സ്.പി ബാലസുബ്രഹ്മണ്യമെന്ന പ്രതിഭയെ ജീവിതത്തിൽ ഒരു നോക്ക് കാണണമെന്ന ആ​ഗ്രഹമേ കോട്ടയ്ക്കൽ സ്വദേശിയായ പാർവതി ജയദേവന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ പാർവതിയെ കാത്തിരുന്നത് മറ്റൊരു വലിയൊരു ഭാ​ഗ്യമാണ്. ചെന്നെെയിൽ ഒരു വേദിയിൽ പാർവതി പാടി സാക്ഷാൽ എസ്.പി.ബിയ്ക്കൊപ്പം. പാർവതിയുടെ പ്രതിഭ മനസ്സിലായ എസ്.പി.ബി അവരെ ചേർത്ത് പിടിച്ച് അനു​ഗ്രഹിച്ചു. സം​ഗീതത്തെ ഒരിക്കലും കെെവെടിയരുതെന്ന ഉപദേശവും. ഇന്ന് ബെം​ഗളൂരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പി.എച്ച്.ഡി ചെയ്യുമ്പോൾ ആ മഹാ​ഗായകന്റെ വാക്കുകളെ നെഞ്ചോട് ചേർത്ത് വച്ചിരിക്കുകയാണ് ഈ പെൺകുട്ടി. എസ്.പി.ബിയുടെ വിയോ​ഗം നൽകിയ ദുഖത്തിലും അനു​ഗ്രഹീത ​ഗായകനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഈ ​ഗായിക.

മലയാളത്തിൽ ഞാൻ ഒരു സം​ഗീത റിയാലിറ്റിഷോയുടെ ടെെറ്റിൽ വിന്നറായിരുന്നു. അതിന് ശേഷം തമിഴിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി. ഷോയിൽ ചില റൗണ്ടുകളിൽ എസ്.പി.ബി സാർ വിധി കർത്താവായി വന്നിരുന്നു. അന്നാണ് ഞാൻ അദ്ദേഹത്തെ അടുത്ത് കാണുന്നത്. ഷോ കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം എസ്.പി.ബി സാറിന്റെ ഒരു ലൈവ്‌ ഷോ ഉണ്ടായിരുന്നു. അതിൽ എനിക്ക് അദ്ദേഹത്തോടൊപ്പം പാടാനുള്ള ഭാ​ഗ്യം ലഭിച്ചു. കൊച്ചടയാൻ എന്ന ചിത്രത്തിലെ റഹ്മാൻ സാർ സം​ഗീതം ചെയ്ത മെതുവാ​ഗത്താൻ എന്ന പാട്ടാണ് ഞാൻ അദ്ദേഹത്തോടൊപ്പം പാടിയത്. യഥാർഥത്തിൽ അദ്ദേഹവും സാധന സർ​ഗവും ചേർന്ന് പാടിയ പാട്ടായിരുന്നു അത്. വളരെ ടെൻഷനോടെയാണ് ഞാൻ പാടി തുടങ്ങിയത്. എന്നാൽ അദ്ദേഹം എന്നെ കൂളാക്കി. പാടി കഴിഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു 'നല്ല സ്വരമാണ്. ജൂനിയർ സാധനയെപ്പോലെ തോന്നി. നന്നായി പരിശീലിക്കണം'. സ്നേഹത്തോടെയുള്ള ആ വാക്കുകൾ ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം പാടുന്നത് വിസ്മയത്തോടെയാണ് ഞാൻ ബാക്ക് സ്റ്റേജിൽ നിന്ന് നോക്കി നിന്നിരുന്നത്. പാടുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഭാവം വരുന്നത് അത്രയും നിഷ്പ്രയാസമായാണ്. എല്ലാ പാട്ടുകാരും അത് അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ചെന്നെെ ഷോയ്ക്ക് ശേഷം ഞാൻ കാനഡയിൽ ഒരു ഷോയിൽ അദ്ദേഹത്തോടൊപ്പം പാടാൻ ഒരവസരം കൂടി എനിക്ക് ലഭിച്ചിരുന്നു. എന്നാൽ എനിക്ക് അതിന് തൊട്ടുമുൻപായി എനിക്ക് സുഖമില്ലാതായി. അങ്ങനെ ആ യാത്ര മുടങ്ങി. അതൊരു വലിയ നഷ്ടമായി ഞാൻ കരുതുന്നു. 

ലെെവ് ഷോ കഴിഞ്ഞതിന് ശേഷം മറ്റൊരു റിയാലിറ്റി ഷോ നടക്കുമ്പോൾ എസ്.പി.ബി സാർ അവിടെ വന്നിരുന്നു. സാറിനെ കണാനായി ഞാൻ ഓടി ചെന്നു. എന്നെ അദ്ദേഹം ഓർക്കുന്നുണ്ടാകുമോ എന്ന സംശയമായിരുന്നു മനസ്സ് നിറയെ. 'സാർ, എന്നെ ഓർമയുണ്ടോ, നമ്മൾ ഒരുമിച്ച് പാടിയിട്ടുണ്ട്' ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഓർമയുണ്ടെന്ന് പറഞ്ഞു. ഒരിക്കലും സം​ഗീതം വിട്ടു കളയരുതെന്നും നന്നായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബം: അച്ഛൻ, ജയദേവൻ കോട്ടക്കൽ ആയുർവേദ കോളേജിൽ പ്രിൻസിപ്പലാണ്, അമ്മ സിന്ധുലത, ​മെഡിൽക്കൽ ഓഫീസറാണ്. അനുജത്തി പവിത്ര, ബി.എസ്.സി വിദ്യാർഥിനിയാണ്.

Content Highlights: parvathy jayadevan Keralite singer who sang with SPB, sp balasubramaniam memory, SPB songs