കാര്യത്തിൽ മന്ത്രി,കർമ്മത്തിൽ ദാസി..ഇത്രയൊക്കെ വേണോ?


രവിമേനോൻ

പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദുഖത്തിൻ മുള്ളുകൾ തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ.... എന്തൊരു സ്ത്രീവിരുദ്ധമായ പാട്ടാണത്.

​ഗാനരം​ഗത്തിൽ നിന്ന്

കവി എസ് രമേശൻ നായരെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് വായിച്ച് വിളിച്ചതായിരുന്നു ശ്രീലക്ഷ്മി; പരിഭവത്തോടെ, തെല്ലൊരു ആത്മരോഷത്തോടെ.``താങ്കൾ സൂചിപ്പിച്ച പാട്ടുകളെല്ലാം എനിക്കിഷ്ടം. ഒന്നൊഴിച്ച്. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, ദുഖത്തിൻ മുള്ളുകൾ തൂവിരൽത്തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ.... എന്തൊരു സ്ത്രീവിരുദ്ധമായ പാട്ടാണത്. എങ്ങനെ ഇഷ്ടപ്പെടാൻ പറ്റും താങ്കളെപ്പോലൊരാൾക്ക് ആ പാട്ട്?''

ചോദ്യം അപ്രതീക്ഷിതമായിരുന്നതുകൊണ്ട് തെല്ലൊന്ന് പകച്ചു എന്നത് സത്യം. എങ്കിലും സമനില വീണ്ടെടുത്ത് പറഞ്ഞു: ``എനിക്കിഷ്ടമുള്ള പാട്ടാണതെന്ന് എഴുതിയിട്ടില്ലല്ലോ. അങ്ങനെ കരുതേണ്ട. രമേശൻ നായരുടെ ജനപ്രിയ ഗാനങ്ങൾ തിരഞ്ഞെടുത്തപ്പോൾ ആ ഗാനവും ഉൾപ്പെടുത്തി എന്നേയുള്ളൂ. അത് സത്യവുമല്ലേ? വലിയ ഹിറ്റായിരുന്നില്ലേ ആ പാട്ട്?''

അത്രയേ താങ്കൾ ഉദ്ദേശിച്ചിരുന്നുള്ളൂ എങ്കിൽ സന്തോഷം -- ശ്രീലക്ഷ്മിയുടെ (യഥാർത്ഥ പേര് അതല്ല) മറുപടി. ``സത്യം പറയാലോ. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ എന്റെ ചോര തിളയ്ക്കും. പുരുഷകേന്ദ്രീകൃതമായ അത്തരം ഹിറ്റ് പാട്ടുകളൊക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു. എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്ത ചിത്രവിളക്ക്, ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യദേവി, കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന സ്വർണപ്രഭാമയി, കാര്യത്തിൽ മന്ത്രി, കർമ്മത്തിൽ ദാസി.... എന്തൊക്കെ ആഭാസകരമായ വിശേഷണങ്ങളാണ് ഭാര്യക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്. പാട്ട് ഹിറ്റായിരിക്കാം. പക്ഷേ കേരളത്തിലെ അന്തസ്സുള്ള ഒരു സ്ത്രീയും അതിലെ വ്യാജപ്രശംസകൾ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. നമ്മെ വിട്ടുപോയ രമേശൻ നായർ സാറിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെയാണ് പറയുന്നത്..''

ചലച്ചിത്ര ഗാനരചയിതാവിനെ ഇക്കാര്യത്തിൽ എങ്ങനെ കുറ്റം പറയാൻ പറ്റുമെന്നായിരുന്നു എന്റെ സംശയം. ``സിനിമയിലെ ഒരു പ്രത്യേക സന്ദർഭം മുൻനിർത്തി, പാടുന്ന കഥാപാത്രത്തിന്റെ മനസ്സ് ഉൾക്കൊണ്ട് എഴുതപ്പെടുന്ന പാട്ടിൽ രചയിതാവിന്റെ ആത്മാംശത്തിന് എന്ത് പ്രസക്തി? എത്രയോ സിനിമകളിൽ സ്ത്രീകളെ പരിഹസിച്ചുകൊണ്ടുള്ള പാട്ടുകളില്ലേ? കാമ്പസ് സിനിമകളിലും മറ്റും മുൻപ് അതൊരു പതിവായിരുന്നു. അതൊക്കെ ഗാനരചയിതാവിന്റെ വീക്ഷണമായി കാണാൻ പറ്റുമോ?''

പൂമുഖവാതിൽക്കൽ എന്ന പാട്ട് സിനിമയിൽ വരാനുള്ള കാരണം കൂടി ഓർമ്മയിൽ നിന്ന് വീണ്ടെടുത്തു ഞാൻ. സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണൻ പങ്കുവെച്ച കഥ. കെ ജി സേതുനാഥ് എഴുതി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി പാടിയ ``വാതുക്കലെത്തുന്ന നേരം ചിരിക്കുന്ന വാസന്തിപ്പൂവാണ് ഭാര്യ'' എന്ന ആകാശവാണി ലളിതഗാനത്തോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ടായിരുന്നു സംവിധായകൻ പ്രിയദർശന്. പ്രിയന്റെ ആഗ്രഹമായിരുന്നു അതേ ഈണവും ആശയവുമുള്ള ഒരു ഗാനം രാക്കുയിലിൻ രാഗസദസ്സിൽ എന്ന പടത്തിൽ വേണമെന്നത്. സിനിമക്ക് വേണ്ടി പാട്ട് മാറ്റിയെഴുതിയത് രമേശൻ നായർ...

വിശദീകരണങ്ങളൊന്നും ചോദ്യകർത്താവിനെ തൃപ്തയാക്കിയതായി തോന്നിയില്ല. ``താങ്കളോട് ബഹുമാനമൊക്കെ ഉണ്ട്. പക്ഷേ ഇക്കാര്യത്തിൽ എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാൻ പറ്റില്ല. സ്ത്രീയുടെ മഹത്വം വിളംബരം ചെയ്യുന്ന പാട്ട് വേണം എന്നേ പറഞ്ഞിരിക്കൂ സംവിധായകൻ. രചയിതാവിന്റെ സ്വന്തം കോൺസെപ്റ്റ് ആണ് ബാക്കിയൊക്കെ. സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും പുരുഷ മേധാവിത്വത്തിന്റെ വക്താക്കളാണെങ്കിൽ പറയുകയും വേണ്ട.'' ഉറച്ച ശബ്ദത്തിൽ ഒരു കാര്യം കൂട്ടിച്ചേർക്കുന്നു ശ്രീലക്ഷ്മി. ``ഇതൊക്കെ പറയുമ്പോൾ ഞാൻ ഫെമിസ്നിസ്റ്റ് ആണെന്നൊന്നും കരുതേണ്ട. കേരളത്തിലെ ഒരു സാധാരണ സ്ത്രീ. സർക്കാർ ജീവനക്കാരി. അങ്ങനെ മാത്രം കണ്ടാൽ മതി.''
ശ്രീലക്ഷ്മിയുടെ നിലപാടിലും കഴമ്പുണ്ടാകാം എന്ന ഉത്തമബോധ്യത്തോടെ കൂടുതൽ തർക്കത്തിന് മുതിരാതെ പിന്മാറാൻ ഒരുങ്ങവേ, സ്വരം താഴ്ത്തി അവർ പറഞ്ഞു: ``അറിയുമോ? എനിക്കും എന്റെ ഭർത്താവിനും ഏറെ ഇഷ്ടമുള്ള പാട്ടായിരുന്നു ഒരിക്കൽ ഈ പൂമുഖവാതിൽക്കൽ. സംഗീതവും ദാസേട്ടന്റെ ആലാപനവും ഒക്കെ. ആ സിനിമ പുറത്തിറങ്ങിയ കാലത്ത് കോളേജിൽ പഠിക്കുകയാണ് ഞാൻ. തൃശൂരിൽ ഒരു ഗാനമേളയിൽ ദാസേട്ടൻ ഇത് പാടുന്നത് കേട്ട് സന്തോഷം കൊണ്ട് കരഞ്ഞുപോകുക വരെ ഉണ്ടായിട്ടുണ്ട്.. അന്നൊന്നും വരികളിൽ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. ഈണം മാത്രം ശ്രദ്ധിക്കുന്ന പ്രായമാണ്. കല്യാണം കഴിഞ്ഞ കാലത്ത് ഞങ്ങൾ ഒറ്റയ്ക്കിരിക്കുമ്പോൾ എന്റെ മുഖം പിടിച്ചുയർത്തി ഈ പാട്ട് ആംഗ്യവിക്ഷേപങ്ങളോടെ പേടിക്കേൾപ്പിക്കുമായിരുന്നു ശ്രീകുമാർ. എനിക്കും ഇഷ്ടമായിരുന്നു അയാൾ അത് പാടിക്കേൾക്കാൻ....''

അത്ഭുതം തോന്നി. ഇതെന്തൊരു വിരോധാഭാസം? പാട്ട് ഇഷ്ടം; ഭർത്താവ് പാടിക്കേൾക്കുമ്പോൾ വിശേഷിച്ചും. പക്ഷേ വരികളോട് വെറുപ്പ്. ഇനി ഇതൊക്കെ വെറും പ്രകടനാത്മകത മാത്രമെന്ന് വരുമോ? ``താങ്കളുടെ മനസ്സിലിപ്പോൾ എന്താണെന്ന് എനിക്ക് ഊഹിക്കാം. ഇതെന്ത് വട്ട് എന്നല്ലേ? ശരിയാണ്. വട്ട് തന്നെ. ആ വട്ടിന് പിന്നിൽ എന്റെ ഭർത്താവാണ് എന്നുകൂടി അറിയുക. മുൻ ഭർത്താവ് എന്നും പറയാം..''
സ്വന്തം ജീവിതകഥ ശ്രീലക്ഷ്മി വിവരിച്ചുകേട്ടത് പിന്നീടാണ്. പ്രേമിച്ചു കല്യാണം കഴിച്ചതാണ് ശ്രീകുമാറിനെ (പേര് അതല്ല). ബാങ്ക് ഉദ്യോഗസ്ഥൻ. കോളേജ് കാലത്ത് തുടങ്ങിയ അടുപ്പമായിരുന്നു. വിപ്ലവകരമായ ആശയങ്ങൾ പറഞ്ഞുനടക്കുന്ന ഒരു ബുജി ആയിരുന്നു അയാൾ. നന്നായി വായിക്കും. പാടും. പാട്ടിനോടുള്ള ഇഷ്ടമാണ് ഇരുവരെയും അടുപ്പിച്ചതെന്ന് പറയും ശ്രീലക്ഷ്മി. ``ഒരേ സമുദായക്കാർ ആയിരുന്നതുകൊണ്ടും, അയാൾക്ക് നല്ലൊരു ജോലി ഉണ്ടായിരുന്നതുകൊണ്ടും വീട്ടുകാർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. പ്രണയവിവാഹം ആയിട്ടും അയാൾ സ്ത്രീധനത്തിന് വേണ്ടി വാശി പിടിച്ചു. അയാൾക്ക് വേണ്ടി സംസാരിച്ചത് അച്ഛനും അമ്മാവനും ആണെന്ന് മാത്രം. അത്ര നല്ല സാമ്പത്തികനിലയിൽ ആയിരുന്നില്ല എന്റെ കുടുംബം. ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടാണെങ്കിലും നൂറു പവനും പത്തു സെന്റ് സ്ഥലവുമൊക്കെ അച്ഛൻ ബുദ്ധിമുട്ടി സംഘടിപ്പിച്ചു കൊടുത്തു... ശ്രീകുമാറും ഞാനും തമ്മിൽ അതിനെക്കുറിച്ചൊന്നും ചർച്ച ഉണ്ടായില്ല. എല്ലാം താനറിയാതെ നടന്ന കാര്യങ്ങൾ എന്നായിരുന്നു മൂപ്പരുടെ നിലപാട്. പുരോഗമനവാദിയെന്ന മുഖംമൂടി ഉണ്ടല്ലോ.''

പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് ഒരു കുഞ്ഞു ജനിച്ച ശേഷം. ``ആൾ നേരത്തെ തന്നെ അത്യാവശ്യം മദ്യപിച്ചിരുന്നെങ്കിലും ആ ശീലം എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചത് മോളുണ്ടായതിൽപ്പിന്നെയാണ്. പുതിയ കുറെ കൂട്ടുകെട്ടുകൾ. രാവും പകലുമെന്നില്ലാതെ മദ്യപാനം. ഇടക്ക് ബാങ്കിൽ എന്തോ കൃത്രിമം കാണിച്ചതിന്റെ പേരിൽ സസ്പെൻഷൻ കൂടി വന്നതോടെ ആളുടെ സ്വഭാവം പിന്നെയും മാറി. അതുവരെ കേൾക്കാത്ത തെറികളൊക്കെ വിളിച്ചുപറയും. എന്റെ ചെറിയ ജോലി കൊണ്ടാണ് അക്കാലത്ത് വീട്ടിലെ ചെലവ് നടന്നുപോയിരുന്നത്. സ്വർണം മുഴുവൻ അയാൾ വിറ്റുതുലച്ചിരുന്നു. പ്രശ്നങ്ങളൊന്നും ആരെയും അറിയിക്കാതെ ജീവിക്കാനായിരുന്നു അപ്പോഴും എന്റെ ശ്രമം. അത് തെറ്റായിരുന്നുവെന്ന് പിന്നീട് മനസ്സിലായി.''

``ആയിടക്കാണ് അച്ഛന്റെ കയ്യിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിത്തരാൻ എന്നോട് ആവശ്യപ്പെട്ടത്. എന്തോ ബിസിനസ് തുടങ്ങാനാണത്രെ. എനിക്കറിയാമായിരുന്നു അതൊന്നുമല്ല സത്യമെന്ന്. കഴിയുന്നത്ര അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ പണം കിട്ടിയില്ലെങ്കിൽ ഇറക്കിവിടും എന്നായിരുന്നു ഭീഷണി. ഇടക്കൊരിക്കൽ എന്റെ വീട്ടിൽ പോയി അച്ഛനെ തല്ലി. പണം തന്നില്ലെങ്കിൽ മോളെ ഇറക്കിക്കൊണ്ടു പൊക്കോ എന്നൊക്കെ പറഞ്ഞു. പാവം അച്ഛൻ വീട് പണയം വെക്കുന്നതിനെ കുറിച്ചൊക്കെ ആലോചിച്ചു തുടങ്ങിയിരുന്നു... ഞാനാണ് പിന്തിരിപ്പിച്ചത്.''

``മദ്യപിച്ചു വന്ന് എന്നെയും മകളേയും ഉപദ്രവിക്കുന്നതും പതിവാക്കി ശ്രീകുമാർ. ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട് അക്കാലത്ത്. മോളെ ഓർത്ത് പിന്തിരിയുകയായിരുന്നു. ഗതികെട്ട് ഒടുവിൽ ഞാൻ വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. അതയാൾക്ക് വലിയൊരു ഷോക്കായിരുന്നു. ഇനി കുടിക്കില്ല എന്നൊക്കെ പറഞ്ഞു കുട്ടികളെപ്പോലെ കരയുകയും പൂമുഖവാതിൽക്കൽ എന്ന പാട്ട് പാടുകയും ഒക്കെ ചെയ്തു. അപ്പോഴും നല്ല വെള്ളത്തിലായിരുന്നു. എല്ലാം നാടകം. എന്തായാലും എന്റെ തീരുമാനം ഞാൻ മാറ്റിയില്ല. ഒരു വർഷം വേണ്ടിവന്നു ഡിവോഴ്സ് അനുവദിച്ചു കിട്ടാൻ. ഇന്ന് ഞാനും മോളും തനിച്ചാണ് താമസം. അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് കേൾക്കുന്നു.
എനിക്കതൊന്നും വിഷയമേയല്ല. ഇപ്പോൾ എല്ലാ അർത്ഥത്തിലും സന്തുഷ്ടയാണ് ഞാൻ. മോൾ നന്നായി പഠിക്കുന്നു. താമസിയാതെ അവളൊരു വക്കീലാകും...''

ഉറക്കം പോലും നഷ്ടപ്പെട്ട ആ നാളുകളുടെ വേദനിപ്പിക്കുന്ന ഓർമ്മയാണ് തനിക്ക് പൂമുഖവാതിൽക്കൽ എന്ന പാട്ടെന്ന് പറയും ശ്രീലക്ഷ്മി. ``സ്ത്രീകളുടെ ദൗർബല്യങ്ങളെ അവരുടെ ശക്തിയായി വ്യാഖ്യാനിച്ചുകൊണ്ടുള്ള വേറെയും പാട്ടുകളുണ്ട് മലയാളത്തിൽ. ദയവായി അവയെ മഹത്വവൽക്കരിക്കരുത്. എന്റെ ഒരപേക്ഷയാണ്. മലയാളിപ്പെണ്ണ് ഒരിക്കലും ഇങ്ങനെയായിരുന്നില്ല. പുരുഷന്റെ സങ്കൽപ്പങ്ങളിൽ ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം എന്ന മോഹം മാത്രമാണ് ഇത്തരം പാട്ടുകളിലൊക്കെ ഉള്ളത്. ഭാഗ്യവശാൽ ഇന്നത്തെ മലയാള സിനിമയിൽ ഇതുപോലുള്ള പാട്ടുകൾ കേൾക്കാറില്ല. സ്ത്രീ കഥാപാത്രങ്ങൾ കൂടുതൽ തന്റേടികളും ഉറച്ച നിലപാടുകാരും ആയതുകൊണ്ടാവാം...'' ശ്രീലക്ഷ്മിയുടെ വാക്കുകളിൽ ധാർമ്മിക രോഷം.

ഫോൺ വെക്കും മുൻപ് ചിരിച്ചുകൊണ്ട് ഒരു കാര്യം കൂടി പറഞ്ഞു ശ്രീലക്ഷ്‍മി: ``ഇതൊന്നും താങ്കൾക്ക് ബാധകമല്ല കേട്ടോ. അങ്ങനെയൊന്നും ഉദ്ദേശിച്ച് എഴുതിയതല്ല എന്നറിയാം. എനിക്കിഷ്ടമുള്ള ഒട്ടേറെ ഭക്തിഗാനങ്ങൾ എഴുതിയ രമേശൻ നായരോടുമില്ല വിരോധം. എന്നാലും പറഞ്ഞുപോകുകയാണ്; എവിടെയെങ്കിലുമൊക്കെ താങ്കൾ ഈ അഭിപ്രായം പങ്കുവെക്കുമെന്ന പ്രതീക്ഷയിൽ...ഗാർഹികപീഡന വാർത്തകളും ആത്മഹത്യകളുമൊക്കെ ദിനംപ്രതിയെന്നോണം കേട്ടുകൊണ്ടിരിക്കുകയല്ലേ നാം?''

ഫോൺ വെച്ചിട്ടും കാതുകളിൽ ശ്രീലക്ഷ്മിയുടെ ശബ്ദം അലയടിക്കുന്നു. ക്ഷമിക്കുക; ഇപ്പോൾ എനിക്കും സംശയം തോന്നുന്നു, ആ വരികളിലെ ഭാര്യ യഥാർത്ഥത്തിൽ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവുമോ എന്ന്. ഉണ്ടെങ്കിൽ തന്നെ അതിമധുരം കലർന്ന ഈ വിശേഷണങ്ങളിൽ അഭിമാനം കൊള്ളുന്നുണ്ടാകുമോ എന്ന്. ഏയ്, ഒരിക്കലുമില്ല.


content highlights : Rakkuyilin Raga Sadassil movie poomukha vathilkkal song s rameshan nair kj yesudas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented