യൂട്യൂബില്‍ നൂറ് കോടി വ്യൂസ് കടന്ന ആദ്യഗാനം, പത്ത് ലക്ഷത്തിലധികം ലൈക്ക് നേടിയ ആദ്യ യൂട്യൂബ് ഗാനം- കഴിഞ്ഞില്ല, നൂറ് കോടി കടന്ന് യൂട്യൂബില്‍ ഇരുനൂറ് കോടി വ്യൂസ് കടന്ന ആദ്യഗാനമെന്ന ലേബലും നേടിയ 2012-ല്‍ റിലീസായ Gangnam Style ഇപ്പോഴും ടോപ്പ് ടെന്നില്‍ തന്നെ തുടരുന്നതില്‍നിന്ന് ഗാനത്തിന്റെ ജനപ്രിയത വ്യക്തം. പിന്നീട് ഡെസ്പാസിതോയും ഷേപ്പ് ഓഫ് യൂവുമൊക്കെ ഗങ്നം സ്‌റ്റൈലിനെ മറി കടന്നുപോകുമ്പോഴും ആ കൊറിയന്‍ ഗാനവും സൈയും സൃഷ്ടിച്ച ആവേശത്തില്‍ തെല്ലും കുറവ് വന്നില്ലെന്നുള്ളതാണ് യഥാര്‍ഥ്യം.  

സൈ ഫ്രം ദ സൈക്കോവേള്‍ഡിലൂടെ വന്ന പാക് ജേ-സാങ് (Park Jae-sang) അഥവാ PSY എന്ന ഗായകന്‍

2001 ജനുവരിയിലാണ് സൈയുടെ ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. 'അനുചിതമായ ഉള്ളടക്കം' എന്ന കാരണത്താല്‍ ആല്‍ബത്തിനെതിരെ ദക്ഷിണ കൊറിയന്‍ ഭരണകൂടം പിഴ ചുമത്തി. അര്‍ഥമില്ലാത്തതും അശ്ലീലത നിറഞ്ഞതുമായ ഗാനത്തിന്റെ വരികളും അലക്ഷ്യമായ വിധത്തിലുള്ള സൈയുടെ നൃത്തവും ഗാനാവതരണവുമെല്ലാം സൈയെ കുപ്രസിദ്ധനാക്കി. 'വിചിത്രഗായകന്‍' എന്ന പട്ടം സംഗീതപ്രേമികള്‍ സൈയ്ക്ക് ചാര്‍ത്തി നല്‍കി. 2002-ല്‍ Sa 2 എന്ന രണ്ടാമത്തെ ആല്‍ബം പുറത്തിറങ്ങിയതോടെ സൈ ശരിക്കും 'സൈക്കോ'യാണെന്ന് കലാസ്വാദകര്‍ വിധിയെഴുതി. കുട്ടികളേയും കൗമാരക്കാരേയും വഴി തെറ്റിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് 2002-ല്‍  Sa 2-ന് ഭാഗിക വിലക്കേര്‍പ്പെടുത്തി.

യൂട്യൂബില്‍ 400 കോടി വ്യൂസ് കടന്ന ആദ്യ കൊറിയന്‍ പോപ്പ് ഗാനമാണ് ഗങ്‌നം സ്റ്റൈല്‍. ലോകത്തെ ഒന്നടങ്കം തന്റെ പാട്ടിനൊത്ത് ചുവടുവെപ്പിക്കാന്‍ സാധിച്ച ആദ്യ മ്യൂസിക്കല്‍ സ്റ്റാറാണ് സൈ എന്ന കാര്യത്തില്‍ സംശയമില്ല. സൈയുടെ ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലെ ഫോളോ​വേഴ്‌സിന്റെ എണ്ണം സൂചിപ്പിക്കുന്നത് സൈയുടെ ഗാനങ്ങള്‍ സംഗീതാസ്വാദകരില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വ്യാപ്തിയാണ്. 

അക്കൊല്ലം സെപ്റ്റംബറില്‍ സൈയുടെ മൂന്നാമത്തെ ആല്‍ബം 3 Psy പുറത്തിറങ്ങി. സിയോളില്‍ നടന്ന ലോകകപ്പിന്റെ സ്വാധീനത്താല്‍ ആല്‍ബത്തിലെ ചാമ്പ്യന്‍ എന്ന ടൈറ്റില്‍ സോങ് വന്‍ വിജയമായി. ചെറുവിവാദങ്ങള്‍ക്കിടയിലും അക്കൊല്ലത്തെ സിയോള്‍ മ്യൂസിക് അവാര്‍ഡില്‍ മികച്ച ഗാനരചനയ്ക്ക് സൈ അംഗീകരിക്കപ്പെട്ടു. വന്‍വ്യവസായിയായ പാക് വോണ-ഹോയുടേയും ഹോട്ടല്‍ ബിസിനസ്സുകാരിയായ കിം യങ്-ഹീയുടെ പുത്രനും പഠനത്തില്‍ ഉഴപ്പനും അധ്യാപകരുടെ നോട്ടപ്പുള്ളിയുമായിരുന്ന പാക് ജേ-സാങ്ങിന്റെ ഗ്രാഫ് മ്യൂസിഷനെന്ന നിലയില്‍ അങ്ങനെ ഉയരാനാരംഭിച്ചു.

Gangnam Style
Image: Instagram / 42psy42

2006-ല്‍ പുറത്തിറങ്ങിയ Ssajib എന്ന നാലാമത്തെ ആല്‍ബം എസ്ബിഎസ് മ്യൂസിക് അവാര്‍ഡും ഹോങ് കോങ്ങിലെ എംനെറ്റ് ഏഷ്യന്‍ മ്യൂസിക് അവാര്‍ഡും നേടി. തുടര്‍ന്ന് നാല് കൊല്ലത്തോളം സൈയുടെ മ്യൂസിക് കരിയറില്‍ ഒരിടവേള വന്നു. രാജ്യത്തെ നിര്‍ബന്ധിത സൈനിക സേവനത്തോടനുബന്ധിച്ചായിരുന്നു അത്. 2009-ല്‍ മടങ്ങിയെത്തിയ സൈയുടെ അഞ്ചാമത്തെ ആല്‍ബമായ PsyFive 2010-ല്‍ റിലീസ് ചെയ്തു. ആല്‍ബത്തിലെ Right Now എന്ന ലീഡിങ് ഗാനം 'Life is a toxic alcohol' തുടങ്ങിയ വരികളെ തുടര്‍ന്ന് ഭാഗികമായി വിലക്കപ്പെട്ടു.

ബില്യണ്‍ ഡോളര്‍ ഇന്‍ഡസ്ട്രിയായ K-Pop ലെ ആദ്യ പത്ത് ധനികരില്‍ ഒരാളാണ് ഗ്ലോബല്‍ സെന്‍സേഷനായ സൈ. ധനിക കുടുംബത്തിലെ അംഗമാണെങ്കിലും സംഗീതലോകത്ത് സ്വന്തമായൊരിടം സൈ കെട്ടിപ്പടുത്തത് സ്വപ്രയത്‌നത്താലാണ്. കെ-പോപ്പിലെ പ്രശസ്തരായ പല താരങ്ങളും സൈയുടെ എന്റര്‍ടെയ്ന്‍മെന്റ് ഏജന്‍സിയായ P Nation ല്‍ സഹകരിക്കുന്നുണ്ട്. 

ഗങ്‌നം സ്റ്റൈലിന്റെ മാസ് എന്‍ട്രി- സൈ ആഗോളപ്രശസ്തനാകുന്നു

2012 ജൂലായില്‍ സൈയുടെ പുതിയ ആല്‍ബം Psy 6 (Six Rules),Part 1 ഗങ്‌നം സ്‌റ്റൈലും പുറത്തിറങ്ങിയതോടെ സൈ കൊറിയന്‍ പോപ് സംഗീതത്തിന്റെ ഐക്കണായി മാറുകയായിരുന്നു. ഓഗസ്റ്റ് 14-ന് യൂട്യൂബിന്റെ മോസ്റ്റ് വ്യൂവ്ഡ് വീഡിയോസ് മന്ത്‌ലി ചാര്‍ട്ടില്‍ ഗങ്‌നം സ്റ്റൈല്‍ നമ്പര്‍ വണ്ണായി. ജസ്റ്റിന്‍ ബീബറേയും കാറ്റി പെറിയേയും മറികടന്ന് സൈ കുതിച്ചു. കാറ്റി പെറിയും ബ്രിട്ട്‌നി സ്പിയേഴ്സും ടോം ക്രൂയിസും ഗങ്‌നം സ്‌റ്റൈലിനെ കുറിച്ച് ട്വീറ്റ് ചെയ്തു, സൈ ലോകപ്രശസ്തനായി. അദ്ദേഹത്തിന്റെ മുന്‍ ആല്‍ബങ്ങള്‍ തിരഞ്ഞ് ആരാധകരെത്തി.

റാപ്പും ലജ്ജാവതിയും പിന്നെ ജാസിയും...

ഹാസ്യവും അശ്ലീലതയും നിറഞ്ഞ ഗങ്‌നം സ്‌റ്റൈല്‍ പകര്‍ന്നത് ഹൈ വോള്‍ട്ട് എനര്‍ജിയായിരുന്നു. കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും യൂട്യൂബില്‍ സൈയെ തിരഞ്ഞെത്തി. നവംബറില്‍ ജസ്റ്റിന്‍ ബീബറിന്റെ ഗാനത്തെ മറികടന്ന് ഗങ്‌നം സ്‌റ്റൈല്‍ യൂട്യൂബില്‍ ഒന്നാം സ്ഥാനത്തെത്തി. ബീബറിന്റെ ബേബിയേക്കാള്‍ പതിനൊന്നിരട്ടി വേഗത്തിലായിരുന്നു സൈയുടെ ഗാനം ഒന്നാമതെത്തിയത്. ഗങ്‌നം സ്‌റ്റൈല്‍ നാല് പ്രമുഖ അവാര്‍ഡുകള്‍ നേടി. അവാര്‍ഡുകളുടെ ചരിത്രം കൂടി മാറ്റിയെഴുതുന്നതായി സൈയുടെ നേട്ടം. വെറും സൈക്കോ എന്ന് എഴുതിത്തള്ളിയവര്‍ പോലും സൈയെ അംഗീകരിച്ചു.

700 കോടിയുടെ ഡെസ്പാസിതോ ഇഫക്ട്

2001-ല്‍ സംഗീതലോകത്തേക്ക് കടന്നുവന്ന സൈ ജനുവരിയില്‍ തന്റെ മ്യൂസിക്കല്‍ കരിയറിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. 2017-ല്‍ പുറത്തിറങ്ങിയ എട്ടാമത്തെ ആല്‍ബം 4X2=8ന് ശേഷം സൈയുടെ ഗാനങ്ങള്‍ ആരാധകരെ തേടിയെത്തിയിട്ടില്ല. എന്റര്‍ടെയ്ന്‍മെന്റ് ഏജന്‍സിയായ P Nation ന്റെ പ്രവര്‍ത്തനങ്ങളിലാണ് സൈയുടെ പ്രധാന ശ്രദ്ധ.

സൈയുടെ ജൈത്രയാത്ര തുടരുന്നു

Gentleman
Image : Facebook / PSY

തുടര്‍ന്ന് വന്ന ജെന്റില്‍മാന്‍ നേടിയതും റെക്കോഡുകള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ ഏറ്റവുമധികം വ്യൂസ് നേടിയ യൂട്യൂബ് മ്യൂസിക് റിലീസ് എന്ന നേട്ടം ജെന്റില്‍മാന്‍ സ്വന്തമാക്കി. തുടര്‍ന്നും സൈയുടെ ആല്‍ബങ്ങള്‍ പുറത്തിറങ്ങി. പക്ഷെ ഇപ്പോഴും സൈ എന്ന പേര് കേള്‍ക്കുമ്പോള്‍ ഗങ്‌നം സ്‌റ്റൈലും സൈയുടെ അശാസ്ത്രീയ നൃത്തച്ചുവടുകളും ഗാനത്തിലെ ഹാസ്യാത്മകരംഗങ്ങളും ആദ്യം ഓര്‍മ്മയിലെത്തും. ഗങ്‌നം സ്‌റ്റൈല്‍ കെ-പോപ് സംഗീതമേഖലയില്‍ എഴുതിച്ചേര്‍ത്തത് പുതിയൊരു ശൈലിയായിരുന്നു- സൈ സ്റ്റൈല്‍ അഥവാ ഒരു സൈക്കോ സ്‌റ്റൈല്‍.

Video Review : Paul Joseph (Drummer, Pianist-Tritonzmusic)

 

Content Highlights: PSY's all time hit song Gangnam Style