ത്രവര്‍ഷം മാറിനിന്നാലും മാപ്പിളപ്പാട്ട്‌ നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ ശബ്ദം ആസ്വാദകര്‍ക്കൊപ്പമുണ്ടാവും. മൂന്ന്‌ വര്‍ഷം ശരീരത്തിന്റെ  ഒരു വശം തളര്‍ന്ന്‌ കിടന്നപ്പോഴും ഈ പാട്ടുകാരന്റെ മനസ്സില്‍ ഇശല്‍താളമായിരുന്നു. മൂന്ന്‌ വര്‍ഷം മാപ്പിളപ്പാട്ട്‌ രംഗത്തുനിന്ന്‌ പീര്‍മുഹമ്മദ്‌ മാറിനിന്നതുപോലും പലരും അറിഞ്ഞിരുന്നില്ല. അത്രയ്ക്കുണ്ട്  ഈ ​ഗായകന്റെ സ്വാധീനം. ആകാശവാണിക്ക്‌ വേണ്ടി അഞ്ച്‌ മാപ്പിളപ്പാട്ട്‌ ആലപിച്ചാണ് പീർ മുഹമ്മദ് എന്ന കലാകാരൻ 2011 ൽ തിരിച്ചുവരവറിയിച്ചത്.  ഒരു മാസത്തിനകം മാപ്പിളപ്പാട്ട്‌ വേദികളില്‍ പീര്‍മുഹമ്മദും സംഘവും സക്രിയമായി. ഒപ്പം മകന്‍ നിസാമും അദ്ദേഹത്തോടൊപ്പം എത്തി. താളത്തിനൊത്ത്‌ ചുവടുവെക്കുകയോ ആസ്വാദകരുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെല്ലുകയോ ചെയ്തില്ലെങ്കിലും പീര്‍ മുഹമ്മദിന്റെ ശബ്ദം ആസ്വാദകരിലേക്ക് ഒഴുകിയെത്തി. 

കാഫ്മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരവരിയായ്, അഴകേറുന്നോളേ വാ തുടങ്ങി ഇന്നും മാപ്പിളപ്പാട്ട്‌ വേദികളില്‍ കൈയടി നേടുന്ന പാട്ടുകളെല്ലാം ആദ്യം ആസ്വാദകരിലെത്തിയത്‌ പീര്‍ മുഹമ്മദിന്‍റെറ ശബ്ദത്തിലൂടെയാണ്‌.

പതിനായിരത്തോളം മാപ്പിളപ്പാട്ടുകളാണ്‌ പീര്‍ മുഹമ്മദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയത്‌. മാപ്പിളപ്പാട്ടുകാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഡിസ്‌ക്കുകളും കാസറ്റുകളും പുറത്തിറക്കിയ വ്യക്തി എന്ന ബഹുമതി ഇദ്ദേഹത്തിനാണ്‌. 150 ഗ്രാമഫോണ്‍ റെക്കോഡുകളും ആയിരത്തിന്‌ മുകളില്‍ കാസറ്റുകളും അദ്ദേഹത്തിന്‍റെറ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്‌. മലയാളത്തിലെ മാപ്പിളപ്പാട്ടുകൾ ആദ്യമായി മറ്റൊരു ഭാഷയില്‍ പാടിയതും ഇദ്ദേഹമാണ്‌. മാസ്റ്റര്‍ റെക്കോഡിങ്‌ കമ്പനിയുടെ 'മധുരഗാനങ്ങൾ' തമിഴില്‍ പുറത്തിറക്കിയപ്പോൾ പീര്‍ മുഹമ്മദും കല്ല്യാണിമേനോനും ചേര്‍ന്നാണ്‌ പാടിയത്‌, നിസ്ക്കാരപ്പായ നനഞ്ഞ്‌ കുതിര്‍ന്നല്ലോ... എന്ന പാട്ടാണ്‌ തമിഴില്‍ തൊഴുകൈ വിരിപ്പിങ്കേ കണ്ണീര്‍... എന്ന പാട്ടായി മാറിയത്‌.

1950 ല്‍ സ്കൂൾ വിദ്യാര്‍ഥിയായിരുന്ന കാലത്താണ്‌ ആദ്യത്തെ പാട്ട്‌ റെക്കോഡ്‌ ചെയ്തത്‌. അന്നത്തെ മദ്രാസിലെ ഹിസ്‌ മാസ്‌റ്റേഴ്‌സ്‌ വോയ്സ്‌ (എച്ച്‌. എം. വി.) ആണ്‌ ആ ഗ്രാമഫോണ്‍ റെക്കോഡ്‌ പുറത്തിറക്കിയത്‌. ഒ. വി. അബ്ദുള്ള രചിച്ച്‌ ടി.സി.ഉമ്മര്‍ ഈണം നല്‍കിയ കാമുകന്‍ വന്ന്‌ കാമുകിയെ കണ്ടു എന്ന പാട്ടാണ്‌ ആദ്യ പാട്ട്‌. സംഗീതാസ്വാദകനായ ഉപ്പ അനീസ്‌ അഹമ്മദാണ്‌ റെക്കോഡ്‌ ചെയ്യാന്‍ മദ്രാസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. മകനിലെ ഗായകനെ തിരിച്ചറിഞ്ഞ്‌ അദ്ദേഹം മകനെ പിന്നീട്‌ തലശ്ശേരിയിലെ ജനത മ്യൂസിക്‌ ക്ലബ്ബില്‍ ചേര്‍ത്തു. ക്ലബിന്റെ അമരക്കാരായിരുന്ന ടി.സി.ഉമ്മര്‍, ഒ.വി. അബ്ദുള്ള, സംഗീതസംവിധായകന്‍ എ.ടി. ഉമ്മര്‍ എന്നിവരാണ്‌ ആ കൊച്ചുകലാകാരന്‌ പ്രോത്സാഹനമേകി വളര്‍ത്തിയതെന്നാണ്‌ വിനയാമ്പിതനായ ഈ കലാകാരന്റെ പക്ഷം.

പീര്‍മുഹമ്മദ്‌ പാടിയ ആദ്യ ഗ്രാമഫോണ്‍ റെക്കോഡ്‌ പുറത്തിറങ്ങിയത്‌ ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രി സഭ നിലവില്‍വന്ന കാലത്തായിരുന്നു. അന്ന്‌ മുഖ്യമന്ത്രിയായ ഇ.എം.എസ്സിന്‌ കോഴിക്കോട്ട്‌ നല്‍കിയ ആദ്യസ്വീകരണച്ചടങ്ങില്‍ നാലാം ക്ലാസ്സുകാരനായ പീര്‍ ചുകപ്പേറും യവനിക പൊന്തിടുമ്പോൾ... എന്ന മാപ്പിളപ്പാട്ടുമായി വേദിയിലെത്തി കാണികളെ അത്ഭുതപ്പെടുത്തി. എച്ച്‌.എം. വി.ക്കു വേണ്ടി പാടിയ അഴകേറുന്നോളേ വാ എന്ന ഗാനമുൾപ്പെടുന്ന ഗ്രാമഫോണ്‍ റെക്കോഡ്‌ കേരളത്തില്‍ റെക്കോഡ്‌ വില്പന സൃഷ്ടിച്ചു. സി.എച്ച്‌. മുഹമ്മദ്‌ കോയ മരിച്ചപ്പോൾ ആദ്യം പുറത്തുവന്ന കാസറ്റ്‌ പി.ടി. അബ്ദുറഹിമാന്‍ എഴുതി പീര്‍ മുഹമ്മദ്‌ പാടിയ ബാഷ്പാഞ്ജലിയായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ പാടിയത്‌ അബ്ദുറഹിമാന്‍ എഴുതിയ പാട്ടുകളായിരുന്നു.

സര്‍ സയ്യിദ്‌ കോളേജിലെ പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ പീര്‍മുഹമ്മദ്‌ ആദ്യം ബ്ലൂ ജാക്‌സ്‌ ടീമിലെ ഗായകനായി. പിന്നീടാണ്‌ സ്വന്തം ട്രൂപ്പുമായി വേദികളിലെത്തിയത്‌. “അന്യരുടെ ഭൂമി", “തേന്‍തുള്ളി' എന്നീ രണ്ട്‌ മലയാള ചിത്രങ്ങളിലും ശബ്ദസാന്നിധ്യമറിയിച്ചു. കേരളത്തിലെ നിരവധി വേദികൾക്ക്‌ പുറമെ ദുബായ്‌, ഖത്തര്‍, കുവൈത്ത്‌, സൌദി, മസ്കറ്റ്‌ എന്നിവിടങ്ങളിലായി 800 ഓളം വിദേശപരിപാടികളിലും പാടിയിട്ടുണ്ട്‌. 1988 ല്‍ ദുബായില്‍ നടന്ന മാപ്പിളപ്പാട്ട്‌ മത്സരത്തില്‍ ഇഷ്ടഗായകനായി തിരഞ്ഞെടുത്തത്‌ പീര്‍മുഹമ്മദിനെയായിരുന്നു. മൂന്ന്‌ തവണ അഖിലകേരള മാപ്പിളപ്പാട്ട്‌ മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ പീര്‍മുഹമ്മദിനായിരുന്നു.

കേരള ഫോക് ലോർ അക്കാദമി അവാര്‍ഡ്‌, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ്‌, മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ അവാര്‍ഡ്‌, ഉബൈദ്‌ ട്രോഫി, ഗൾഫ്‌ മാപ്പിള അവാര്‍ഡ്‌ എന്നി അംഗീകാരങ്ങളും പീര്‍ മുഹമ്മദിന്‌ സ്വന്തമായുണ്ട്‌. “പുതിയ മാപ്പിളപ്പാട്ടുകൾ കാണാറും കേൾക്കാറുമില്ല. കൂട്ടത്തില്‍ നല്ല പാട്ടുകളുമുണ്ട്‌. എന്നാല്‍ കൂടുതലും മാപ്പിളപ്പാട്ടുകളോടുള്ള ദ്രോഹമായാണ്‌ തോന്നാറ്‌. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നവയും നശിപ്പിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്‌"- മാപ്പിളപ്പാട്ട്‌ എന്ന പേരിലുള്ള പുതിയപാട്ടുകളെ കുറിച്ച്‌ അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്‌.

ഒരു സംഗീതകുടുംബമാണ്‌ പീര്‍ മുഹമ്മദിന്റേത്‌. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ  “ബാല്യകാലസഖി” പി. ടി.അബ്ദുറഹ്മാന്‍ സംഗീതശില്പമാക്കിയപ്പോൾ പാടിയത്‌ അദ്ദേഹത്തിന്റെ ഭാര്യ രഹ്നയായിരുന്നു. സമീര്‍, നിസാം; ഷെറിന്‍, സാറ എന്നിവര്‍ മക്കൾ. നിസാം നിരവധി വേദികളിലും കാസ്റ്റുകളിലും പാടിയിട്ടുണ്ട്‌.

(പുനഃപ്രസിദ്ധീകരണം) 

Content Highlights: Peer Muhammed Renowned Mappilappattu Singer Passed Away