ന്ത്യൻ റുപ്പിയിൽ പൃഥ്വിരാജ് തിലകനോട് ചോദിച്ച ചോദ്യം തന്നെയാണ് മലയാളികൾ കാസർക്കോട്ടുകാരൻ രതീഷ് കണ്ടടുക്കത്തോട് ചോദിക്കുന്നത്, 'എവിടെയായിരുന്നു ഇത്രയും കാലം?' രതീഷ് ഇന്ന് യേശുദാസിന്റെ അപരസ്വരമാണ്. ഗാനഗന്ധർവൻ പാടിത്തകർത്ത ഗാനങ്ങൾ അതേ സ്വരമാധുരിയിൽ, ശബ്ദഗാംഭീര്യത്തിൽ പാടി കൈയടി നേടുകയാണ്  ഇന്നും നിത്യജീവിതത്തിന് ടയർ റീസോളിങ് കമ്പനിയിൽ വിയർപ്പൊഴുക്കുന്ന രതീഷ്.

ഒന്നുമില്ലായ്മയുടെ നടുവില്‍ നിന്നും ഈശ്വരന്‍ പകര്‍ന്ന് നല്‍കിയ പാടാനുള്ള കഴിവിന് ജനമനസ്സുകള്‍ നല്‍കിയ ആംഗീകാരത്തിന്റെ നിറവിലാണ് രതീഷ് ഇന്ന്. വാട്​സ്​ആപ്പിലും ഫെയ്​സ്ബുക്കിലുമായി കൈമാറി കൈമാറി കേൾക്കുന്ന രതീഷിന്റെ പാട്ടുകൾ കേട്ടാല്‍  മലയാളത്തിന്റെ ഗന്ധര്‍വ ഗായകനും മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായ സാക്ഷാല്‍ യേശുദാസാണെന്ന് തെറ്റിദ്ധരിച്ചാല്‍ ആരെയും പഴിക്കാനാവില്ല. അത്രയ്ക്കുണ്ട് സാമ്യം. ആരുമറിയാത്ത കാസര്‍ക്കോടന്‍ ഗ്രാമമായ പരപ്പയില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുന്ന തരത്തില്‍ രതീഷിന്റെ പാട്ടുകള്‍ ശ്രദ്ധ നേടിയത് ഒരു സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലൂടെയാണ്. മലയാളികളുടെ മനസ്സില്‍ കൊണ്ട് നടക്കുന്ന യേശുദാസ് എന്ന അതുല്യ പ്രതിഭയുടെ ശബ്ദ സാമ്യത്തിനൊപ്പം കഴിവും ഒത്തുചേര്‍ന്നതാണ് രതീഷ് എന്ന യുവഗായകനെ മലയാളികള്‍ നെഞ്ചേറ്റാന്‍ കാരണം.

പരപ്പയില്‍ ടയര്‍ റീസോളിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് രതീഷ്. ഇതിനൊപ്പം പാട്ടുകളോടുള്ള ഇഷ്ടം മൂത്ത് സ്വന്തം ഗ്രാമത്തിലെ ഭജനകള്‍ക്കും ചെറിയ ഗാനമേളകള്‍ക്കും പാടാന്‍ പോയിരുന്നു. നന്നായി പാടുമെങ്കിലും സംഗതമൊന്നും പഠിച്ചിട്ടില്ല. അമ്മയും അമ്മാവന്‍മാരും പെങ്ങളും അത്യാവശ്യം പാടുമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാണംകുണുങ്ങിയായതിനാല്‍ സ്റ്റേജില്‍ കയറി പാടാനോ മത്സരങ്ങളില്‍ പങ്കെടുക്കാനോ പേടിയായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതോടെ ടയര്‍ കമ്പനിയില്‍ ജോലിക്കും കയറി. യേശുദാസിന്റെ പാട്ടുകളോട് ഇഷ്ടം കൂടി എല്ലാ പാട്ടുകളും റിക്കോഡ് ചെയ്ത് വീണ്ടും വീണ്ടും കേള്‍ക്കുമായിരുന്നു. ഇതിനിടയിലെപ്പോഴോ ആണ് കൂട്ടുകാര്‍ക്കൊപ്പം ഭജനയ്ക്ക് പാടാന്‍ തുടങ്ങിയത്. ഇതിന്റെ ധൈര്യത്തില്‍ വേദികളിലും അത്യാവശ്യം പാടാന്‍ തുടങ്ങി. സാമൂഹിക സേവനം ലക്ഷ്യം വച്ച് ദേവഗീതം ഓര്‍ക്കസ്ട്ര എന്ന പേരില്‍ സുഹൃത്തുക്കള്‍ തുടങ്ങിയ ട്രൂപ്പിലും അംഗമായി. തുടര്‍ന്ന് ശബരിമല അയ്യപ്പക്ഷേത്രത്തിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. തടര്‍ന്നാണ് സ്വകാര്യ ചാനലില്‍ പാടാന്‍ അവസരം ലഭിച്ചത്. അയ്യപ്പ സ്വാമിയുടെയും കൊല്ലൂരമ്മയുടെയും അനുഗ്രഹമാണ് ഇപ്പോള്‍ ലഭിച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നാണ് രതീഷ് കരുതുന്നത്. കൂടാതെ അമ്മയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും സുഹൃത്തുക്കളുടെ പ്രോത്സാഹനവുമാണ് നാലുപേരറിയുന്ന പാട്ടുകാരനാക്കിയതെന്നും രതീഷ് സന്തോഷത്തോടെ പറയുന്നു. 

നിലവില്‍ രതീഷ് എന്ന ഗായകനെ മലയാളികള്‍ ഏറ്റെടുത്തതിനു പുറകെ രണ്ട് സിനിമകളില്‍ പാടാനുള്ള അവസരവും കൈവന്നിരിക്കയാണ്. കൂടാതെ മുംബൈയില്‍ അടക്കം വിവിധ വേദികളില്‍ പാടാനുള്ള ക്ഷണവും ഈ ഗായകനെ തേടിയെത്തി കഴിഞ്ഞു. വിദേശ സ്റ്റേജുകളുലടക്കം പാടാന്‍ ഫോണില്‍ വിളി വരുമ്പോഴും പാസ്പോര്‍ട്ട് എടുത്തിട്ടില്ലാത്ത രതീഷിന് ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. പഴയകാല സഹപാഠികള്‍, കൂട്ടുകാര്‍, പേരുപോലുമറിയാത്തവര്‍, പ്രധാന ഗായകര്‍ തുടങ്ങി ഫോണ്‍ താഴെ വയ്ക്കാന്‍ കഴിയാത്ത തിരക്കാണെന്ന് രതീഷ് പറയുന്നു. ഇതോടൊപ്പം നാട്ടില്‍ വലിയ സ്വീകരണവുമായിരുന്നു. ഒടയംചാല്‍, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം രതീഷിനെ അനുമോദിക്കാനും ആ മനോഹര ഗാനങ്ങള്‍  വീണ്ടും കേള്‍ക്കാനുമെത്തിയിരുന്നു. ഈ തിരക്കുകള്‍ക്കിടയിലും ദാസേട്ടനെ കാണണം. അദ്ദേഹത്തിന്റെ കാലില്‍ തൊട്ട്  അനുഗ്രഹം വാങ്ങണം എന്നതാണ് രതീഷിന്റെ ഏറ്റുവും വലിയ ആഗ്രഹം. ചെറുപ്പം മുതല്‍ യേശുദാസിന്റെ പാട്ടും മോഹന്‍ലാലിന്റെ അഭിനയവുമായിരുന്നു ഇഷ്ടം. യേശുദാസിന്റെ പാട്ടുകള്‍ നൂറുവട്ടം കേട്ടാലും പിന്നെയും പിന്നെയും കേള്‍ക്കും. പക്ഷേ ഒരിക്കല്‍ പോലും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ആ സ്വരമാധുരിയില്‍ ആര്‍ക്കെങ്കിലും പാടാന്‍ കഴിയുമെന്ന വിശ്വാസവുമില്ല. അനുകരണമല്ലെന്ന് ഉറപ്പിക്കാന്‍ സുഹൃത്തുക്കള്‍ യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും പാട്ടുകള്‍ പാടിച്ചു നോക്കിയ കഥയും രതീഷ് പങ്കുവച്ചു.

ടയര്‍ റീസോളിംഗ് കടയിലെ തുച്ഛവരുമാനമായിരുന്നു ഇതുവരെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. കണക്കുപറഞ്ഞ് പണം വാങ്ങിക്കൊണ്ട് പാടാനൊന്നും ഇതുവരെ പോയിട്ടില്ല. ഇനിയിപ്പോള്‍ അവസരങ്ങള്‍ നിരവധിയെത്തിയതോടെ തത്കാലം പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കാനാണ് രതീഷിന്റെ തീരുമാനം. നിലവില്‍ വാടക വീട്ടിലാണ് താമസം. സംഗീതം സമ്മാനിച്ച സൗഭാഗ്യം സ്വന്തമായി വീട് വയ്ക്കാനും വഴി തെളിക്കുമെന്നാണ് രതീഷിന്റെ വിശ്വാസം. അമ്മയും ഭാര്യയും മക്കളും കുടംബവുമായി ദൈവം സമ്മാനിച്ച സൗഭാഗ്യങ്ങളുടെ നടുവില്‍ സന്തോഷത്തോടെ കഴിയാന്‍ എല്ലാവരും അനുഗ്രഹിക്കണമെന്നുമാത്രം പറയുകയാണ് രതീഷ്.