യേശുദാസിന്റെ കാസറ്റ് പ്ലെയറില്‍ നിന്ന് താമസമെന്തേ വരുവാന്‍ ഒഴുകുന്നു.

ഈ ഗാനം ആദ്യമായി കേട്ടപ്പോള്‍, ഇത് പാടിയ ആളുടെ ജീവിതത്തിലേക്ക് ഒരിക്കല്‍ കടന്നുചെല്ലൂമെന്ന് സങ്കല്പിച്ചിരുന്നോ?- പ്രഭ യേശുദാസിനോട് ഞങ്ങളുടെ ചോദ്യം...

ക്യാമറക്ക് മുന്നില്‍ മറുപടി പറയവേ, പ്രഭയുടെ ശബ്ദം ഇടറി. കണ്ണുകള്‍ നിറഞ്ഞു. ഈ ജീവിതം എനിക്ക് തന്ന സൗഭാഗ്യമാണത്. ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...'' കരച്ചിലിനിടയിലൂടെ അവര്‍ പറഞ്ഞു.

മലയാളത്തിലെ ആദ്യ മെഗാ സംഗീത പരമ്പരയായ ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദലഹരി' ദൂരദര്‍ശനു വേണ്ടി ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഞങ്ങള്‍ (എം എസ് നസീം, ഞാന്‍, സ്വയംഭൂ, അജ്മല്‍, മോഹന്‍, മോഹന്‍രാജ് ...) തിരുവാന്‍മിയൂരിലെ യേശുദാസിന്റെ വസതിയില്‍ എത്തിയത്. 1998 ല്‍.

കാസറ്റില്‍ നിന്ന് ഒഴുകിയ ഭാര്‍ഗ്ഗവീനിലയത്തിലെ തന്റെ തന്നെ യൗവ്വനയുക്തമായ ശബ്ദത്തോടൊപ്പം 'താമസമെന്തേ വെറുതെ' മൂളാന്‍ ശ്രമിക്കേ യേശുദാസ് പറഞ്ഞു, 'പറ്റില്ല. ഇനിയൊരിക്കലും അത് പോലെ പാടാന്‍ പറ്റില്ല. അന്നത്തെ പ്രായം, അന്നത്തെ കാലം, ആ അന്തരീക്ഷം, മനോവികാരങ്ങള്‍.. അതൊന്നും ഇനിയൊരിക്കലും പുനരാവിഷ്‌കരിക്കാന്‍ പറ്റില്ല....'

വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പടം വീണ്ടും കാണുമ്പോള്‍ ആ അനര്‍ഘ നിമിഷങ്ങള്‍ വീണ്ടും ഓര്‍മ്മയില്‍ തെളിയുന്നു.

Content Highlights: prabha yesudas thamasamenthe varuvan bhargavi nilayam vijaya nirmala malayalam ever green songs