പാറശ്ശാല പൊന്നമ്മാൾ
കർണാടക സംഗീത മണ്ഡലത്തിലെ കേരളത്തിന്റെ മുതിർന്ന ഗുരു. പാറശ്ശാല ബി. പൊന്നമ്മാൾ. കേരളത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവും. കറകളഞ്ഞ പരിശുദ്ധമായ ശൈലി പിന്തുടരുന്ന സംഗീതജ്ഞ. പ്രൊഫ. കുമാര കേരളവർമ, എം.ജി. രാധാകൃഷ്ണൻ, നെയാറ്റിൻകര വാസുദേവൻ, ഡോ. കെ. ഓമനക്കുട്ടി തുടങ്ങിയ മുതിർന്നവർമുതൽ ഇന്നത്തെ ഇളംതലമുറയിൽപ്പെടുന്നവർവരെ ഉൾക്കൊള്ളുന്ന വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമ, മാതൃകാധ്യാപിക -ഇവയെല്ലാം ഒത്തുചേർന്ന ഒരു പ്രതിഭാശാലിയായിരുന്നു ടീച്ചർ.
ഗുരുക്കന്മാരായ പാപനാശം ശിവൻ, ഹരികേശനല്ലൂർ, മുത്തയ്യ ഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസയ്യർ എന്നിവരിൽനിന്നു തനിക്കുകിട്ടിയ സംഗീതത്തിന്റെ സത്ത ലേശംപോലും ചോരാതെ പ്രയോഗിക്കുകയും അതേപടി ശിഷ്യരിലേക്ക് കൈമാറുകയും ചെയ്തു. ഏതു രാഗമായാലും ഏതു കൃതിയായാലും ആ പാരമ്പര്യസമ്പ്രദായത്തിൽനിന്ന് കുടുകിടെ വ്യതിചലിക്കാതെ അതേപടി പാടിയിരുന്നു അവർ. അവരുടെ രാഗാലാപനം, നിരവൽ, കല്പനസ്വരപ്രസ്ഥാരം എന്നിവ തനതായ ശൈലി പുലർത്തി. ഗുണമേന്മയായിരുന്നു ടീച്ചറുടെ സംഗീതത്തിന്റെ മുഖമുദ്ര. രക്തിരാഗങ്ങളായ കാംബോജി, ഹരികാംബോജി, തോഡി, ഭൈരവി, ശങ്കരാഭരണം എന്നിവ വിസ്തരിച്ചുപാടുമ്പോഴും ഓരോ സഞ്ചാരവും രാഗഭാവത്താൽ നിറഞ്ഞുതുളുമ്പി. താരതമ്യേന വിസ്താരസാധ്യത കുറഞ്ഞ രാഗങ്ങളായ കമാസ്, ധന്യാസി, മുഖാരി എന്നിവ പോലും സത്ത നിറഞ്ഞവയായിരുന്നു, പൂർണമായിരുന്നു. കൃത്രിമത്വമില്ലാതെ, വളരെ സ്വാഭാവികമായ രീതിയിൽ ഒഴുകിവരുന്ന കല്പനസ്വരങ്ങൾ ടീച്ചറുടെ സവിശേഷതയായിരുന്നു. ശ്ലോകങ്ങളും വിരുത്തങ്ങളും രാഗമാലികകളായി ടീച്ചർ പാടുന്ന രീതി കേട്ടാലുംകേട്ടാലും മതിവരില്ല. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്നതുകൊണ്ടാണ് അർഥപുഷ്ടി നിലനിർത്തത്തക്കവിധം ഇവ ആലപിക്കാൻ സാധിച്ചിരുന്നത്. ആ ശബ്ദമാധുര്യത്തെ വാർധക്യം തൊട്ടുതീണ്ടിയിരുന്നില്ല. വിനയം, ലാളിത്യം, അച്ചടക്കം, കൃത്യനിഷ്ഠ എന്നിവയുടെ മൂർത്തരൂപം. ശിഷ്യരോട് മാതൃസഹജമായ വാത്സല്യം.
അംഗീകാരങ്ങളും നേട്ടങ്ങളും ടീച്ചറെ വീണ്ടും വിനയാന്വിതയാക്കി. ഒട്ടേറെ വിഷയങ്ങളിൽ ഈ സ്ത്രീരത്നം ഒന്നാംസ്ഥാനക്കാരിയായിരുന്നു. സ്വാതിതിരുനാൾ സംഗീതകോളേജിലെ ആദ്യത്തെ വിദ്യാർഥിനി, അവിടത്തെത്തന്നെ ആദ്യത്തെ അധ്യാപിക, തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീതകോളേജിന്റെ ആദ്യത്തെ വനിതാ പ്രിൻസിപ്പൽ, ഇതിനെല്ലാം മകുടം ചാർത്തുന്ന വിധത്തിൽ തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ കച്ചേരി നടത്തിയ ആദ്യത്തെ വനിത എന്നിങ്ങനെ. 300 വർഷത്തെ പാരമ്പര്യം മറികടന്നാണ് ടീച്ചർക്ക് ഇങ്ങനെയൊരു നിയോഗം ഉണ്ടായത്.
എല്ലാം ഭഗവാനിലർപ്പിച്ച് ഉപാസനയോടെ സംഗീതം കൈകാര്യം ചെയ്യുകയും എല്ലാവരെയും കളങ്കമില്ലാതെ സ്നേഹിക്കുകയും മാത്രം ചെയ്തിരുന്ന ടീച്ചറുടെ ജീവിതം ധന്യമായിരുന്നു. അംഗീകാരങ്ങളെയും നേട്ടങ്ങളെയും കുറിച്ച് അവർ ചിന്തിച്ചിരുന്നതേയില്ല. അവ അവരെത്തേടി വന്നപ്പോഴും മതിമറന്നില്ല.
വാർധക്യസഹജമായ വിഷമങ്ങൾകാരണം ടീച്ചർ നമ്മെ വിട്ടുപോയി എന്നത് ദുഃഖകരമായ സത്യം തന്നെയാണ്. പക്ഷേ, ആ മഹാഗുരുവിന്റെ സംഗീതവും ജീവിതദർശനങ്ങളും ഒരു നിധിപോലെ വരുംതലമുറയ്ക്ക് സമ്മാനിച്ചാണ് അവർ യാത്രയായത്. ഈ മാതൃകയാണ് നമ്മൾ പിന്തുടരേണ്ടത്.
Content Highlight: Legendary Carnatic Musician Parassala B Ponnammal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..