വിരലുകളിൽ സംഗീതമാന്ത്രികതയുമായി പ്രകാശ് ഉള്ളേരിയുടെ ഹാർമോണിയം കച്ചേരി. ഹിന്ദോളരാഗത്തിൽ ‘സാമജവരഗമന...’ യമൻ കല്യാണിയിൽ ‘കൃഷ്ണാ നീ ബേഗേനേ...’ തുടങ്ങിയ കീർത്തനങ്ങളായിരുന്നു ആദ്യം. ഒടുവിൽ സദസ്സ് ആവശ്യപ്പെട്ട ഇഷ്ടഗാനങ്ങൾ അവതരിപ്പിച്ച് അദ്ദേഹം ആസ്വാദകരെ കൈയിലെടുത്തു. ‘ഗുരുവായൂരമ്പലനടയിൽ ഒരുദിവസം ഞാൻ പോകും...’ എന്ന ഗാനംകൂടി ഹാർമോണിയത്തിലൂടെ ഒഴുകിപ്പരന്നപ്പോൾ സദസ്സ് മതിമറന്നിരുന്നു.

സൗന്ദരരാജൻ (വീണ), ചേർത്തല രാജേഷ് (ഫ്ളൂട്ട്), പാലക്കാട് മഹേഷ്‌കുമാർ (മൃദംഗം), മഹേഷ്‌മണി (തബല) എന്നിവർ അകമ്പടിനാദവുമായി ചേർന്നു. ഡോ. ആനയടി ധനലക്ഷ്മി, ബെംഗളൂരു രവികിരൺ എന്നിവരുടെ വായ്പാട്ടും സ്പെഷ്യൽ കച്ചേരിയിലുണ്ടായി. തുടർന്ന് പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയും സംഗീതാർച്ചന നടത്തി. സ്‌കൂൾ കലോത്സവങ്ങളിലെ താരം നിരഞ്ജനാമേനോൻ ഇലക്‌ട്രിക് ഗിറ്റാറിൽ ‘ഭജരെ യദുനാദം’ എന്ന കീർത്തനം വായിച്ച് കൈയടി നേടി.

 

Content Highlights: Prakash Ulliyeri harmonium concert at Chembai music fest 2021 Guruvayoor