കേരളത്തിന്റെ സംഗീതദേവത


രമേശ് ഗോപാലകൃഷ്ണൻ

കേരളത്തിന്റെ കർണാടകസംഗീത ചരിത്രത്തിൽ പാലക്കാടിനും തിരുവനന്തപുരത്തിനും സവിശേഷസ്ഥാനമുണ്ട്. വാഗ്ഗേയകാരന്മാർക്ക്‌ തിരുവിതാംകൂറും വായ്പ്പാട്ടുകാർക്ക് പാലക്കാടും പുകഴ്‌പെറ്റു. സ്വാതിതിരുനാൾ, ഇരയിമ്മൻതമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി, കെ.സി. കേശവപിള്ള എന്നിവരെല്ലാമാണ് തിരുവിതാംകൂറിൽനിന്ന് പ്രശസ്തരായ വാഗ്ഗേയകാരന്മാർ.

-

കേരളത്തിന്റെ സംഗീതചരിത്രത്തിൽ അപൂർവ്വശോഭ പരത്തിയ സംഗീതകാരിയാണ് പാറശ്ശാല ബി. പൊന്നമ്മാൾ. എങ്ങും കാണാതെ, എന്നാൽ എല്ലായിടത്തും നിറഞ്ഞുനിന്ന്, എട്ടു പതിറ്റാണ്ട് നിശ്ശബ്ദവും അതേസമയം, ധന്യവുമായ ഒരു സംഗീതജീവിതം അവരിവിടെ നയിച്ചു. 2021 ജൂൺ 22-നു രണ്ടു വലിയ നഷ്ടങ്ങളാണ് കേരളത്തിന്റെ സംഗീതരംഗത്തിനുണ്ടായത്. പാറശ്ശാല പൊന്നമ്മാൾ എന്ന കർണാടകസംഗീതജ്ഞയെയും പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിനെയും നമുക്ക് നഷ്ടപ്പെട്ടത് ആ കറുത്തദിനത്തിലായിരുന്നു. രണ്ടു വ്യത്യസ്ത സംഗീതവഴികളിലൂടെ നമ്മിലേക്കു നടന്നുവന്ന് ഒരേ വഴിയിലൂടെ നടന്ന്‌ നമ്മിൽനിന്നകന്നു പോയവർ. നഷ്ടങ്ങളെ നികത്താൻ ലാഭങ്ങൾക്കാവില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തികൊണ്ടാണ് ഇരുവരും ഇവിടം വിട്ടുപോയത്.

കേരളത്തിന്റെ കർണാടകസംഗീത ചരിത്രത്തിൽ പാലക്കാടിനും തിരുവനന്തപുരത്തിനും സവിശേഷസ്ഥാനമുണ്ട്. വാഗ്ഗേയകാരന്മാർക്ക്‌ തിരുവിതാംകൂറും വായ്പ്പാട്ടുകാർക്ക് പാലക്കാടും പുകഴ്‌പെറ്റു. സ്വാതിതിരുനാൾ, ഇരയിമ്മൻതമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി, കെ.സി. കേശവപിള്ള എന്നിവരെല്ലാമാണ് തിരുവിതാംകൂറിൽനിന്ന് പ്രശസ്തരായ വാഗ്ഗേയകാരന്മാർ. എന്നാൽ പ്രഗത്ഭരായ നമ്മുടെ വായ്പ്പാട്ടുകാരുടെയും ഉപകരണസംഗീതജ്ഞരുടെയും താളവാദ്യക്കാരുടെയും ചരിത്രമെടുത്താൽ പാലക്കാട് ആദ്യസ്ഥാനത്തെത്തും.

ഇവർക്കൊപ്പം തിരുവിതാംകൂറിൽനിന്ന് എടുത്തുപറയാവുന്ന വായ്പ്പാട്ടുകാർ മാവേലിക്കര എച്ച്. രാമനാഥൻ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം, ചേർത്തല ആർ. ഗോപാലൻ നായർ, മാവേലിക്കര ആർ. പ്രഭാകരവർമ്മ, നെയ്യാറ്റിൻകര എൻ. വാസുദേവൻ എന്നിവരാണ്. കേരളത്തിലെ ഈ പുരുഷഗായകർക്കൊപ്പം പേരും പ്രശസ്തിയും നേടിയ ഒരേയൊരു ഗായികയാണ് പാറശ്ശാല ബി. പൊന്നമ്മാൾ. ഇവർക്കൊപ്പം മറ്റൊരു പൊന്നമ്മാൾ, മാവേലിക്കര എൽ. പൊന്നമ്മാൾ, ഉണ്ടായിരുന്നത് ഹരികഥാരംഗത്താണ് ചരിത്രം കുറിച്ചത്.

സംഗീതത്തിനുവേണ്ടിയുള്ള ജന്മമാണ് തന്റേതെന്ന് കുട്ടിക്കാലം മുതൽക്കുതന്നെ ഉറച്ച ബോധ്യമുണ്ടായിരുന്ന ഒരു ജീവിതകഥയാണ് പാറശ്ശാല പൊന്നമ്മാളുടേത്. ജീവിതയാത്രയിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ അവർക്ക് കൂട്ടായതും ആ സംഗീതസിദ്ധി തന്നെയായിരുന്നു. 1924 നവംബർ 24-ന് പാറശ്ശാല ഗ്രാമത്തിൽ എ. ഭഗവതിയമ്മാളുടെയും ആർ. മഹാദേവയ്യരുടെയും നാലു പെണ്മക്കളിൽ മൂന്നാമത്തെയാളായിട്ടാണ് പൊന്നമ്മാൾ പിറവി കൊണ്ടത്.

സ്കൂൾ അധ്യാപകനായിരുന്ന മഹാദേവയ്യർക്ക് പ്രധാന അധ്യാപകനായി ജോലിക്കയറ്റവും സ്ഥലംമാറ്റവും അടൂരിലെ എളമണ്ണൂരിലേക്കു ലഭിച്ചപ്പോൾ കുടുംബം അങ്ങോട്ടു മാറി. അപ്പോൾ പൊന്നമ്മാൾക്കു പ്രായം അഞ്ചു വയസ്സ്. പൊന്നമ്മാളും അനിയത്തി ശാരദയും ചെറുപ്പം തൊട്ടുതന്നെ നന്നായി പാടുമായിരുന്നു. ദിവസവും എളമണ്ണൂരിലെ വാടകവീട്ടിലിരുന്ന് രണ്ടു കുട്ടികളും പാടുന്നതുകേട്ട് വീട്ടുടമസ്ഥൻ അവരെ മൂന്നു മൈൽ ദൂരെ താമസിക്കുന്ന പരമുപിള്ള ഭാഗവതരുടെ പക്കൽ പാട്ടു പഠിക്കാൻ ഏർപ്പാട് ചെയ്തുകൊടുത്തു.

രണ്ടു വർഷം ആ അഭ്യസനം നടന്നു. ഈ സമയംകൊണ്ട് പൊന്നമ്മാൾ സംസ്കൃതത്തിലും പ്രാവീണ്യം നേടി. ഇതിനിടയിലാണ് പൊന്നമ്മാളിന്റെ പാട്ടുകേട്ട വൈദ്യനാഥ ഭാഗവതർ എന്ന സംഗീതജ്ഞൻ അവരെ പഠിപ്പിക്കാമെന്നേറ്റത്. അങ്ങനെ അദ്ദേഹത്തിന്റെ കീഴിലും പൊന്നമ്മാൾ സംഗീതമഭ്യസിക്കാൻ തുടങ്ങി. കുറച്ചു നാൾക്കകം മഹാദേവയ്യർക്ക് തിരികെ പാറശ്ശാലയിലേക്കുതന്നെ സ്ഥലംമാറ്റം കിട്ടുകയും കുടുംബം അങ്ങോട്ടു മാറുകയും ചെയ്തു. അവിടെയെത്തി സംഗീതം സ്വയം പരിശീലിക്കാൻ തുടങ്ങിയതോടെയാണ് പൊന്നമ്മാളിന്റെ സിദ്ധിവെളിച്ചത്തിൽ മഹാദേവയ്യർക്ക് അഭിമാനവും സന്തോഷവും തോന്നുന്നത്. അദ്ദേഹം വീണ്ടും ഒരു ഭാഗവതരെ പൊന്നമ്മാൾക്കു ഗുരുവായി കണ്ടെത്തുകയും ചെയ്തു.

പതിമൂന്നു വയസ്സുള്ളപ്പോൾ പൊന്നമ്മാൾ തിരുവനന്തപുരത്ത് ചിത്തിര തിരുനാൾ മഹാരാജാവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീതമത്സരത്തിൽ പങ്കെടുത്ത് ഒന്നാം സമ്മാനം കരസ്ഥമാക്കി. വിധികർത്താക്കളിൽ പ്രധാനപ്പെട്ടയാൾ ശെമ്മങ്കുടി ശ്രീനിവാസയ്യർ ആയിരുന്നു. അദ്ദേഹത്തിന് പൊന്നമ്മാളിന്റെ ഗായനരീതി വളരെ ഇഷ്ടപ്പെട്ടു. ഒരു മാസത്തിനുശേഷം ജൂബിലി ടൗൺ ഹാളിൽവെച്ചു നടന്ന സമ്മാനദാനത്തിൽ ആ കർമ്മം നിർവ്വഹിച്ചത് ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരായിരുന്നു.

അന്ന്‌ വേദിയിൽ പൊന്നമ്മാൾ പാടിയ പാട്ട് മുത്തയ്യ ഭാഗവതരെയും ആകർഷിച്ചു. അദ്ദേഹം മഹാദേവയ്യരോട് മകളെ സ്വാതിതിരുനാൾ അക്കാദമിയിൽ ചേർക്കാൻ നിർദ്ദേശിച്ചു. പൊന്നമ്മാളിന്റെ പഠനസൗകര്യത്തിനുവേണ്ടി മഹാദേവയ്യർക്ക് കരമന ഹൈസ്കൂളിലേക്ക് സ്ഥലമാറ്റവും മുത്തയ്യ ഭാഗവതർ ശുപാർശ ചെയ്ത് ശരിയാക്കികൊടുത്തു. അന്നുമുതൽ അന്ത്യംവരെ പൊന്നമ്മാൾ തിരുവനന്തപുരത്തുതന്നെയാണ് ജീവിതം നയിച്ചിട്ടുള്ളത്.

സ്വാതി തിരുനാൾ അക്കാദമിയിൽനിന്ന്‌ രണ്ടു വർഷത്തെ 'ഗായിക' കോഴ്സ് 1942-ൽ പൊന്നമ്മാൾ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. ഈ സമയത്ത് മുത്തയ്യ ഭാഗവതരായിരുന്നു അക്കാദമിയുടെ പ്രിൻസിപ്പൽ. പൊന്നമ്മാൾ തുടർന്ന് പുന്നപുരം പ്രൈമറി സ്കൂൾ, കിഴക്കേകോട്ടയ്ക്കകത്ത് അപ്പർ പ്രൈമറി സ്കൂൾ, കോട്ടൺ ഹിൽ ഹൈസ്കൂൾ എന്നിവിടങ്ങളിലൊക്കെ സംഗീതാധ്യാപികയായി ജോലി ചെയ്തു. ഇക്കാലത്ത് തിരുച്ചിറപ്പള്ളി ആകാശവാണി നിലയത്തിൽ ഇടയ്ക്കിടെ പാടാനുള്ള ക്ഷണവും കിട്ടിയിരുന്നു. ഒരു കലാകാരിയെന്ന നിലയിൽ അതതു സമയത്തു ലഭിക്കേണ്ട ഗ്രേഡുകൾ അവർ പൊന്നമ്മാൾക്കു നൽകുകയും ചെയ്തു.

തമിഴ് പ്രസിദ്ധീകരണങ്ങളായ കൽക്കി, നാരദർ തുടങ്ങിയവയിൽ പൊന്നമ്മാളിന്റെ കച്ചേരികളെ പ്രകീർത്തിക്കുന്ന റിവ്യൂ വരാൻ തുടങ്ങിയത് അവർക്ക് വലിയ അളവിൽ പ്രശസ്തി നേടിക്കൊടുത്തു. അക്കാലത്ത് സ്ത്രീസമൂഹത്തിൽനിന്നുള്ള ഗായികമാർ കുറവായിരുന്നതും അവരുടെ ഈ പ്രശസ്തിക്ക് ആക്കം കൂട്ടി. ഇതിന്റെ ഫലമായി തഞ്ചാവൂർ, ചിദംബരം, മധുരൈ, മയിലാടുതുറൈ, ദിണ്ടിഗൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവർക്ക് പാടാനുള്ള അവസരം കൈവന്നു.

ഒപ്പം, തിരുവനന്തപുരത്ത് നവരാത്രി സംഗീതോത്സവങ്ങളിലും ശ്രീരാമനവമി കച്ചേരികളിലും ത്യാഗരാജ ആരാധനയിലുമൊക്കെ പാടാൻ തുടങ്ങിയപ്പോൾ അവരുടെ പ്രസിദ്ധി കേരളത്തിലും പരക്കാൻ തുടങ്ങി. അങ്ങനെ ശുചീന്ദ്രം, ചേർത്തല, ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലെ ദേവസ്വം ക്ഷേത്രങ്ങളിലും പൊന്നമ്മാളിന്റെ സംഗീതസദസ്സുകൾ അരങ്ങേറാൻ ആരംഭിച്ചു. പിന്നീട് ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശത്തും അവർ സംഗീതസദസ്സുകളിൽ പാടിയെന്നത് ഏവരുമറിയുന്ന ചരിത്രം.

പാറശ്ശാല പൊന്നമ്മാൾ എന്ന സംഗീതജ്ഞയുടെ വളർച്ച ഈ രീതിയിൽ മുന്നോട്ടു പോകുമ്പോളാണ് സ്വാതി തിരുനാൾ അക്കാദമിയിൽ 'ഗാനഭൂഷണം' കോഴ്സ് തുടങ്ങുന്നത്. ശെമ്മങ്കുടിയായിരുന്നു അപ്പോൾ അക്കാദമിയുടെ പ്രിൻസിപ്പൽ. 'ഗാനഭൂഷണം' ആദ്യ ബാച്ചിൽ സ്റ്റൈപ്പന്റോടെ പഠിച്ച്‌ പൊന്നമ്മാൾ ഫസ്റ്റ് റാങ്കോടെ പാസാകുകയും ചെയ്തു. പിന്നീട് സിനിമാനടിയായിത്തീർന്ന ആറന്മുള പൊന്നമ്മ, കെ. ഓമനക്കുട്ടിയുടെ മാതാവ് കമാലാക്ഷിയമ്മ, ഗ്രേസി ഫിലിപ്പ്, ഈശ്വരിയമ്മ, സുകുമാരിയമ്മ എന്നിവരൊക്കെ സ്വാതി തിരുനാൾ അക്കാദമിയിൽ പാറശ്ശാല പൊന്നമ്മാളിന്റെ സഹപഠികളായിരുന്നു.

ചെറുപ്പത്തിൽ ചില സിനിമകളിലേക്കു പാടാനുള്ള ക്ഷണം ലഭിച്ചെങ്കിലും പൊന്നമ്മാൾ അതൊക്കെ നിരസിക്കുകയാണുണ്ടായത്‌. ഒരു ഗ്രാമീണവനിതയായി ജീവിക്കാനാണ് അവരെന്നും ഇഷ്ടപ്പെട്ടിരുന്നത്. കച്ചേരികൾക്കു ലഭിച്ചിരുന്ന പ്രതിഫലംപോലും അവർ കൈകൊണ്ട് തൊടുക മാത്രമേ ചെയ്തിരുന്നുള്ളൂ. അച്ഛനാണ് അതേറ്റു വാങ്ങിയിരുന്നത്. വിവാഹശേഷം ഭർത്താവ് ആ രീതി പിൻതുടർന്നുപോന്നു. ഇരുപത്തിനാലാം വയസ്സിൽ ഇരുപത്തിയെട്ടുകാരനായ ദേവനായകം അയ്യരെയാണ് പൊന്നമ്മാൾ വിവാഹം കഴിച്ചത്. അവർക്ക് നാലു കുട്ടികളുണ്ടായി. 1999-ൽ ദേവനായകം അയ്യർ അന്തരിച്ചു.

പൊന്നമ്മാൾ 'ഗാനഭൂഷണം' പാസായ സമയത്ത് അക്കാദമിയിൽ ലേഡി സ്റ്റാഫ്‌ ആരുമുണ്ടായിരുന്നില്ല. ഒരു നാൾ സ്വാതി തിരുനാൾ അക്കാദമിയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊന്നമ്മാൾ കൈപറ്റുകയായിരുന്നു. ജോലിക്കുവേണ്ടിയുള്ള ഒരപേക്ഷയും നൽകാതെയാണ് ആ ഉത്തരവ് അവരെത്തേടി വീട്ടിലെത്തിയത്. അങ്ങനെ അക്കാദമിയിലെ ആദ്യത്തെ അധ്യാപികയായി അവർ സ്ഥാനമേറ്റു.

അതിനു ശേഷമാണ് നിരവധി സ്ത്രീകൾ അവിടെ ജോലിക്കു ചേരുന്നത്. ശാന്തമ്മ, ജാനകി എന്നിവർ വീണയ്ക്കും തിരുവല്ല തങ്കമ്മ വായ്പ്പാട്ടിനും വന്നുചേർന്നത് പൊന്നമ്മാൾ വാർധക്യത്തിലും നല്ലപോലെ ഓർത്തിരുന്നു. 1970-ൽ പാറശ്ശാല പൊന്നമ്മാൾ തൃപ്പൂണിത്തുറ ആർ.എൽ.വി യിൽ പ്രിൻസിപ്പലായി ചുമതലയേറ്റു. 1980-ൽ അവിടെനിന്നാണ് അവർ വിരമിച്ചത്.

കർണാടകസംഗീതത്തിന്റെ സാമ്പ്രദായികമായ ആലാപനരീതിയാണ് പൊന്നമ്മാൾ ആരംഭകാലം തൊട്ടുതന്നെ പിൻതുടർന്നു പോന്നത്. ശെമ്മങ്കുടി ബാണിയെ ചിട്ടയോടെ അനുധാവനം ചെയ്തപ്പോളും സാങ്കേതികതലത്തിൽ അവർ ആവിഷ്കാരപരമായ വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നു. ഇതിനുള്ള ഒരു ഉദാഹരണമാണ് കച്ചേരികളിൽ അവർ പാടിയിരുന്ന ശ്യാമശാസ്ത്രിയുടെ മൂന്നു സ്വരജതികൾ.

ഭൈരവി, യദുകുലകാംബോജി, തോഡി എന്നീ രാഗങ്ങളിലുള്ള ഈ സ്വരജതികൾ ശ്യാമശാസ്ത്രി രചിച്ചത് ആ രാഗങ്ങളുടെ ആലാപനസാധ്യതകൾ സംഗീതകാരന്മാർക്ക് നല്ല വിധത്തിൽ പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചാണ്. രത്നത്രയം എന്ന പേരിലാണ് ഈ സ്വരജതികൾ സംഗീതലോകത്ത് അറിയപ്പെടുന്നത്. പുരുഷഗുണപ്രധാനമായ ഘനശാരീരം പൊന്നമ്മാളിന്റെ മറ്റൊരു സവിശേഷതയായിരുന്നു. അതുപോലെ ആലാപനത്തിൽ സാഹിത്യശുദ്ധിക്കു പ്രാധാന്യം നൽകിയിരുന്നതിനാൽ ഒരു അധ്യാപികയെന്ന നിലയിലും അവർക്ക് വിജയം നേടാനായി.

തിരുവനന്തപുരം നവരാത്രിമണ്ഡപത്തിൽ 2006-ൽ പാറശ്ശാല പൊന്നമ്മാൾ പാടിയപ്പോൾ 177 വർഷത്തെ ആചാരമാണ് അവർക്കു മുന്നിൽ മുട്ടു കുത്തിയത്. ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ അവിടെ നവരാത്രിക്കച്ചേരിയിൽ പാടുകയായിരുന്നു. എസ്.ആർ. മഹാദേവശർമ്മ വയലിനിലും നാഞ്ചിൽ അരുൾ മൃദംഗത്തിലും ഉഡുപ്പി ശ്രീധർ ഘടത്തിലും അന്നു പൊന്നമ്മാൾക്ക് അകമ്പടിക്കിരുന്നു. ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രിക്കച്ചേരികൾക്ക് ആ വർഷം തുടക്കം കുറിച്ചത് പൊന്നമ്മാൾ അന്നാലപിച്ച ശങ്കരാഭരണം രാഗത്തിലുള്ള സ്വാതിതിരുനാളിന്റെ 'ദേവി ജഗജ്ജനനി' എന്ന കൃതിയോടെയായിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങൾ, പത്മശ്രീ ബഹുമതി എന്നിവയാണ് പാറശ്ശാല പൊന്നമ്മാൾക്കു ലഭിച്ചിട്ടുള്ള പ്രധാനപ്പെട്ട അംഗീകാരങ്ങൾ.

സംഗീതത്തെ ദേവതയായിട്ടാണ് നാം ഉപാസിക്കുന്നത്. എന്നാൽ സംഗീതരംഗമൊട്ടാകെ വാഴുന്നത് ദേവന്മാരാണ്. അങ്ങിങ്ങായി ചില ദേവതകളെയും നമുക്ക് കാണാനാകുന്നുവെന്നത് ആശ്വാസദായകമാണ്. ബാംഗ്ലൂർ നാഗരത്നമ്മ, സുബുലക്ഷ്മി, പട്ടമ്മാൾ, വസന്തകോകിലം, വസന്തകുമാരി, ശ്രീരംഗം ഗോപാലരത്നം എന്ന പേരുകളിലൊക്കെ നാം ആ സങ്കൽപത്തെ ആരാധിക്കുന്നു. ആ ദിവ്യപ്രതിഭകൾക്കൊപ്പം കേരളം കർണാടകസംഗീതലോകത്ത് പ്രതിഷ്ഠിച്ച ഒരേയൊരു സംഗീതദേവതയാണ് പാറശ്ശാല പൊന്നമ്മാൾ.

Content Highlights: remembering Parassala Ponnammal legendary Carnatic singer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented