തിര്‍ത്തികള്‍ എന്നും കലുഷിതം തന്നെയായിരുന്നു. ഒടുങ്ങാത്ത വെടിയൊച്ചകളും പോര്‍വിളികളും ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ചോരവീഴ്ത്തുമ്പോഴും എന്നോ ഭിന്നിച്ചുപോയ പഴയ സഹോദരങ്ങളെ തമ്മിലകറ്റാതെ ചേര്‍ത്തുനിര്‍ത്തുന്ന ചിലതൊക്കെ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനം കലയും സംഗീതവും തന്നെ. യുദ്ധത്തിന്റെ വക്കിലെത്തിയ കാലത്തും പാകിസ്താനികളായ മെഹ്ദി ഹസനെയും ഗുലാം അലിയെയും ഫരീദാ ഖാനുമിനെയുമെല്ലാം ഇന്ത്യക്കാര്‍ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി. കലകളിലൂടെ സ്നേഹം പടര്‍ത്താന്‍ ഇരുഭാഗങ്ങളിലും എന്നും ചിലരുണ്ടായിരുന്നു. പുതിയ കാലത്തും അങ്ങനെയുള്ളവര്‍ വന്നുകൊണ്ടേയിരിക്കുന്നു. കറാച്ചിയില്‍ ജനിച്ച് ദുബായില്‍ ജീവിക്കുന്ന പാകിസ്താനി ഗായിക നാസിയ അമീന്‍ മുഹമ്മദും പാട്ടുവഴിയിലൂടെ അതിര്‍ത്തിരാജ്യത്തിലേക്ക് സ്നേഹം പടര്‍ത്തുകയാണ്. അതിന്റെ ഭാഗമായി അന്യനാട്ടുകാര്‍ക്ക് വഴങ്ങാന്‍ കൂടുതല്‍ വിഷമമായ മലയാളത്തെയും ഈ ഗായിക വരുതിയിലാക്കിയിരിക്കുന്നു. നാസിയയുടെ മലയാളം പാട്ടുകളും നവമാധ്യമങ്ങളിലൂടെ നമുക്കു കേള്‍ക്കാം. ഈ പാക് സംഗീതജ്ഞയുടെ വിശേഷങ്ങളിലേക്ക്...

മലയാളം പാട്ടുകള്‍ കേട്ടുതുടങ്ങിയത് എങ്ങനെയാണ്...

മലയാള സിനിമയെക്കുറിച്ച് ഞാന്‍ അറിയുന്നത് രണ്ടുവര്‍ഷം മുമ്പാണ്. പുതിയ ആള്‍ക്കാരെ പരിചയപ്പെടുകയും അവരുമായി നല്ല ബന്ധം സ്ഥാപിക്കുക എന്നതും എന്റെ സ്വഭാവത്തിലുള്ളതാണ്. പ്രത്യേകിച്ചും ഇന്ത്യക്കാരുമായി നല്ല സൗഹൃദമുണ്ടാക്കാനും എനിക്കെന്നും ഇഷ്ടമാണ്. അതിര്‍ത്തികള്‍ മനുഷ്യനിര്‍മിതമാണെന്നും അത് ദൈവത്തിന്റെ സൃഷ്ടിയല്ലെന്നും നമുക്കു തെളിയിക്കണ്ടേ?  ഇന്ത്യയുടെ ബഹുവിശ്വാസ സങ്കല്‍പ്പവും 
നാനാത്വവുമൊക്കെ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇന്ത്യന്‍ സുഹൃത്തുക്കളില്‍നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍നിന്ന് എനിക്ക് സ്നേഹവും സൗഹൃദവും കിട്ടിയത്. മലയാളഭാഷയിലേക്ക് എത്തിയതും അങ്ങനെതന്നെ. നിങ്ങള്‍ക്കായുള്ള എന്റെ സംഗീതസമ്മാനം ഇരുകൈയുംനീട്ടി സ്വീകരിച്ചതിന്, നിങ്ങളുടെ സ്വന്തം കുടുംബത്തിലെതന്നെ ഒരാളായി എന്നെ കണ്ടതിന് നന്ദിയുണ്ട്. 

സംഗീതം പഠിച്ചിട്ടുണ്ടോ... ഇതു പാരമ്പര്യമായി കിട്ടിയ സിദ്ധിയാണോ...

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ഇനി പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ദൈവം സമ്മാനിച്ച ശബ്ദം മാത്രമാണ് എനിക്കാകെയുള്ളത്. ചെറുപ്പം മുതല്‍തന്നെ സംഗീതത്തോട് താത്പര്യമുണ്ടായിരുന്നു. അച്ഛനും അമ്മയും നല്ല സംഗീതാസ്വാദകരാണ്. കുട്ടിക്കാലംമുതലേ ലതാജിയുടെയും കിഷോര്‍ദായുടെയും മുഹമ്മദ് റഫിദായുടെയും പാട്ടുകള്‍ കേട്ടിരിക്കുന്നത് ഇഷ്ടമായിരുന്നു.

ദുബായിലെ ജീവിതം എങ്ങനെ സഹായിച്ചു...

ദുബായ് എനിക്കൊരു സ്വര്‍ഗമാണ്. എനിക്കു മാത്രമല്ല സമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ദുബായ് സ്വര്‍ഗമാണ്. ഇരുന്നൂറോളം രാജ്യങ്ങളിലെ ആള്‍ക്കാര്‍ ഒരു കുടുംബം പോലെ ഒറ്റ രാജ്യത്ത്! ലോകത്ത് അങ്ങനെ ഒരേയൊരു സ്ഥലമേയുള്ളൂ, അതാണ് ദുബായ്. ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി എന്തെങ്കിലും ചെയ്യാന്‍ എനിക്കിവിടെനിന്നു മാത്രമേ കഴിയൂ. അതിന് യു.എ.ഇ.യോടും രാജകുടുംബത്തോടും വലിയ നന്ദി പറയേണ്ടിയിരിക്കുന്നു.

സാമൂഹികമാധ്യമങ്ങളിലെ താരമാണല്ലോ നാസിയ...

എന്റെ പാട്ടുകളിലെ ഉച്ചാരണപ്പിശകുകള്‍ വകവെയ്ക്കാതെ, എന്റെ ദേശീയതയെപ്പോലും മറന്നുകൊണ്ട് നിങ്ങളെന്നെ സ്വീകരിച്ചുവെന്നറിയുന്നതില്‍ സന്തോഷമുണ്ട്. പ്രമുഖ പത്രങ്ങളും ചാനലുകളും എന്റെ പാട്ടുകള്‍ക്ക് നല്‍കിയ സ്ഥാനം കൂടുതല്‍ പ്രചോദനമായി. നല്ലതിനായി നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അതെത്ര 

ചെറുതായാലും, മറ്റുള്ളവര്‍ അതംഗീകരിക്കുകയും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ നമുക്കെന്താണ് സന്തോഷം തരുന്നത്? അതിനേക്കാള്‍ കൂടുതല്‍ എന്താണ് നമുക്ക് ആഗ്രഹിക്കാനുള്ളത്?

മലയാളത്തിന്റെ സ്വന്തം കെ.എസ്. ചിത്ര താങ്കളെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കണ്ടിരുന്നോ...

ഏറ്റവും കൂടുതല്‍ അഭിമാനംതോന്നിയ നിമിഷമായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യം. കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രച്ചേച്ചിയുടെ അനുഗ്രഹവും ആശംസകളും. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെതന്നെ അഭിമാനമായ അവര്‍ നമ്മളെ അഭിനന്ദിക്കുന്നു. ഇങ്ങനെയൊന്നുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടേയില്ല. ചിത്രച്ചേച്ചിയെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇന്‍ഷാ അള്ളാ... ചിലപ്പോള്‍ ഒരുദിവസം സാധിച്ചേക്കും.

പാട്ടുകള്‍ പാടുന്നതിനുമുന്‍പ് അര്‍ഥം മനസ്സിലാക്കാറുണ്ടോ...

ഇതുവരെ രണ്ട് തമിഴ് പാട്ടുകളും എട്ട് മലയാളം പാട്ടുകളുമാണ് പാടിയിട്ടുള്ളത്. ആദ്യമൊന്നും അര്‍ഥം നോക്കിയിരുന്നില്ല. ട്യൂണ്‍ മാത്രം പഠിച്ചാണ് പാടിയത്. പിന്നീട് വരികളുടെ അര്‍ഥം ഗൂഗിള്‍ നോക്കി മനസ്സിലാക്കാന്‍ തുടങ്ങി. അവസാനം പാടിയ മൂന്നു പാട്ടുകളുടെ അര്‍ഥം കണ്ടുപിടിച്ചിരുന്നു. അതിനൊപ്പം പാട്ടിന്റെ വീഡിയോയും കാണും. വെറുതേ ആ മെലഡികള്‍ കേട്ടിരിക്കും. അതാണ് സംഗീതത്തിന്റെ മാജിക്.

ഇന്ത്യന്‍ സൗഹൃദങ്ങളുടെപേരില്‍ ഭീഷണിയുണ്ടായിട്ടുണ്ടോ... അതില്‍ ഭയമുണ്ടോ...

ഇതുവരെ ഒരു ഭീഷണിയും ഉണ്ടായിട്ടില്ല. രണ്ടു രാജ്യങ്ങളിലെയും സുഹൃത്തുക്കള്‍ സന്തോഷത്തിലാണ്. മനുഷ്യരുടെ ഭാഗത്തുനിന്നുള്ള ഭീഷണിയെ ഞാന്‍ ഭയപ്പെടുന്നില്ല. കാരണം ഞാന്‍ ചെയ്യുന്നതെന്തോ അത് എന്റെ ഉള്ളില്‍ ദൈവമുള്ളതുകൊണ്ടാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എന്റെ ശബ്ദത്തിലുണ്ട് ദൈവം... അദ്ദേഹം എന്റെ ആത്മാവിലുമുണ്ട്. സ്നേഹംനിറയ്ക്കാനായാണ് ഞാന്‍ പാടുന്നത്. അതിന് ദൈവം എന്നെ സഹായിക്കുന്നുണ്ട്.

അതിര്‍ത്തിയുടെയും മതത്തിന്റെയും പേരില്‍ കലാകാരന്മാര്‍ക്ക് ഫത്വ പ്രഖ്യാപിക്കുന്നവരോട്...

കലാകാരന്മാരാണ് ഭൂമിയില്‍ ഏറ്റവും സ്നേഹംനിറഞ്ഞ മനുഷ്യര്‍. അവര്‍ അവരുടെ കലയെ സ്നേഹത്തിനായി ഉപയോഗിക്കുന്നു. സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. മതിലുകള്‍ കെട്ടിപ്പൊക്കിയും അതിര്‍ത്തികള്‍ വരഞ്ഞും സ്നേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ല. അതെല്ലാ അതിര്‍ത്തികളെയും അതിജീവിക്കുകതന്നെ ചെയ്യും. നമ്മള്‍ സ്നേഹം പ്രസരിപ്പിക്കണം. എങ്കില്‍ മാത്രമേ ഈ ലോകം ജീവിക്കാന്‍ കൂടുതല്‍ നല്ല ഇടമായി മാറൂ.

ഇവിടത്തെ പിന്നണിഗാനരംഗത്ത് അവസരം ലഭിച്ചാല്‍...

തീര്‍ച്ചയായും സ്വീകരിക്കുകതന്നെ ചെയ്യും. എന്നെ സംബന്ധിച്ച് ഇന്ത്യ എന്നത് സംഗീതത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സാണ്. ഇന്ത്യയില്‍ പാടാന്‍ അവസരം ലഭിച്ചാല്‍ അത് എത്രയോ വലിയ അനുഗ്രഹമായിരിക്കും.

ജോലി, കുടുംബം, കുട്ടിക്കാലം...

യു.എ.ഇ.യില്‍ ഒരു കമ്പനിയില്‍ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവാണ് ഇപ്പോള്‍. അച്ഛന്‍ അമീന്‍ മുഹമ്മദ് ജനിച്ചത് താന്‍സാനിയയിലാണ്. പിന്നീട് പഠനത്തിനും ബിസിനസിനുമൊക്കെയായി പാകിസ്താനില്‍ സ്ഥിരതാമസമാക്കി. അമ്മ യാസ്മീന്‍ അമീന്‍ മുഹമ്മദ് ഇന്ത്യയിലെ ആദിലാബാദിലാണ് (തെലങ്കാന) ജനിച്ചത്. 1983ല്‍ വിവാഹം കഴിഞ്ഞതോടെ അമ്മയും പാകിസ്താനിയായി. അമ്മയുടെ കുടുബം ഇപ്പോഴും ഇന്ത്യയിലുണ്ട്. എനിക്ക് രണ്ടു സഹോദരന്മാരുമുണ്ട്.