പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ചിത്രീകരണം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ പ്രണവിനൊപ്പമുള്ളൊരു ജാമിങ്ങ് സെഷന്റെ വീഡിയോ പങ്കുവയ്ക്കുകയാണ് വിനീത്. ഇരുവരുടെയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വിനീത് പാടുമ്പോൾ പ്രണവ് ​ഗിറ്റാറിൽ ഈണമിടുകയാണ്.

റോക്ക് ഓൺ എന്ന സിനിമയിലെ ‘പിച്ച്ലെ സാത് ദിനോം മേം’ എന്ന ​ഗാനമാണ് വിനീത് ആലപിക്കുന്നത്..‘ദാസന്റെയും വിജയന്റെയും മക്കളുടെ ജാമിങ്ങ്’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് സീരീസ് സിനിമകളിലെ പ്രധാന കഥാപാത്രങ്ങളാണ് ദാസനും വിജയനും. 

പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്‍ദുൾ വഹാബ് ആണ് 'ഹൃദയ'ത്തിൻറെ സംഗീത സംവിധായകൻ.

അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.

content highlights : pranav mohanlal vineeth sreenivasan jamming video hridayam movie