നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ ഗായിക രഞ്ജിനി ജോസ് പുതിയ ഗാനവുമായി എത്തിയിരിക്കുകയാണ്.'അകലെ നിന്നുരുകും വെൺതാരം അരികെ നിന്നുരുകും നിൻ മൗനം...' എന്നുതുടങ്ങുന്ന ഗാനം രഞ്ജിനി ആലപിച്ച മുൻഗാനങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ്. ഒരു മെലഡി ടച്ചാണ് ഗാനത്തിന്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. സംവിധായകൻ പി കെ ബാബുരാജ് , നടി സുരഭി ലക്ഷ്മി, നടൻ വിനോദ് കോവൂർ എന്നിവർ തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ ഗാനം റിലീസ് ചെയ്തു.

ഗാനത്തിന് സംഗീതം നൽകിയത് രാജേഷ് ബാബു കെ ശൂരനാടും വരികളെഴുതിയത് സുജിത്ത് കറ്റോടുമാണ്. പാട്ട് ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. പെർഫ്യൂമിലെ ആദ്യഗാനവും സൂപ്പർഹിറ്റായിരുന്നു. മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയും പ്രശസ്ത ഗായകൻ പി കെ സുനിൽകുമാറും ചേർന്ന് ആലപിച്ച 'നീലവാനം താലമേന്തി പോരുമോ വാർമുകിലേ' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ടിനി ടോം, പ്രതാപ് പോത്തൻ, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ ഹരിദാസ് ഒരുക്കുന്ന ചിത്രമാണ് പെർഫ്യൂം. മോത്തി ജേക്കബ് പ്രൊഡക്ഷൻസും നന്ദനമുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെർഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Content highlights :perfume malayalam movie new song released sung by ranjini jose