പാട്ടില്‍ ഓണസദ്യയൊരുക്കിയിട്ടുണ്ട് ഗാന രചയിതാവായ ആര്‍.കെ. ദാമോദരന്‍. ഇത്തരമൊരു പാട്ട് അപൂര്‍വമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

ആ പാട്ട് ഇങ്ങനെ:

ചെറുശ്ശേരിതന്‍ പ്രിയ എരിശ്ശേരിയും
ഇടശ്ശേരി തന്നുടെ പുളിശ്ശേരിയും
വൈലോപ്പിള്ളിതന്‍ മാമ്പഴക്കാളനും
വിളമ്പിക്കൊതിപ്പിച്ച മലയാളമേ
മനം തുളുമ്പിച്ച ശ്രാവണ തിരുവോണമേ... (ചെറുശ്ശേരിതന്‍)
എഴുത്തച്ഛന്‍ കൊളുത്തിയ വിളക്കിനു മുമ്പില്‍
എലയിട്ടുപോയത് നമ്പ്യാരല്ലോ
ആശാന്‍ വള്ളത്തോള്‍ ഉള്ളൂരും
വിഭവങ്ങള്‍ അമൃതേത്തിനായി ഒരുക്കിയല്ലോ (ചെറുശ്ശേരിതന്‍)
സാഹിത്യസദ്യക്ക്‌ ദേഹണ്ഡിച്ചുനിന്നത്
സാക്ഷാല്‍ മഹാകവി ജീയാണല്ലോ
പാലടപ്രഥമനായി കരളിനു കാവ്യങ്ങള്‍
പകര്‍ന്നന്നു നിന്നത് ചങ്ങമ്പുഴയല്ലോ (ചെറുശ്ശേരിതന്‍)...

ഈ പാട്ട് പിറന്നതിനു പിന്നില്‍ ഒരു കഥയുണ്ടെന്ന് ആര്‍.കെ. പറയുന്നു. യേശുദാസിന്റെ തരംഗിണി സജീവമായ കാലം. 1991ലെ ഓണക്കാലത്ത് ആവണിത്താലം എന്ന പേരില്‍ കാസറ്റിറക്കാന്‍ തരംഗിണി തീരുമാനിക്കുന്നു. ആകെ എട്ട് പാട്ടുകള്‍. എഴുതാന്‍ ആര്‍.കെ.യെ ചുമതലപ്പെടുത്തി. തരംഗിണിയുടെ ചുമതലയുണ്ടായിരുന്ന സതീഷ് സത്യന്‍ (നടന്‍ സത്യന്റെ മകന്‍) ഒരു ദിവസം ആര്‍.കെ.യെ വിളിച്ച് പാട്ടുമായി തിരുവനന്തപുരത്തെത്താന്‍ ആവശ്യപ്പെടുന്നു. രവീന്ദ്രന്‍ മാഷാണ് സംഗീതം. അവിടെയെത്തിയപ്പോഴാണ് ആകെയൊരു പന്തികേട് തോന്നിയത്.

സതീഷ് സത്യന് ആര്‍.കെ.യോട് എന്തോ പറയാനുണ്ട്. വിഷമം കാരണം പറയാന്‍ പറ്റുന്നില്ല. 'എന്തായാലും പറഞ്ഞോളൂ, എന്റെ പാട്ടു വേണ്ടാ എന്നല്ലേ പരമാവധി പറയൂ' എന്നായി ആര്‍.കെ. അക്കാലത്ത് ഗാന രചയിതാവ് ഭരണിക്കാവ് ശിവകുമാര്‍ സുഖമില്ലാതിരിക്കുകയാണ്.

അദ്ദേഹത്തെ സഹായിക്കാന്‍ കുറച്ചു പാട്ടുകള്‍ എഴുതിക്കാമെന്ന് യേശുദാസ് ഏറ്റുപോയി. ആര്‍.കെ.യാണെങ്കില്‍ എട്ടു പാട്ടും എഴുതുകയും ചെയ്തു.

വലിയ വിഷമം തോന്നിയെങ്കിലും ഒരാളെ സഹായിക്കാനായതിനാല്‍ ആര്‍.കെ. സാരമില്ലെന്നു പറഞ്ഞു. എന്നാല്‍ യേശുദാസ് തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. രണ്ടുപേരുടെയും നാല് പാട്ടുകള്‍ വീതം എടുക്കാം. അങ്ങനെ രവീന്ദ്രന്‍മാഷ് ആര്‍.കെ.യുടെ നാല് പാട്ടുകള്‍ തിരഞ്ഞെടുത്ത് ഈണമിട്ടു. അപ്പോഴാണ് അറിഞ്ഞത് അതില്‍ 'സാഹിത്യഓണസദ്യ' പാട്ടില്ല.

ഓണപ്പാട്ടുകളില്‍ ശ്രീകുമാരന്‍ തമ്പി മിന്നിനില്‍ക്കുന്ന കാലം. ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ആര്‍.കെ. എഴുതിയ ഗാനമാണ് വേണ്ടെന്നുവെച്ചിരിക്കുന്നത്.

രണ്ടും കല്‍പ്പിച്ച് അദ്ദേഹം രവീന്ദ്രന്‍മാഷിനോട് അഭ്യര്‍ഥിച്ചു. ദയവായി ചെറുശ്ശേരിതന്‍... എന്ന പാട്ടുള്‍പ്പെടുത്തണം. പകരം വേറൊരെണ്ണം ഒഴിവാക്കിക്കോളൂ. ഈണമിട്ടുപോയതിനാല്‍ ആദ്യമൊന്നു മടിച്ചെങ്കിലും മാഷ് വഴങ്ങി. അങ്ങനെ മലയാളികള്‍ക്കായി സാഹിത്യത്തിലൂടെ ഒരു ഓണസദ്യ ഒരുങ്ങി.

Content Highlights: R K Damodharan songs