ലയാള കവിതയെയും ചലച്ചിത്രഗാനരം​ഗത്തെയും സംബന്ധിച്ച് ഒ.എന്‍.വി എന്ന മൂന്നക്ഷരം വിതച്ച ഭാവനാസമ്പത്ത് അമൂല്യമാണ്. 2007ലെ ജ്ഞാനപീഠമുള്‍പ്പെടെ അനവധി അംഗീകാരങ്ങള്‍ നേടിയ ഈ മഹാപ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും മലയാളികളുടെ മനസ്സിൽ അമരനാണ്, ജീവിത​ഗന്ധിയായ കവിതകളിലൂടെ... പ്രണയത്തെയും വിരഹത്തെയും കോറിയിട്ട ഗാനങ്ങിലൂടെ... 

ഒ.എൻ.വിയുടെ  89-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ്. പ്രിയദർശൻ സംവിധാനം ചെയ്ത ​'ഗീതാഞ്ജലി'  ഒ.എൻ.വിയുടെ അവസാന കാല ചിത്രങ്ങളിലൊന്നായിരുന്നു. പോത്തൻകോട് ശാന്തി ​ഗിരി ആശ്രമത്തിൽ ചികിത്സയിലായിരുന്ന ഒ.എൻ.വി ആശുപത്രി കിടക്കയിൽ കിടന്നാണ് ചിത്രത്തിലെ മധുമതി പൂ വിരിഞ്ഞുവോ എന്ന ​ഗാനം എഴുതി ഡെന്നീസ് ജോസഫിന്റെ കെെകളിൽ ഏൽപ്പിച്ചത്. ഡെന്നീസ് ജോസഫിന്റെ ഓർമകളുടെ റീലുകൾ പിറകോട്ട് സഞ്ചരിക്കുന്നു....

പ്രിയദർശൻ ​ഗീതാഞ്ജലി എന്ന സിനിമ ഒരുക്കുന്ന സമയം. ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കുന്നത് ഞാനായിരുന്നു. വിദ്യാസാ​ഗറായിരുന്നു സം​ഗീതം. പ്രിയനും ഞാനും നേരത്തേ തന്നെ സിനിമകളിലെ പാട്ടുകളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. പാട്ടിന്റെ ഈണങ്ങളും വരികളുമെല്ലാം പരസ്പരം പങ്കുവയ്ക്കുന്ന ശീലം പണ്ടു മുതൽ തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലെ പാട്ടുകളും പ്രിയൻ എനിക്ക് അയച്ചു തന്നിരുന്നു. സം​ഗീതം എല്ലായ്പ്പോഴും ഞങ്ങളുടെ ചർച്ചകളിൽ കടന്നു വരാറുണ്ട്. 

അങ്ങനെ ഇരിക്കെയാണ് പ്രിയൻ ഒരാ​ഗ്രഹം എന്നോട് തുറന്ന് പറയുന്നത്. ​ഗീതാഞ്ജലിയിലെ പാട്ടുകൾ ഒ.എൻ.വി സാർ തന്നെ എഴുതണമെന്ന്.  പ്രിയനാണെങ്കിൽ ഒ.എൻ.വി സാറിനൊപ്പം അധികം പ്രവർത്തിച്ചിട്ടില്ല. പ്രിയൻ ഒ.എൻ.വി സാറിന്റെ വിദ്യാർഥിയായിരുന്നു. അധ്യപകൻ കൂടിയായതിനാൽ, പ്രിയന് അദ്ദേഹത്തോട് ബഹുമാനം കലർന്ന ഒരകർച്ചയായിരുന്നു. താൻ പാട്ടെഴുതി തരാൻ പറഞ്ഞാൽ അദ്ദേഹത്തിന് എന്തു തോന്നും, വഴക്കു പറയുമോ, പറ്റില്ല എന്ന് പറയുമോ അങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ മനസ്സിനെ അലട്ടിയതുകൊണ്ടായിരുന്നു ഒ.എൻ.വി സാറിനെ പ്രിയൻ അധികം സമീപിക്കാതിരുന്നത്. എനിക്കാണെങ്കിൽ അദ്ദേഹവുമായി കുറച്ചുകൂടി പരിചയം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു; 'താൻ അതോർത്ത് വിഷമിക്കേണ്ട, നമ്മുടെ പ്രായത്തിലുള്ള ആരേക്കാളും കംഫർട്ടബിളാണ് അദ്ദേഹം'. എന്റെ വാക്കുകൾ കേട്ടപ്പോൾ പ്രിയന് ആത്മവിശ്വാസമായി. അങ്ങനെ ഒ.എൻ.വി സാറിനോട് പ്രിയൻ തന്റെ ആ​ഗ്രഹം അറിയിച്ചു.  യാതൊരു മടിയും കൂടാതെ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു. 

Poet Lyricist ONV Kurup 89th birth anniversary Dennis Joseph Geethanjali Movie song Priyadarshan
പ്രിയദർശൻ, ഡെന്നീസ് ജോസഫ്

അങ്ങനെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു പാട്ടിന്റെ ഈണം കൂടി ചിട്ടപ്പെടുത്താൻ ബാക്കിയുണ്ടായിരുന്നു. അതിനിടെ ഒ.എൻ.വി സാർ സുഖമില്ലാതെ ശാന്തി​ഗിരി ആശ്രമത്തിൽ ചികിത്സയിലായി. പ്രിയൻ ആകെ ആശയകുഴപ്പത്തിലായി, ഒ.എൻ.വി സാർ വയ്യാതെ കിടക്കുകയാണ്, അദ്ദേ​ഹത്തോട് എങ്ങനെ ഈ സാഹചര്യത്തിൽ പാട്ടെഴുതാൻ പറയും. മറ്റാരേയെങ്കിലും സമീപിച്ചാൽ അത് ഒ.എൻ.വി സാറിനെ അപമാനിക്കുന്നതിന് തുല്യമാണ്. അതുപേക്ഷിക്കാനും നിവൃത്തിയില്ല, കാരണം സിനിമക്ക് ആ പാട്ട് അത്യവശ്യമായിരുന്നു. രണ്ടും കൽപ്പിച്ച് ഞാൻ ഒ.എൻ.വി സാറിന്റെ ഭാര്യയെ വിളിച്ച് കാര്യം അവതരിപ്പിച്ചു. ഞങ്ങളുടെ ആ​ഗ്രഹം അറിയിച്ചപ്പോൾ 'ഡെന്നീസ് ആ ട്യൂണുമായി വാ..'. എന്നായിരുന്നു അദ്ദേ​ഹത്തെ  മറുപടി. 

ഞാൻ ഒരു ടേപ്പ് റിക്കാർഡറുമായി ആശുപത്രിയിലേക്ക് പോയി. എന്റെ മനസ്സിൽ വല്ലാത്ത ആശങ്കയും വിഷമവും തളം കെട്ടി. വയ്യാതെ കിടക്കുന്ന സാറിനെ ഞാൻ ബുദ്ധിമുട്ടിക്കുകയാണെന്നൊക്കെ തോന്നി. ഞാൻ അവിടെ ചെന്നപ്പോൾ ബിനോയ് വിശ്വം (സി.പി.ഐ നേതാവ്) അവിടെയുണ്ടായിരുന്നു. ജനയു​ഗത്തിന്റെ വിശേഷാൽ പ്രതിക്ക് വേണ്ടി കവിത വാങ്ങാൻ വന്നതായിരുന്നു അദ്ദേഹം. ഒ.എൻ.വി സാറിന് സുഖമില്ല എന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തെ കണ്ട് ,കവിത വാങ്ങാതെ തന്നെ മടങ്ങാൻ ഒരുങ്ങുകയായിരുന്നു ബിനോയ്.  അതിനിടയിലേക്കാണ് ഞാൻ ടേപ്പ് റിക്കാർഡറുമായി കടന്നു ചെല്ലുന്നത്. അവരെല്ലാം എന്റെ വരവ് കണ്ട് അത്ഭുതപ്പെട്ടു നിൽക്കുകയാണ്.

ഞാൻ നോക്കുമ്പോൾ ഒ.എൻ.വി സാർ എന്നെ കാത്തിരിക്കുകയാണ്. എന്റെ പരിഭ്രമം കണ്ടിട്ടാകണം,  ഒ.എൻ.വി സാറിന്റെ ഭാര്യ പറഞ്ഞു; ‍'ഡെന്നീസ് പേടിക്കേണ്ട വളരെ സന്തോഷത്തോടെയാണ് അദ്ദേഹം പാട്ടെഴുതി തരുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഇന്നാണ് ഞാൻ അദ്ദേഹത്തെ ഇത്രയും ഊർജ്ജ സ്വലനായി കാണുന്നത്. എഴുത്തിൽ ഇത്രയും ഉത്സാഹം കാണിക്കുന്നത് തന്നെ നല്ല ലക്ഷണമാണ്.'

വിദ്യാസാ​ഗർ ചിട്ടപ്പെടുത്തിയ ഈണം ശ്രദ്ധയോടെ കേട്ടതിന് ശേഷം എഴുത്താരംഭിച്ചു.  ഒ.എൻ.വി സാറിന്റെ കെെകൾ ചലിക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെ ഉറ്റുനോക്കി.  വെറും 30 മിനിറ്റു അദ്ദേഹം എഴുതി തീർത്തു, ''മധുമതി പൂവിരിഞ്ഞുവോ......'' എന്ന മനോഹര ​ഗാനം. ഞാൻ അന്നൊരു സത്യം മനസ്സിലാക്കി, ഒ.എൻ.വി സാറിന്റെ ശരീരത്തിന് മാത്രമായിരുന്നു അസുഖം. അദ്ദേഹത്തിന്റെ തലച്ചോറും ബുദ്ധിയും നൂറു ശതമാനം ഉണർ‌ന്ന് പ്രവർത്തിക്കുകയായിരുന്നു എന്ന്. ഒ.എൻ‌.വി സാറിന്റെ അവസാന കാലത്തെ പാട്ടുകളിലൊന്നായിരുന്നു അത്. പാട്ടുമായി തിരിച്ചെത്തിയപ്പോൾ പ്രിയൻ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞു, ‍‍'ഡെന്നീസ് ഒ.എൻ.വി സാറിനൊപ്പം കുടൂതൽ വർക്ക് ചെയ്യേണ്ടതായിരുന്നു.'

മലയാള സിനിമയിലും സാഹിത്യലോകത്തും വേറിട്ട വ്യക്തിത്വമായിരുന്നു ഒ.എൻ.വി സാർ. വരികളുടെ കാര്യത്തിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അദ്ദേഹത്തോട് ഒരു മടിയും കൂടാതെ തുറന്ന് പറയാം. വിമർശനങ്ങളെ വളരെ സഹിഷ്ണുതയോടെ സ്വീകരിക്കുന്ന ഒരു തരിപോലും ഈ​ഗോയില്ലാത്ത ഒരാളായിരുന്നു. ​സമപ്രായക്കാരോടൊപ്പം പോലും ഇത്രയും സ്വതന്ത്രമായി നമുക്ക് പ്രവർത്തിക്കാൻ സാധിക്കുകയില്ല. മഹാപ്രതിഭയായിരുന്നു അദ്ദേഹം, മലയാള സിനിമാ സം​ഗീത രം​ഗത്തെ വയലാർ, പി. ഭാസ്കരൻ എന്നിവരെപ്പോലെ തന്നെ 'അന്തംവിട്ട' പ്രതിഭ എന്ന് പറയാം...

Content Highlights: Poet Lyricist ONV Kurup 89th birth anniversary, Dennis Joseph, Geethanjali, Movie song, Priyadarshan