രു പതിവ് പ്രണയപരാജയ/വിരഹഗാനത്തിന്റെ ശൈലിയില്‍ നിന്ന് വിട്ടുമാറിയാണ് തമിഴിലെ മെഗാഹിറ്റ് ഗാനം വൈ ദിസ് കൊലവെറി ഡി... പുറത്തിറങ്ങിയത്, വൈറലാകുമെന്ന യാതൊരു പ്രതീക്ഷയും ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെച്ചുപുലര്‍ത്തിയിരുന്നില്ല എന്നതാണ് യാഥാർഥ്യം.  ആലാപനവും സംസാരവും ഇടകലര്‍ന്ന വിധത്തിലുള്ള ആ 'തംഗ്ലീഷ്' ഗാനം ദിവസങ്ങള്‍ക്കുള്ളിലാണ് ഹിറ്റ്ചാര്‍ട്ടിലേക്ക് നീങ്ങിയത്. നൂറ് കോടി വ്യൂസുമായി യൂട്യൂബിന്റെ ഗോള്‍ഡന്‍ ഹിറ്റ്‌സില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ ഗാനവും വൈ ദിസ് കൊലവെറിയായിരുന്നു. ഏഷ്യയിലുടനീളം ഏറ്റവുമധികം പേര്‍ അക്കാലത്ത് ഇന്റര്‍നെറ്റില്‍ തിരഞ്ഞതും കൊലവെറി ഗാനമാണ്.

അനിരുദ്ധിന്റെ ആദ്യഗാനം; രചന, ആലാപനം ധനുഷ്

പ്രണയപരാജയസാഹചര്യത്തില്‍ നായകന് പാടാന്‍ ലളിതമായൊരു ഗാനമായിരുന്നു 'ത്രീ' സിനിമയുടെ സംവിധായക ഐശ്വര്യ ആര്‍. ധനുഷിന്റെ ആവശ്യം. പത്ത് മിനിട്ടിലുള്ളിലാണ് അനിരുദ്ധ് രവിചന്ദര്‍ ഗാനത്തിന്റെ ഈണം തയ്യാറാക്കിയത്. അടുത്ത ഇരുപത് മിനിട്ടിനുള്ളില്‍ ധനുഷ് പാട്ടിന്റെ രചന പൂര്‍ത്തിയാക്കി. സാധാരണസംഭാഷണത്തിനിടെ അറിയാതെ കടന്നു വരുന്ന വിവിധ ഇംഗ്ലീഷ് പദങ്ങള്‍ വരികളില്‍ ഇടകലര്‍ത്തിയായിരുന്നു ധനുഷിന്റെ രചന. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്ത, വ്യാകരണച്ചിട്ടയില്ലാത്ത വിധത്തിലായിരുന്നു ഗാനത്തിന്റെ വരികള്‍. 'സൂപ്പ്' സോങ്('Soup' song) എന്നും ഗാനം അറിയപ്പെടുന്നു. പ്രണയപരാജയത്തെ തുടര്‍ന്നുണ്ടാകുന്ന അഗാധദുഃഖത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന തമിഴ് ഗ്രാമ്യപദമാണ് സൂപ്പ്. നായകന്റെ ദുഃഖമാണ് വിഷയമെങ്കിലും വൈ ദിസ് കൊലവെറി ഡി ഒരു സിംപിള്‍, പെപ്പി നമ്പറായിരുന്നു. ഇതായിരുന്നു ഗാനത്തിന്റെ വിജയവും. ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഗാനം അവിചാരിതമായി ചോരുകയും ഇന്റര്‍നെറ്റില്‍ വന്‍തോതില്‍ പ്രചാരണം നേടുകയും ചെയ്തു.

Anirudh, Aishwarya Dhanush
അനിരുദ്ധും ഐശ്വര്യ ധനുഷും  | Photo : Facebook / Anirudh Ravichander

നാദസ്വരം, ഷെഹ്നായി, സാക്‌സ്‌ഫോണ്‍, തവില്‍, ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങി ഒട്ടുമിക്ക സംഗീതോപകരണങ്ങളും പിന്നണിക്കായി ഉപയോഗിച്ച് കൊലവെറി സോങ്ങിന് ഒരു പരിപൂര്‍ണ തമിഴ് നാടോടി ഗാനത്തിന്റെ സ്‌റ്റൈലൊരുക്കാന്‍ സംഗീതസംവിധായകന് സാധിച്ചു. മദ്യപിച്ച ലക്കു കെട്ട ഒരുവനെ പോലെയാണ് ധനുഷ് ഈ ഗാനം ആലപിച്ചത്. വൈ ദിസ് കൊലവെറി ഡിയ്ക്ക് സംവിധായക ആഗ്രഹിച്ച സംഗീതതലം പകര്‍ന്നു നല്‍കാന്‍ ഇതിന് സാധിച്ചു. പതിവ് സാഹിത്യശൈലിയില്‍ നിന്ന് മാറി അര്‍ഥമില്ലാത്ത വിധം അസാധാരണപദങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ ഗാനത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

കൊലവെറി തൂത്തുവാരിയ റെക്കോഡുകള്‍

റിലീസിന് ശേഷം തുടര്‍ച്ചയായി മൂന്ന് ദിവസം ട്വിറ്ററിലെ ഇന്ത്യന്‍ ട്രെന്‍ഡ്‌സില്‍ kolaveri എന്ന ഹാഷ്ടാഗ് ടോപ്പില്‍ തുടര്‍ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ യൂട്യൂബിലൂടെ 35 ലക്ഷത്തിലധികം പേരാണ് ഗാനത്തിന്റെ വീഡിയോ കണ്ടത്. ഫെയ്‌സ്ബുക്കില്‍ പത്ത് ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. റിലീസ് ചെയ്ത് പതിനെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 41 ലക്ഷത്തിലധികം പേര്‍ മൊബൈല്‍ ഫോണിലൂടെ ഗാനം ഡൗണ്‍ ലോഡ് ചെയ്തു. റൗഡി ബേബി എത്തുന്നതു വരെ യൂട്യൂബിലൂടെ ഏറ്റവുമധികം പേര്‍ കണ്ട തമിഴ് ഗാനമായി വൈ ദിസ് കൊലവെറി  തുടര്‍ന്നു.

സിംപിളായി ആലപിക്കാന്‍ കഴിയുന്ന ഗാനമെന്ന നിലയിലും വൈ ദിസ് കൊലവെറിയ്ക്ക് ആഗോളസ്വീകാര്യത ലഭിച്ചു. പല ഭാഷകളില്‍ കൊലവെറിഗാനത്തിന് പുതിയ വേര്‍ഷനുകളുണ്ടായി.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാര്‍ട്ടികളിലും സ്റ്റേജ് പ്രോഗ്രാമുകളിലും കൊലവെറി ഗാനം സ്ഥിരമായി കേട്ടു. കൊലവെറിഗാനത്തിനൊത്ത് ചുവട് വെച്ച് പുറത്തിറങ്ങിയ വീഡിയോകളും ഗാനത്തിന്റെ ജനപ്രിയത വര്‍ധിപ്പിച്ചു. ഭൂഖണ്ഡഭേദമില്ലാതെ കൊലവെറി ഗാനത്തിന്റെ വിവിധഭാഷാപാരഡികളിറങ്ങി. ഇംഗ്ലീഷും ഡച്ചും ടർക്കിഷും കൊലവെറി ഗാനത്തിന്റെ ഈണത്തിൽ പാടി. പല പ്രമുഖരും കൊലവെറിഗാനം പാടുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

സ്വീകാര്യതയ്ക്കൊപ്പം വിമർശനങ്ങളും

വൻഹിറ്റിലേക്ക് നീങ്ങുമ്പോഴും കൊലവെറി ഗാനത്തിന് നേരെ സംഗീതമേഖലയിലെ പ്രമുഖരുൾപ്പെടെയുള്ളവരിൽ നിന്ന് വിമർശനങ്ങളുയർന്നു. വിവേകശൂന്യമായ ഗാനമെന്ന് തുടങ്ങി കൗമാരക്കാരെ വഴിതെറ്റിക്കുന്ന ഗാനമെന്ന ലേബൽ വരെ ഉയർന്നു. തനത് തമിഴ്ഭാഷയെ തരം താഴ്ത്തുന്നതാണ് ഗാനമെന്ന വിമർശനവും ഗാനത്തെ തേടിയെത്തി. കൊലവെറി ഗാനത്തിന് പിന്നാലെ  പല സിനിമകളിലും അത്തരം ഗാനങ്ങൾ ഉൾക്കൊള്ളിച്ചതും കൂടുതൽ വിമർശനങ്ങൾക്ക് വഴിതെളിച്ചു. സംസ്കാരത്തിനും മാതൃഭാഷയ്ക്കും വേണ്ടി പലയിടത്തു നിന്നും മുറവിളികളുയർന്നു.

Dhanush, Anirudh Ravichander
ധനുഷും അനിരുദ്ധും | Photo : Facebook / Anirudh Ravichander

ഇവയ്ക്കുപരിയായി വൈ ദിസ് കൊലവെറി ഡി ഗാനം തമിഴ്സിനിമാലോകത്തിലെ മെഗാഹിറ്റായി. ഗായകനെന്ന നിലയിലും നായകനെന്ന നിലയിലും ധനുഷിന്റെ സിനിമാജീവിതത്തിലെ പ്രധാനസംഗതി കൂടിയായി വൈ ദിസ് കൊലവെറി. അനിരുദ്ധിന്റെ ഫിലിം മ്യൂസിക് കരിയറിലെ ആദ്യഗാനം തന്നെ വൻഹിറ്റായത് അദ്ദേഹത്തിനും അംഗീകാരങ്ങൾ നേടിക്കൊടുത്തു. തമിഴ് സിനിമാസംഗീതലോകത്തിൽ ആ ഇരുപത്തിയൊന്നുകാരന്റെ പേരും കുട്ടിച്ചേർക്കപ്പെട്ടു. സംവിധായകയുടെ ആവശ്യപ്രകാരം ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ വിജയം 'ത്രീ' എന്ന സിനിമയ്ക്ക് വൻ മൈലേജാണ് നൽകിയത്.