ത്തൊന്‍പതാം വയസ്സില്‍ യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം സിനിമയില്‍ പാടിയ ഒരു ഗായികയുണ്ട് കോഴിക്കോട്ട്, പ്രേമ. തിരക്കുകളൊഴിഞ്ഞ്, മധുരസംഗീതത്തിന്റെ ഓര്‍മകളുമായി കഴിയുമ്പോഴും പാട്ടിന്റെ ലോകത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയാണിവര്‍
 
'പതിനാറു വയസ്സുകഴിഞ്ഞാല്‍'

പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍

പതിവായി പെണ്‍കൊടിമാരൊരു

മധുരസ്വപ്നം കാണും...'

പ്രായാധിക്യത്തിന്റെ പതര്‍ച്ചയില്ലാതെ പ്രേമ വീണ്ടും പാടി. അതേ സ്വരമാധുരിയില്‍, ശ്രുതിഭംഗി ചോരാതെ

'ചേട്ടത്തി' എന്ന സിനിമയില്‍ യേശുദാസിനൊപ്പം പാടിയവരികള്‍.

വയലാര്‍ - ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന ഈ മനോഹരഗാനമായിരുന്നു പത്തൊമ്പതുകാരിയായ േപ്രമ എന്ന കോഴിക്കോട്ടുകാരിക്ക് മലയാളചലച്ചിത്രഗാനരംഗത്ത് ഇടം നേടിക്കൊടുത്തത്.

ആദ്യഗാനത്തിന്റെ സ്വീകാര്യതയില്‍ പ്രേമയെത്തേടി പിന്നീട് ഒട്ടേറെ അവസരങ്ങളെത്തി. 1965-ല്‍ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലെ 'ഒരു മുല്ലപ്പൂമാലയുമായി നീന്തി നീന്തിവന്ന...' എന്ന ഹിറ്റ് ഗാനം പി. ജയചന്ദ്രനൊപ്പം പാടാനുള്ള സൗഭാഗ്യം ലഭിച്ചു. പി. ഭാസ്‌കരന്റെ വരികളും ചിദംബരനാഥിന്റെ ഈണവും സമന്വയിപ്പിച്ച് ഇറങ്ങിയ ഈ പാട്ട് ജയചന്ദ്രന്റെ സംഗീത ജീവിതത്തിലെയും മറക്കാനാകാത്ത ഗാനമായിരുന്നു. പ്രേമയെന്ന ഗായികയുമൊത്തുള്ള ജയചന്ദ്രന്റെ ആദ്യ യുഗ്മഗാനവുമിതാണ്.

'പൂച്ചക്കണ്ണി'യില്‍ ബാബുക്ക ഒരുക്കിയ 'മരമായ മരമാകെ തളിരിട്ടു.. പൂവിട്ടു' എന്ന ഗാനത്തിന്റെ കോറസില്‍ പ്രേമയുടേതാണ് ലീഡ് ശബ്ദം. 'തൊമ്മന്റെ മക്കളി'ല്‍ പി. ലീലയ്ക്കും സംഘത്തിനുമൊപ്പം പിന്നീട് കോറസ് പാടി. 'മിസ്റ്റര്‍ സുന്ദരി'യില്‍ ബ്രഹ്മാനന്ദനൊപ്പം കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ 'ഹണിമൂണ്‍ ഹണിമൂണ്‍' എന്ന യുഗ്മഗാനം പിറന്നത് പ്രേമയുടെ ആലാപനഭംഗിയിലാണ്.

ഈ ചിത്രത്തിലെ 'മാന്‍പേട ഞാനൊരു മാന്‍പേട...' എന്ന ഗാനവും പ്രേമയുടെ ശബ്ദത്തിലായിരുന്നു. 'ജലകന്യക'യില്‍ എല്‍.ആര്‍. ഈശ്വരിയുടെ സഹോദരി എല്‍.ആര്‍. അഞ്ജലിക്കൊപ്പം വടക്കന്‍പാട്ടിന്റെ ഹമ്മിങ്, ചിദംബര നാഥിന്റെ സംഗീതത്തില്‍ ലീലയ്‌ക്കൊപ്പം 'വിദ്യാര്‍ഥി'യിലെ 'ഹാര്‍ട്ട് വീക്ക് പള്‍സ് വീക്ക്... ബ്ലഡ് പ്രഷര്‍ ലോ... ലോ...' എന്ന കോറസ് ഗാനം...

തീരുന്നില്ല പ്രേമയുടെ സംഗീത ജിവിതം. കോഴിക്കോട്ടെ ആദ്യകാല സംഗീത സംഘങ്ങളിലൊന്നായ 'ഹട്ടന്‍സ് ഓര്‍ക്കസ്ട്ര' യിലെ ഏക സ്ത്രീശബ്ദമായിരുന്നു പ്രേമ. പിന്നെ നഗരത്തിലെ നൂറുകണക്കിന് വേദികളെ ഇളക്കിമറിച്ച പ്രേമഗായികയായി. ലതാമങ്കേഷ്‌കര്‍ പാടിയ ഓ... സജ്ന.. എന്ന ഗാനം വീണ്ടും വീണ്ടും ആലപിച്ചപ്പോള്‍ ആസ്വാദകരുടെ ഇഷ്ടഗായികയെന്ന അംഗീകാരം പ്രേമയെ തേടിയെത്തി. വിവാഹ വീടുകളിലും നാടകങ്ങളിലും ആകാശവാണിയിലുമൊക്കെ ഈ സ്വരമാധുരി അലയടിച്ചു. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഏറെ പ്രശസ്തര്‍ക്കൊപ്പം പാട്ടു പാടിയെന്ന അടയാളപ്പെടുത്തല്‍ ഈ ഗായികയ്ക്കു സ്വന്തം. പക്ഷേ, ഇതൊക്കെ മധുരസ്വപ്നമായി കാണാനാണ് പ്രേമയ്ക്കിന്ന് ആഗ്രഹം. അഞ്ചുപതിറ്റാണ്ട് പിന്നിട്ട സംഗീതജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാത്തതിലുള്ള നഷ്ടബോധം ഈ ഗായികയ്ക്കുണ്ട്. നിരാശ തോന്നുമ്പോള്‍ താന്‍ പാടിയ പാട്ടുകളെ കുറിച്ചുള്ള ഓര്‍മകളിലേക്ക് പോകും. എവിടെയുമെത്താത്തതില്‍ ആരോടും പരാതിയും പരിഭവവുമില്ല. ആരോഗ്യമനുവദിക്കുകയാണെങ്കില്‍ വേദികളില്‍ ഇനിയും പാടാനെത്തും. ഈ പാടിയ പാട്ടുകളെല്ലാം തന്റേതാണെന്നതിന് ഈ ശബ്ദംമാത്രം സാക്ഷ്യം -കുണ്ടൂപ്പറമ്പ് വൈദ്യരങ്ങാടിയിലെ വാടകവീട്ടിലിരുന്ന് എഴുപത്തിയഞ്ചുകാരിയായ ഈ ഗായിക മനസ്സുതുറക്കുമ്പോള്‍ വാക്കുകളില്‍ നിഴലിക്കുന്നത് വേദനയോ...

തയ്യല്‍ജോലി ചെയ്തിരുന്ന കുഞ്ഞിക്കണ്ണന്‍ മേസ്തിരിയുടെ മകള്‍ പ്രേമയ്ക്ക് പിന്തുണയും പ്രോത്സാഹനവും അമ്മ അമ്മുവായിരുന്നു. സഹോദരീ ഭര്‍ത്താവും ഗായകനും സംഗീതസംവിധായകനുമായ കെ.ആര്‍. ബാലകൃഷ്ണന് എം.എസ്. ബാബുരാജുമായുള്ള അടുപ്പമാണ് പ്രേമയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. അങ്ങനെയാണ് ചൈന്നെയില്‍വെച്ച് ബാബുക്കയുടെ 'ചേട്ടത്തി'യെന്ന സിനിമയില്‍ പാടാന്‍ ആദ്യ അവസരം ലഭിച്ചത്.

കൂടെ പാടിയ യേശുദാസിന്റെ ആ മാസ്മരികശബ്ദം ഇന്നും മറക്കാനാവില്ല പ്രേമയ്ക്ക്. അവസരങ്ങള്‍ക്കൊപ്പം അവഗണനയും നീതികേടുമെല്ലാം ജീവിതത്തില്‍ കണ്ടറിഞ്ഞു. അവ പൊള്ളുന്ന പാഠങ്ങളായി. പാടിയ പാട്ടില്‍ ചിലത് മറ്റൊരു ഗായികയുടെ പേരില്‍ ഇറങ്ങിയതും പ്രേമയ്ക്ക് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

yesudas
ചേട്ടത്തിയെന്ന സിനിമയ്ക്കുവേണ്ടിയുള്ള പാട്ടിന്റെ റിഹേഴ്സലില്‍ ബാബുരാജിനും യേശുദാസിനുമൊപ്പം പ്രേമ

അമ്മയുടെ മരണത്തോടെ മടക്കം

1973-ല്‍ താങ്ങും തണലുമായ അമ്മയുടെ വേര്‍പാട് എല്ലാ മാറ്റിമറിച്ചു. ഒറ്റയ്ക്ക് ചെന്നൈയില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയായി. പിന്നെ നാട്ടിലേക്ക് മടങ്ങി. പ്രശസ്തിയുടെ കൊടുമുടിയില്‍നിന്ന് അവിചാരിതമായ ഇറക്കമായിരുന്നു. പിന്നെ നല്ല അവസരങ്ങള്‍ തേടിയെത്തിയില്ല. തനിക്ക് പിന്തുണയും സഹായവും നല്‍കിയ ആരെയും മറക്കുന്നില്ല പ്രേമ. കെ.ആര്‍. ബാലകൃഷ്ണന്റെ സുഹൃത്തായിരുന്ന സി.എ. അബൂബക്കറാണ് സ്റ്റേജില്‍ ആദ്യമായി പാടാന്‍ അവസരം നല്‍കിയത്. കോഴിക്കോട് ടൗണ്‍ഹാളില്‍ 13-ാം വയസ്സില്‍ ആ ഇഷ്ടഗാനം പ്രേമ പാടി. 'ഓ... സജ്നാ...'

ബാബുക്കയെ കൂടാതെ മുല്ലശ്ശേരി രാജു, കെ.പി. ഉമ്മര്‍ എന്നിവരുടെ പിന്തുണയും പാട്ടിന്റെ വഴിത്താരയില്‍ പ്രേമയ്ക്ക് കരുത്തായി. ഹട്ടന്‍സ് ഓര്‍ക്കസ്ട്രയില്‍ കെ.ആര്‍. വേണു, ബാലചന്ദ്രന്‍, രഘുകുമാര്‍, ലളിതാ ഡേവിഡ് എന്നിവര്‍ക്കൊപ്പം ഒട്ടേറെ വേദികളില്‍ പാട്ടുപാടിയ കാലം.

വര്‍ഷങ്ങള്‍ക്കിപ്പുറം ഗാനഗന്ധര്‍വന്‍ യേശുദാസ് കോഴിക്കോട്ടെത്തിയപ്പോള്‍ പ്രേമ കാണാനെത്തി. പി. സുശീല പാടിയ 'കിനാവിന്റെ കുഴിമാടത്തില്‍' എന്ന ഗാനം യേശുദാസിനൊപ്പം വേദിയില്‍ ആലപിച്ചു. എന്തേ ഇത്രകാലം പാടാതിരുന്നതെന്ന് യേശുദാസ് ചോദിച്ചു. പിന്നെ 2014-ല്‍ പി. ജയചന്ദ്രനൊപ്പം മാതൃഭൂമിയുടെ പിറന്നാളാഘോഷവേദിയിലും പ്രേമ പാടി. എസ്. ജാനകി നഗരത്തിലെത്തിയപ്പോള്‍ 'ചേട്ടത്തി'യിലെ ആ സംഗീതാനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു. ചിത്രത്തില്‍ ജാനകി പാടിയ 'കണ്ണനാമുണ്ണി ഉറങ്ങൂ' എന്ന ഗാനം പാടണമെന്ന് പറഞ്ഞപ്പോള്‍ അത് പ്രേമതന്നെ പാടിത്തരണമെന്ന് ജാനകി സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടു. മകന്‍ നിതിന്‍ ബാലകൃഷ്ണന്‍, മരുമകള്‍ ഫെമിന്‍, കൊച്ചുമകന്‍ അമല്‍ എന്നിവര്‍ക്കൊപ്പമാണ് കോഴിക്കോടിന്റെ ഈ അനുഗൃഹീത ഗായിക താമസിക്കുന്നത്. പരേതനായ എന്‍.വി. ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മകള്‍ നമിത കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ്. കോഴിക്കോട്ടെ സംഗീതപ്രേമികള്‍ക്ക് പ്രേമയെന്ന ഗായികയെ ഒരിക്കലും മറക്കാനാവില്ല. ടൗണ്‍ഹാളിലെയും ടാഗോറിലെയും മാനാഞ്ചിറയിലെയും സംഗീതസായാഹ്നങ്ങളില്‍ പെയ്തിറങ്ങിയ ആ സ്വരമാധുരി കേട്ടാസ്വദിച്ചവര്‍ ഒട്ടേറെയുണ്ടിവിടെ.

എങ്കിലും ഒന്നും വേണ്ട, മലയാളത്തിന്റെ സംഗീതപാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അതിലൊരു കണ്ണിയായി തന്നെയും കാണണമെന്ന ആഗ്രഹം മാത്രമേ ഈ ഗായികയ്ക്കുള്ളൂ.

Content Highlights : Prema kozhikode old playback singer interview k j yesudas p jayachandran