ഒരു പാട്ട് ആവര്‍ത്തിച്ച് കേള്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുണ്ടാവും. ഈണമാവാം, വരികളാവാം ചിലപ്പോള്‍ താളമാവാം. വീണ്ടും വീണ്ടും കേട്ടിട്ടും മടുക്കാത്ത, എപ്പോള്‍ കേട്ടാലും ഫ്രഷ് ആയി തോന്നുന്ന വൈറല്‍ ഗാനങ്ങള്‍ നിരവധി. അത്തരം ഗാനങ്ങളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് 'പാട്ട് ഏറ്റുപാട്ട്‌'

തികച്ചും അപ്രതീക്ഷിതമായിരുന്നു ലജ്ജാവതിയേ ...എന്ന ​ഗാനത്തിന്റെ ക്രാഷ് ലാൻഡിങ്. വേറിട്ട ഈണവും ജാസി ഗിഫ്റ്റിന്റെ ശബ്ദവും ഒത്തുചേർന്ന് മലയാളി ശ്രോതാക്കൾക്ക്  അന്നോളം  അപരിചിതമായ ഒരു ​ഗാനാനുഭവം പകർന്ന് ലജ്ജാവതിയേ എന്ന ഗാനം റോക്കറ്റ് വേഗത്തിലാണ് ഹിറ്റ്‌ലിസ്റ്റിലേക്ക് ഇടം നേടിയത്. ലജ്ജാവതി കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക്  കടന്നുവരുന്നത് ആശങ്കകളേതുമില്ലാത്ത ക്യാംപസ് പ്രണയവും ആടിപ്പാടുന്ന ഭരതും ​ഗോപികയും ​ഗാനത്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന കേരളത്തനിമയുള്ള രം​ഗങ്ങളും  പ്രണയ​ഗാനത്തിന് ഒട്ടും ചേരാനിടയില്ലെന്ന് മുൻവിധിക്കാനിടയുള്ള  ജാസിയുടെ ശബ്ദവും  ഇടയ്ക്ക് കടന്നുവരുന്ന ഇംഗീഷ് റാപ്പ് വരികളുമാണ്. പുതിയ തരത്തിലുള്ള ഈണവും റാപ്പും വ്യത്യസ്തമായ ആലാപനവും കൊണ്ട്  ജാസി ​ഗിഫ്റ്റ് എന്ന സം​ഗീതസംവിധായകൻ നേടിയത് മലയാള സിനിമാ​ഗാനചരിത്രത്തിൽ സ്വന്തമായൊരിടമാണ്. 

സൂപ്പര്‍ ഹിറ്റായ ഫോര്‍ ദ പീപ്പിളും മെഗാഹിറ്റായ ലജ്ജാവതിയും

ഫോര്‍ ദ പീപ്പിള്‍ എന്ന ജയരാജ് സിനിമയ്ക്ക് വേണ്ടി ജാസി ഗിഫ്റ്റ് ഈണമിട്ട ഗാനം കേരളക്കരയെ മൊത്തമായാണ് ഇളക്കി മറിച്ചത്. 2004-ല്‍ ലജ്ജാവതിയേ നിന്‍ കള്ളക്കടക്കണ്ണില്‍ എന്ന ഗാനം പുറത്തിറങ്ങുന്നതു വരെ മലയാളിയുടെ 'ലജ്ജാവതി'ക്ക് മറ്റൊരു രൂപവും ഭാവവുമായിരുന്നു. പാട്ടിന്റെ ഈണത്തേയും ഗായകനേയും അംഗീകരിക്കാന്‍ ആദ്യമൊന്ന് മടിച്ചവര്‍ പോലും പിന്നീട് നൂറ് കണക്കിന് തവണ ലജ്ജാവതിയേയും ഫോര്‍ ദ പീപ്പിളിലെ മറ്റു ഗാനങ്ങളും കേട്ടു. അന്നക്കിളിയും ബല്ലേ ബല്ലേയും വേദികളില്‍ മുഴങ്ങി, പ്രായഭേദമെന്യേ ലജ്ജാവതിയുടെ പ്രണയികള്‍ ചുവടുവെച്ചു. സിനിമാഗാനചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിത്തീര്‍ന്ന ഇന്നും മടുപ്പിക്കാത്ത ലജ്ജാവതിയ്ക്ക് പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകര്‍ ഏറെ. 

2004 ലാണ് ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമ പുറത്തിറങ്ങിയത്. നാല്‍പത് ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. മൂന്ന് കോടിയോളം രൂപ ചിത്രം നേടി എന്നാണ് കണക്കുകള്‍. ചിത്രത്തിന്റെ കഥ സംവിധായകന്‍ ജയരാജും ഇഖ്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്നാണ് തയ്യാറാക്കിയത്. ഭരത്, നരെയ്ന്‍, അരുണ്‍, അര്‍ജുന്‍ ബോസ്, ഗോപിക, പ്രണതി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഫോര്‍ ദ പീപ്പിളിന് തുടര്‍ച്ചയായി ബൈ ദ പീപ്പിള്‍(2005), ഓഫ് ദ പിപ്പീള്‍(2008)എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. 

മലയാളത്തെ ഞെട്ടിച്ച ജാസി

ജാസിയുടെ വേറിട്ട ശബ്ദമായിരുന്നു ലജ്ജാവതിയുടെ ഹൈലൈറ്റ്. മലയാളത്തിലെ മറ്റ് ഭാവസുന്ദര ശബ്ദസൗകുമാര്യ ഗായകരുടെ ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദം കേട്ട സംഗീതപ്രേമികള്‍ ആദ്യമൊന്നു ഞെട്ടി. ഇതേതാ ഈ പാട്ടുകാരനെന്ന മട്ടില്‍ ജാസിയുടെ നേരെ അമ്പരന്നവരും വാക്കുകള്‍ കൊണ്ട് കല്ലെറിഞ്ഞവരും കുറവല്ല. എന്നാല്‍ ലജ്ജാവതിയേ എന്ന ഗാനം പാടാനിരുന്ന പ്രശസ്തഗായകന്‍ അദ്‌നാന്‍ സാമിയുടെ ഡേറ്റിനുണ്ടായ പ്രശ്‌നം കാരണം ലജ്ജാവതി ജാസിയുടെ ശബ്ദത്തില്‍ തന്നെ പുറത്ത് വരണമെന്നത് നിയോഗമായിരുന്നു. ജാസി തന്നെ പാടിയ ട്രാക്ക് കേട്ട് അതേ വോയ്‌സില്‍ തന്നെ ഗാനം ചിത്രത്തിലുപയോഗിക്കാമെന്നത് ഭരത് അടക്കമുള്ളവരുടെ അഭിപ്രായവും സംവിധായകന്‍ ജയരാജിന്റെ തീരുമാനവുമായിരുന്നു. എസ്റ്റാബ്ലിഷ്ഡ് ആയ ഗായകര്‍ പാടുന്നതിനിടെ തന്റെ ഗാനം എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്ക ജാസിക്കുണ്ടായിരുന്നെങ്കിലും പിന്നെയുണ്ടായത് ചരിത്രം.

Jassie Gift, Kaithapram Damodaran Namboothiri
ജാസി ഗിഫ്റ്റ് (ഫോട്ടോ:വി.പി.പ്രവീണ്‍ കുമാര്‍), കൈതപ്രം (ഫോട്ടോ: മധുരാജ്)

ക്രെഡിറ്റ് ഗോസ് ടു ജയരാജ്

വരികള്‍ എഴുതിയ ശേഷമാണ് ഫോര്‍ ദ പീപ്പിളിലെ പാട്ടുകള്‍ക്ക് ഈണമിട്ടത്. പത്ത് മിനിറ്റ് കൊണ്ടാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ലജ്ജാവതിയ്ക്ക് വരികള്‍ എഴുതിയത്. താഴംപൂവും താമരത്താരും കണ്ണാടിപ്പുഴയും കളിയോടവും വെള്ളാരംകല്ലുമൊക്കെ താളക്രമത്തിലെത്തിയ പാട്ടിന്റെ സാഹിത്യഭംഗിയും അതിഗംഭീരമായിരുന്നു. ഇംഗ്ലീഷ് വരികള്‍ പിന്നീടാണ് ഗാനത്തില്‍ ചേര്‍ത്തത്.

Director Jayaraj
ജയരാജ് (ഫോട്ടോ: ജി.ശിവപ്രസാദ്)

ചിത്രത്തിലെ ഗാനങ്ങള്‍ വ്യത്യസ്തമായിരിക്കണമെന്ന് സംവിധായകന്‍ ജയരാജിന് നിര്‍ബന്ധമുണ്ടായിരുന്നു. ഗാനത്തില്‍ റാപ്പ് ചേര്‍ക്കാനുള്ള ആശയവും സംവിധായകന്റേതായിരുന്നു. സുന്ദരമായ വരികളുടെ ഭംഗി ചോരാതെ വെസ്റ്റേണ്‍ സംഗീതം കൂട്ടിച്ചേര്‍ത്തത് മലയാളസിനിമാഗാനമേഖലയില്‍ പുതിയൊരു പരീക്ഷണമായിരുന്നു. ഗാനങ്ങള്‍ വമ്പന്‍ ഹിറ്റായി. കാലാതിവര്‍ത്തിയായി തുടരാൻ ലജ്ജാവതിയ്ക്കും ഫോര്‍ ദ പീപ്പിളിലെ മറ്റ് ഗാനങ്ങള്‍ക്കും സാധിച്ചു.

സംഗീതസംവിധായകനെന്ന നിലയില്‍ ജാസി ഗിഫ്റ്റിന്റെ ആദ്യ സിനിമയായിരുന്നു ഫോര്‍ ദ പീപ്പിള്‍. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ഈണമിട്ടത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഗാനരചന നിര്‍വഹിച്ചത്. ഗാനങ്ങള്‍ക്കിടെ ഇംഗ്ലീഷ് വരികളും റാപ്പും ഇടം പിടിച്ചത് സംവിധായകന്‍ ജയരാജിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഗാനത്തിന്റെ ട്രീറ്റ്‌മെന്റ് തികച്ചും വ്യത്യസ്തമായിരുന്നു. പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. ജാസി, ജ്യോത്സ്‌ന, ദീപാങ്കുരന്‍, പ്രതാപ് ചന്ദ്രന്‍, ഫര്‍ഹദ്, രാമ വര്‍മ എന്നിവരാണ് പിന്നണി ഗായകര്‍. 

ഇന്നും തുടരുന്ന ലജ്ജാവതിയുടെ ഇന്ദ്രജാലം

'every time I wanna see you my girl' എന്ന് റാപ്പ് പറഞ്ഞ് തീരുന്നിടത്ത് തുടങ്ങുന്ന ലജ്ജാവതിയുടെ കള്ളക്കടക്കണ്ണില്‍ ഇന്നും മയങ്ങുന്നവര്‍ ഏറെയാണ്. ഏതൊരിന്ദ്രജാലമിന്ന് കളമിടുമനുരാഗമായ് എന്നുള്‍പ്പെടെയുള്ള കൈതപ്രം വരികള്‍ക്ക് ജാസി നല്‍കിയ ഈണത്തിന് ഒരിന്ദ്രജാലമുണ്ടായിരുന്നുവെന്നത് സത്യം. പിന്നീട് ഫോര്‍ സ്റ്റുഡന്റ്‌സ് എന്ന് പേരില്‍ തമിഴിലേക്കും യുവസേന എന്ന പേരില്‍ തെലുഗിലേക്കും മൊഴിമാറ്റം ചെയ്തപ്പോഴും ഫോര്‍ ദ പീപ്പിളിലെ ഈണങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. അന്യഭാഷകളിലും ലജ്ജാവതിയുള്‍പ്പെടെയുള്ളവ ഹിറ്റായി. അതിലപ്പുറം ജാസി ഗിഫ്റ്റ് എന്ന ഗായകനേയും സംഗീതസംവിധായകനേയും ദക്ഷിണേന്ത്യന്‍ സിനിമാമേഖല ഏറ്റെടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞു, ലജ്ജാവതി ഇപ്പോഴും മലയാളസിനിമഗാനങ്ങളിലെ ഏറ്റവും ടോപ്പ് ഗാനങ്ങളില്‍ ഒന്നായി തന്നെ തുടരുന്നു, ഒരു ട്രെന്‍ഡ് സെറ്ററായി ഇനിയും തുടരുമെന്നതില്‍ സംശയമില്ല.

Video Review: Paul Joseph (Drummer, Pianist / Tritonz Music)

Content Highlights: Lajjavathiye song from the movie four the people set a new trend in malayalam music industry.