'ഏക് പ്യാര്‍ കാ നഗ്മാ ഹേ....' പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ ഈ ഗാനം പാടിയ സ്ത്രീയെ ഓര്‍ക്കുന്നുണ്ടോ...മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
ഇപ്പോള്‍ ആ ദൈവിക ശബ്ദത്തിനുടമയെ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ആളുകള്‍.. കണ്ടെത്തുക മാത്രമല്ല അവര്‍ക്ക് വമ്പന്‍ മേക്കോവർ നൽകുകയും ചെയ്തു. രാണു മൊണ്ടാല്‍ എന്നാണ് ഈ സ്ത്രീയുടെ പേര്.. ഇവരുടെ മേക്കോവർ ചിത്രങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്.
ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്കിപ്പോള്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറയുന്നു.
ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. അതുപോലെ മുംബൈയില്‍ നടക്കുന്ന ഒരു റിയാലിറ്റി ഷോയില്‍ വിശിഷ്ടാതിഥിയായി ഇവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ചെലവും ഈ സ്പോണ്‍സര്‍മാര്‍ വഹിക്കും.
മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് .
ഷോറ എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം ലതാ മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയ നിത്യഹരിത ഗാനങ്ങളില്‍ ഒന്നായ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' ആയാസരഹിതമായി ആലപിക്കുന്ന രാണുവിന്റെ വീഡിയോ ആണ് വൈറലായിരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരും ഷെയറും വീഡിയോയ്ക്ക് ലഭിച്ചിരുന്നു.
Content Highlights : Platform Singer Old Lady Singing Lata Mangeshkar's Song Viral Video Ranu Mondal Makeover