അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയിലെ വിവാദഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഓ ആണ്ടവാ എന്ന് തുടങ്ങുന്ന ഗാനത്തില്‍ സാമന്തയാണ് നൃത്തച്ചുവടുകളുമായി എത്തുന്നത്. 

ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന രംഗത്തെത്തിയിരുന്നു. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറഞ്ഞത്. 

ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം.

തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. 

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.

Content Highlights: Pushpa Oo Antava Full Video Song, Pushpa Songs, Samantha, Allu Arjun, Rashmika, Fahadh Faasil