാനുണ്ടാവും. അവസരം നൽകിയ സംഗീത സംവിധായകരെക്കുറിച്ച് പറയാൻ നൂറു നാവാണ്. ‘ലാപ്ടോപ്പ്’ എന്ന സിനിമയിൽ പാടിയപ്പോൾ സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോനെക്കുറിച്ചാണ് ഏറെനേരം സംസാരിച്ചത്. മലയാളത്തിൽ പുതിയ ‘കുട്ടികൾ’ നല്ല പാട്ടുകൾ ചെയ്യുന്നുണ്ടെന്നും മിടുക്കരായി വളരുമെന്നും തനിക്കു പാട്ടു നൽകാത്ത സംഗീത സംവിധായകരെക്കുറിച്ചുപോലും പറയാറുണ്ട്.
മലയാള സിനിമാസംഗീതത്തിൽ മെലഡികൾ കുറയുന്നതിൽ വിഷമം പ്രകടിപ്പിക്കാറുണ്ട്. ചില അവസരങ്ങളിൽ മക്കളായ രാജീവ് മേനോനെക്കുറിച്ചും കരുൺ മേനോനെക്കുറിച്ചുമായിരിക്കും സംസാരം. ഭർത്താവ് മരിച്ചതിനു ശേഷം അവരെ വളർത്തി വലുതാക്കിയ ഭൂതകാലത്തിലേക്ക് സഞ്ചരിക്കും. മറ്റു ചിലപ്പോൾ ദക്ഷിണാമൂർത്തി സ്വാമികളോടുള്ള സ്നേഹാദരങ്ങളായിരിക്കും സംസാരത്തിൽ നിറയുക. സ്നേഹത്തോടെ പറയാറുള്ള മറ്റൊരു വ്യക്തി സിനിമാനടൻ നരേനാണ്.
കല്യാണി മേനോൻ ഒരാളെപ്പോലും കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ടിട്ടില്ല. വാക്കുകളിൽ പരദൂഷണം കലർന്നിരുന്നില്ല. എപ്പോഴും പോസിറ്റീവ് എനർജിയായിരുന്നു. എങ്കിലും മലയാളസിനിമ അവഗണിക്കുന്നുവെന്ന് പറഞ്ഞ് സങ്കടപ്പെട്ടിരുന്നു. കാലം മാറുമ്പോൾ പുതിയ സംഗീതസംവിധായകരും ഗായകരും പുതിയതരം പാട്ടുകളും കടന്നുവരുമെന്നത് സ്വാഭാവികം. പക്ഷേ, പഴയ തലമുറയിലെ ഗായകരെ പൂർണമായും നിരാകരിച്ചുളള പോക്ക് ശരിയാണെന്നു അഭിപ്രായമില്ല. പഴയ തലമുറയ്ക്ക് പാടാവുന്ന പാട്ടുകൾ അന്നുംഇന്നും എന്നും ഉണ്ടാകും. സിനിമാപാട്ടിലെ നാലു വരി പാടാൻ വേണ്ടി മാത്രം കല്ല്യാണി മേനോനെ കേരളത്തിലെ സ്റ്റുഡിയോകളിലേക്ക് എത്തിച്ചവരുണ്ട്. പക്ഷേ, കല്യാണി മേനോൻ ഇതിൽ പരാതിപ്പെടുകയോ പരിഭവിക്കുകയോ ആരെയും പഴി ചാരുകയോ ചെയ്തിട്ടില്ലെന്നത് അവരുടെ മാന്യത.
ഒരു പക്ഷേ, മലയാളത്തെക്കാൾ കല്യാണി മേനോന്റെ സ്വരമാധുരി പ്രയോജനപ്പെടുത്തിയത് തമിഴിലെ സംഗീത സംവിധായകരാണ്. എം.എസ്. വിശ്വനാഥനും ഇളയരാജയും എ.ആർ. റഹ്മാനുമൊക്കെ അവസരങ്ങൾ നൽകി. മലയാളത്തിലേതുപോലെ തുണ്ടുവരികൾ പാടേണ്ട അവസ്ഥ തമിഴിലും ഉണ്ടായത് ദൗർഭാഗ്യകരമാണെങ്കിലും തേടിയെത്തിയ മുറിഞ്ഞ പാട്ടുകളെയും അവർ സന്തോഷത്തോടെ സ്വീകരിച്ചു. കല്യാണി മേനോന്റെ ശവസംസ്കാരച്ചടങ്ങുകളുടെ വിവരമറിയാൻ അവർ മകനെപ്പോലെ കരുതിയ സഹായി രാജനെ ഫോണിൽ വിളിച്ചിരുന്നു. രാജന്റെ ഓർമകളിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു.
‘എനിക്ക് ഒരു ജീവിതമുണ്ടാക്കിത്തന്നത് അമ്മയായിരുന്നു’ എന്ന് പറഞ്ഞപ്പോൾ രാജന്റെ കണ്ഠം ഇടറി. വിഷമത്തോടെ രാജൻ ഒരു കാര്യം കൂടി പറഞ്ഞു. ‘കല്യാണി മേനോൻ സിനിമാസംഗീത രംഗത്തേക്ക് കൈപിടിച്ചുയർത്തിയ ചിലർ ചെന്നൈയിലുണ്ട്. മരിച്ച വിവരമറിഞ്ഞ് ഒന്നു വിളിക്കാൻപോലും അവർക്ക് തോന്നിയിട്ടില്ല. വല്ലാത്ത സങ്കടമാണ് തോന്നിയത്’ - സിനിമയിൽ നന്ദികേടിന്റെ കഥകൾക്ക് പഞ്ഞമില്ല. സിനിമയെന്നല്ല, സംഗീതമെന്നല്ല, ലോകംതന്നെ അതാണ്. ജീവിച്ചിരിക്കുമ്പോൾ വില തരാത്ത ലോകം. മരിച്ചാൽ വിലയിടുന്ന ലോകം. മനുഷ്യസ്നേഹിയായ പ്രിയഗായികയ്ക്ക് പ്രണാമം.
Content Highlights: Remembering Kalyani Menon, Legendary Singer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..