അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലെ മലയാള ഗാനം പുറത്തിറങ്ങി. 'ഹേയ് പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. ദേവിശ്രീ പ്രസാദ് ഈണമിട്ട ​ഗാനം ആലപിച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലും അർജുനും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം ഇറങ്ങുന്നത്.

ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, ഹരീഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്. 

Content Highlights: Pushpa songs, Allu Arjun new movie songs, Pushpa casts