മിലൻ, പ്രജേഷ് സെൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്, ശ്രീജിത്ത് പി രാജ് | മാതൃഭൂമി ലൈബ്രറി
ഒരാളെ പ്രശസ്തനാക്കാൻ അധികസമയമൊന്നും വേണ്ട സോഷ്യൽ മീഡിയക്ക്. പാട്ടുകാരാണെങ്കിൽ പറയുകയും വേണ്ട. അത്തരത്തിൽ ഒരുവീഡിയോയിലൂടെ പ്രശസ്തനായിരിക്കുകയാണ് തൃശ്ശൂർ മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ 13-കാരൻ മിലൻ. ക്ലാസ് മുറിയിലെ ഒഴിവുവേളയിൽ അധ്യാപകന്റെ നിർദേശപ്രകാരം മിലൻ ആലപിച്ച വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളേ എന്ന ഗാനം വൈറലാണിപ്പോൾ. ഗാനം ഹിറ്റായതോടെ ഒരു സന്തോഷ വാർത്ത ഈ ഗായകനെ തേടിയെത്തിയിരിക്കുകയാണ്.
വെള്ളത്തിന്റെ സംവിധായകൻ പ്രജേഷ് സെന്നിന്റെ പുതിയ ചിത്രത്തിൽ പാടാനുള്ള അവസരമാണ് മിലനെ തേടിയെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ പ്രജേഷ് സെൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മിലന്റെ വീഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു. അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നാണ് അദ്ദേഹം എഴുതിയത്.
ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്. നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ... മാറിയിരുന്നു. പ്രജേഷ് സെൻ കുറിച്ചു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
നേരത്തെ ഷഹബാസ് അമനും ബിജിബാലും അടക്കമുള്ളവർ മിലനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും മിലന്റെ പാട്ട് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. ചിത്രകാരനും പെയിന്റിങ് തൊഴിലാളിയുമായ കടമ്പോട് ആളുരുത്താൻ സുകുമാരന്റെയും പ്രസന്നയുടേയും മകനാണ് മിലൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..