പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷാ ചിത്രം രാധേ ശ്യാമിലെ പുതിയ ​ഗാനം പുറത്തിറങ്ങി. മലരോട് സായമേ എന്ന് തുടങ്ങുന്ന മനോഹര പ്രണയ​ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ജോ പോളിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകരനാണ് ഈണം പകർന്നിരിക്കുന്നത്.

സൂരജ് സന്തോഷാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ കന്നഡത്തിലും ​ഗാനം ആലപിച്ചിരിക്കുന്നത് സൂരജാണ്. സിദ് ശ്രീറാമാണ് തെലുങ്കിലും തമിഴിലും ​ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നത്.

പൂജ ​ഹെ​ഗ്ഡേയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായെത്തുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. 

പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. 

2018 ൽ തുടങ്ങിയ ചിത്രം കോവിഡും അനുബന്ധ ലോക്ഡൗണും കാരണം മൂന്ന് വർഷത്തോളമാണ് ചിത്രീകരണം നീണ്ട് പോയത്. 2022 ജനുവരി 14 ന് രാധേശ്യാം പ്രദര്‍ശനത്തിന് എത്തും.

Content Highlights : Prabhas Pooja Hegde movie Radhe Shyam song by Sooraj Santhosh Justin Prabhakaran