'തൊണ്ണൂറുകളില്‍ ശ്രീലങ്കയില്‍ ആഭ്യന്തരകലാപം നടക്കുന്ന കാലം. വൈദ്യുതിയോ ടിവിയോ ഇല്ല. ചിലയവസരങ്ങളില്‍  ഭക്ഷണം പോലും ലഭിക്കാറില്ല. പഴയ ബാറ്ററികള്‍ പെറുക്കി കൂട്ടി അതുപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ചെറിയ റേഡിയോക്കരികില്‍ കുട്ടികള്‍ ഒത്തുകൂടും. രാത്രിയില്‍  പ്രാദേശിക വാര്‍ത്തകള്‍ക്ക് മുമ്പ് 7.55 ന് മെയ്ഡ് ഇന്‍ ഇന്ത്യ പ്രക്ഷേപണം ചെയ്യുന്നുണ്ടെങ്കില്‍ കേള്‍ക്കാനായിരുന്നു ആ ഒത്തുചേരല്‍. കലാപമവസാനിച്ചു, രാജ്യമിപ്പോള്‍ സമാധാനാന്തരീക്ഷത്തിലാണ്. പക്ഷെ, ഈ പാട്ട് കേള്‍ക്കുമ്പോഴെല്ലാം കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ തേടിയെത്തും'.  2020-ല്‍ യൂട്യൂബില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഗാനത്തിന് താഴെ പ്രഷാന്‍ ജയദീപം എന്ന ശ്രീലങ്കന്‍ സ്വദേശിയുടെ കമന്റ് ഇങ്ങനെ. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ഗാനത്തിന്റെ ആഗോളസ്വീകാര്യത വ്യക്തമാക്കുന്ന വാക്കുകള്‍.

അലീഷ എന്ന സുന്ദരിയായ രാജകുമാരിയ്ക്ക് വരനെ തേടുന്നതും ഒടുവില്‍ പക്കാ ഇന്ത്യാക്കാരനായ, അതിസുന്ദരനായ യുവാവെത്തി രാജകുമാരിയെ സ്വന്തമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു 1995-ല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പോപ് ആല്‍ബത്തിലെ ടൈറ്റില്‍ സോങ് പുറത്തിറങ്ങിയത്. ഹിന്ദിയിലായിരുന്നു ഗാനമെങ്കിലും മെയ്ഡ് ഇന്‍ ഇന്ത്യ അലീഷ ചിനായ് എന്ന ഗായികയ്ക്ക് നല്‍കിയത് പോപ് സംഗീത ലോകത്തെ പ്രമുഖസ്ഥാനമാണ്. ആ കാലയളവില്‍ പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബങ്ങളില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ആല്‍ബമെന്ന നിലയിലും മെയ്ഡ് ഇന്‍ ഇന്ത്യ അലീഷായ്ക്ക് ഇന്ത്യയ്ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്തു.  

മെയ്ഡ് ഇന്‍ ഇന്ത്യയുടെ പിന്‍കഥ

പ്രശസ്ത ബ്രിട്ടീഷ്- ഇന്ത്യന്‍ ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ ബിഡ്ഡു അപ്പയ്യയാണ് മെയ്ഡ് ഇന്ത്യയുടെ സ്രഷ്ടാവ്. പോപ് താരം നാസിയ ഹസ്സന് വേണ്ടിയായിരുന്നു ബിഡ്ഡുവിന്റെ മെയ്ഡ് ഇന്‍ ഇന്ത്യയുടെ രചന. ഇരുവരും നേരത്തെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മെയ്ഡ് ഇന്‍ ഇന്ത്യ തന്റെ പാകിസ്താനി ആരാധകരില്‍ അസ്വാരസ്യം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയില്‍ നാസിയ ഹസ്സന്‍ ആല്‍ബത്തില്‍ നിന്ന് പിന്‍മാറി. (ആപ് ജൈസാ കോയി മേരെ, ഡിസ്‌കോ ദീവാനെ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് സുപരിചിതയാണ് ദക്ഷിണേഷ്യയിലെ പോപ് ക്വീന്‍ എന്നറിയപ്പെടുന്ന ഈ പാകിസ്താനി ഗായിക). തുടര്‍ന്ന് ബിഡ്ഡു അലീഷയെ സമീപിച്ചു.

മെയ്ഡ് ഇന്‍ ഇന്ത്യയും അലീഷയും നേടിയ സ്വീകാര്യത

Alisha Chinai
Photo : Facebook / Alisha Chinai

മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ഒറ്റ ഗാനം കൊണ്ട് അലീഷ ചിനായ് എന്ന ഗായിക അക്കാലത്ത് നേടിയ മൈലേജ് മറ്റേതെങ്കിലും ഗായകര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഗായികയെന്ന എന്ന നിലയില്‍ അലീഷയുടെ മുന്‍കാല വിജയങ്ങള്‍ കാട്ടെ നഹി കട്ട്‌തെ (മി.ഇന്ത്യ), രാത് ഭര്‍ ജാമ് സെ (ത്രിദേവ്) ഉൾപ്പെടെയുള്ളവയെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു മെയ്ഡ് ഇന്‍ ഇന്ത്യയുടെ റിലീസ്. ഒരു കൊല്ലക്കാലം വില്‍പനയില്‍ ഏഷ്യയിലുടനീളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ആല്‍ബത്തിന്റെ അമ്പത് ലക്ഷത്തിലധികം കോപ്പികളാണ് ആഗോളതലത്തില്‍ വിറ്റഴിഞ്ഞത്. ഒപ്പം ക്വീന്‍ ഓഫ് ഇന്‍ഡി പോപ് എന്ന പട്ടവും അലീഷ ചിനായ് സ്വന്തമാക്കി.

മെയ്ഡ് ഇന്‍ ഇന്ത്യയിലെ സുന്ദരിയായ രാജകുമാരിയും സ്വന്തമാക്കാനെത്തിയ സിക്‌സ് പാക്ക് നായകനും

Alisha Chinai
Photo : Facebook / Alisha Chinai

അലീഷ ചിനായ് തന്നെയാണ് ഗാനത്തില്‍ നായികയായെത്തിയത്. സുന്ദരിയായ അലീഷയും അലീഷയുടെ മനോഹരമായ ചിരിയും ഡ്രസ്-ഹെയര്‍ സ്റ്റൈലുകളും ഗാനരംഗങ്ങള്‍ക്ക് മാറ്റുകൂട്ടി. കെന്‍ ഘോഷാണ് മെയ്ഡ് ഇന്‍ ഇന്ത്യയുടെ സംവിധായകന്‍. മിലിന്ദ് സോമനെ നായകനായി എത്തിച്ചത് അലീഷയുടെ കടുപിടിത്തമായിരുന്നു. മിലിന്ദിന്റെ കാര്യത്തില്‍ മാത്രമല്ല ഗാനചിത്രീകരണത്തിലെ മറ്റു കാര്യങ്ങളിലും അലീഷയുടെ നിര്‍ദേശങ്ങള്‍ കെന്‍ ഘോഷ് അംഗീകരിച്ചു. 'എനിക്ക് മിലിന്ദ് സോമനെ വേണം, എനിക്ക് പാമ്പുകളെ വേണം, ഒരു ജ്യോതിഷിയെ വേണം, പുലിയും ആനയും വേണം, ഇന്ത്യയുടെ വിവിധ വര്‍ണങ്ങള്‍ നിറഞ്ഞതാവണം ഗാനം' എന്ന് സംവിധായകനോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അലീഷ സൂചിപ്പിച്ചിരുന്നു.

മോഡലിങ് രംഗത്ത് ശ്രദ്ധേയനായിരുന്ന മിലിന്ദ് സോമന്‍ മെയ്ഡ് ഇന്‍ ഇന്ത്യയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവട് വെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വീരന്‍മാരില്‍ മയങ്ങാത്ത രാജകുമാരിയ്ക്ക് വേണ്ടിയുള്ള  കൊട്ടാരജ്യോത്സ്യന്റെ മായനോട്ടത്തിലാണ് ആ യുവാവിന്റെ രൂപം തെളിയുന്നത്. രാജകുമാരിയ്‌ക്കൊപ്പം പ്രേക്ഷകരും ആ നായകനില്‍ മയങ്ങി. ടെലിവിഷനിലൂടെ മിലിന്ദിന്റെ വശ്യമായ നോട്ടവും പുരുഷസൗന്ദര്യവും ആകാരസൗഷ്ഠവവും കണ്ട് പെണ്‍കുട്ടികളും യുവതികളും മാത്രമല്ല പുരുഷന്‍മാരും മിലിന്ദിന്റെ ആരാധകരായി. പിന്നീട് ക്യാപ്റ്റന്‍ വ്യോം, സീ ഹോക്‌സ് തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മിലിന്ദ് നേടിയത് വലിയൊരു ആരാധകവൃന്ദത്തേയാണ്.

Milind Soman In Made In India Song
Screengrab : YouTube Video

ഏക് ദില്‍ ചാഹിയെ റെസ്പയേഡ് ഇന്‍ ഇന്ത്യ- ഇന്ത്യാക്കാരുടെ സ്വന്തം ഗാനം

Milind Soman
Photo : Facebook / Milind Soman

തനിക്കായി തുടിക്കുന്ന ഒരു തനി ഇന്ത്യന്‍ ഹൃദയമാണ് നായിക പാട്ടിലൂടെ തിരയുന്നത്. ഒരു ഇംഗ്ലീഷുകാരനെയല്ല മറിച്ച് ഒരു ഹിന്ദുസ്ഥാനിയെയാണ് രാവും പകലും തനിക്ക് പ്രണയിക്കാനാവശ്യമെന്നുറപ്പിച്ച് കാത്തിരിക്കുന്ന രാജകുമാരിക്കരികിലേക്ക് എത്തിച്ച പെട്ടിയില്‍ നിന്നിറങ്ങി വരുന്ന സുന്ദരനെ അദ്ഭുതത്തോടെയും ആനന്ദത്തോടെയും നോക്കുന്ന രാജകുമാരിയുടെ വികാരങ്ങള്‍ പ്രേക്ഷകരിലേക്കും പകരാനായതാവണം ഗാനത്തിന്റെ സര്‍വകാലവിജയത്തിന്റെ പ്രധാനകാരണം. അലീഷയുടെ ഹസ്‌കി വോയ്‌സ് ഗാനത്തിന് വേറിട്ട മാനം നല്‍കി. രാജകുമാരിയേയും അവളുടെ  ഇന്ത്യന്‍നായകനേയും ഇന്ത്യാക്കാര്‍ ഏറ്റെടുത്തു, താമസിയാതെ ലോകവും. ഇന്നും മെയ്ഡ് ഇന്ത്യയുടെ ആരാധകരായി തുടരുന്ന നിരവധി സംഗീതപ്രേമികളുണ്ട്.

 

Content Highlights: Made in India Indi-pop album by Alisha Chinai ft Milind Soman