പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ...പലരും അതു വരെ കേട്ടിട്ടില്ലാത്ത കുറേ വാക്കുകള്‍, ഒരര്‍ഥവുമില്ലാത്ത കുറച്ചു വരികള്‍, ഒപ്പം ഒരു പുതിയ മ്യൂസിക് ഡയറക്ടറുടെ പെപ്പിസംഗീതവും. പിന്നെ സംഭവിച്ചത് ഒരു മാജിക്കായിരുന്നു. നേരം എന്ന ദ്വിഭാഷാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പോലും സങ്കല്‍പിക്കാത്ത വിജയമായിരുന്നു പിസ്ത ഗാനത്തിന്റേത്. രാജേഷ് മുരുഗേശന്‍ എന്ന സംഗീതസംവിധായകന്റെ ആദ്യ സിനിമയായിരുന്നു നേരം. പിസ്ത: ദ റണ്‍ ആന്തെം (Pistah : The Run Anthem) എന്ന ഗാനം സിനിമയുടെ ക്ലൈമാക്സ് ഗാനമായാണ് സിനിമയിലേക്ക് കടന്നു വന്നത്. നിവിന്‍ പോളിയും നസ്രിയയും നായികാനായകന്‍മാരായി എത്തിയ സിനിമയുടെ പ്രൊമോസോങ്ങായി പുറത്തിറങ്ങിയ പിസ്ത സുമാ കിറായാ ദിവസങ്ങള്‍ക്കിടെയാണ് വൈറലായത്. ഗാനം സിനിമയ്ക്ക് നല്‍കിയതാകട്ടെ വന്‍ പ്രൊമോഷനും.

Nivin Pauly, Nazriya Nazim
നസ്രിയയും നിവിനും | Photo : Facebook / Tamil Cinema Thagaval Thazam

വരികളുടെ അര്‍ഥം തിരഞ്ഞ് മെനക്കെടരുത്, കാരണം ഈ വരികള്‍ക്ക് പ്രത്യേകിച്ച് ഒരര്‍ഥവുമില്ല എന്നാണ് പ്രൊമോസോങ് വീഡിയോയുടെ ആദ്യഭാഗത്ത് തന്നെ എഴുതിക്കാണിക്കുന്നത്. അര്‍ഥമില്ലാത്ത വരികള്‍ അവിചാരിതമായാണ് സിനിമയിലേക്ക് കടന്നുവന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് പറ്റിയ വരികള്‍ കണ്ടെത്താന്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും മറ്റും കുറേ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.

Rajesh Murugesan
രാജേഷ് മുരുഗേശന്‍ | Photo : Facebook / Rajesh Murugesan

അതിനിടെയാണ് ഒഴിവുനേരങ്ങളില്‍ ശബരീഷ് വര്‍മ പാടുന്ന ചില വരികള്‍ അല്‍ഫോണ്‍സിന്റെ ഓര്‍മയിലെത്തുന്നത്. ആ വരികള്‍ക്ക് ചേരുന്ന അടിപൊളി സംഗീതം രാജേഷ് മുരുഗേശന്‍ ഒരുക്കുകയും ചെയ്തു. 1983 ല്‍ റിലീസായ കിന്നാരം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ സംഗീതസംവിധായകന്റെ കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞ വരികളായിരുന്നു പിസ്ത സുമാ കിറായൊക്കെ. കുറച്ചു വരികള്‍ കൂടി അവയ്ക്ക് സമാനമായി പിന്നീട് ശബരീഷ് എഴുതിച്ചേര്‍ത്തു. ശബരീഷ് തന്നെയാണ് ഗാനം ആലപിച്ചത്.

Shabareesh Varma
ശബരീഷ് വര്‍മ | Photo : Facebook / Shabare Esh

അല്‍ഫോണ്‍സ്പുത്രന്റെ ആദ്യസിനിമയായിരുന്നു നേരം. മലയാളം, തമിഴ് ഭാഷകളില്‍ ഒരേ സമയം നിര്‍മിച്ച ചിത്രത്തിന്റെ  എഡിറ്റിങ്ങും അല്‍ഫോണ്‍സ് തന്നെയാണ് ചെയ്തത്. 2009 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സിന്റെ ഒരു ഹ്രസ്വചിത്രത്തിന്റെ സിനിമാപ്പതിപ്പായിരുന്നു നേരം. രാജേഷ് മുരുഗേശന്‍ എന്ന സംഗീതസംവിധാകനെ സംഗീതപ്രേമികള്‍ക്ക് പരിചയപ്പെടുത്തിയതും അല്‍ഫോണ്‍സാണ്. നേരത്തിലെ പിസ്ത സുമാ കിറാ എന്ന ആദ്യഗാനം രാജേഷ് മുരുഗേശന് സംഗീതസംവിധായകനെന്ന നിലയില്‍ അംഗീകാരം നേടിക്കൊടുത്തു. 2013 മാര്‍ച്ച് 13 നാണ് പിസ്ത സുമാ കിറാ റിലീസായത്. ഗാനമിറങ്ങുന്നതിന് ഒരു കൊല്ലം മുമ്പ് അപകടത്തില്‍ പെട്ട് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനുള്ള ആദരവാണ് പിസ്ത സുമാ കിറാ എന്ന് നിവിന്‍ പോളി അറിയിക്കുകയും ചെയ്തു. 

Alphonse Puthren
അല്‍ഫോണ്‍സ് പുത്രന്‍ | Photo : Facebook / Alphonse Puthren

സിനിമയുടെ പശ്ചാത്തലസംഗീതമൊരുക്കിയതും രാജേഷ് മുരുഗേശാണ്. നേരത്തിന്റെ വിജയത്തിനൊപ്പം പശ്ചാത്തലസംഗീതവും ഏറെ അഭിനന്ദനം നേടി. ഡപ്പാംകൂത്ത് പാട്ടിന്റെ ശൈലിയിലാണ് പിസ്താ സുമാ കിറാ. ഒരു ഡാന്‍സ് നമ്പറായതിനാല്‍ തന്നെ വളരെ വേഗത്തിലാണ് ഗാനം സ്വീകാര്യത നേടിയത്. വെറുമൊരു ഹാസ്യരംഗത്തിന് വേണ്ടി പിറന്ന ഒരര്‍ഥവുമില്ലാത്ത വരികള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു വൈറല്‍ ഗാനമായി മാറിയത് ചരിത്രം.  പ്രേമം എന്ന അല്‍ഫോണ്‍സിന്റെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിനും സംഗീതസംവിധാനം നിര്‍വഹിച്ചത് രാജേഷ് മുരുഗേശാണ്. പ്രേമത്തിലെ പാട്ടുകളും വന്‍ഹിറ്റായിരുന്നു.

Content Highlights: Pistah Suma Kira Neram Movie Song