ജിമിക്കിയുടെ കിലുക്കം നിലച്ചു. നെറ്റില്‍ ഇപ്പോള്‍ ആഘോഷതാരം പടകാളി ചണ്ഡിച്ചങ്കരിയാണ്. യോദ്ധയിൽ റഹ്മാന്റെ ഈണത്തില്‍ തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും കാവിലെ പാട്ടുമല്‍സരത്തിന് പാടിത്തകര്‍ത്ത ആ പഴയ 'പടകാളി ചണ്ടിച്ചങ്കരി'യുടെ വയലിന്‍ കവര്‍ വേര്‍ഷനാണ് ഇപ്പോള്‍ യുട്യൂബിലെ സെന്‍സേഷന്‍. യോദ്ധ ഇറങ്ങി കാൽ നൂറ്റാണ്ട് തികയുമ്പോഴാണ് ഇതിന്റെ വേറിട്ടൊരു കവർ വേർഷനും തരംഗമാവുന്നത്.

'ഈ പാട്ടിന്റെ ലിറിക്‌സ് തെറ്റാതെ പാടാന്‍ പറ്റുമോ, ഈ പാട്ട് ഇന്‍സ്ട്രമെന്റിന് വഴങ്ങുമോ' എന്നൊക്കെയുള്ള കണ്‍ഫ്യൂഷന്‍സെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്, ഒറിജിനല്‍ സോങ്ങിനെ ആഘോഷമാക്കുന്ന ഈ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത് കൊച്ചിയില്‍ നിന്നുള്ള ഓര്‍ഫിയോ ബാന്‍ഡാണ്. 
    
അപ്‌ലോഡ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ പോസ്റ്റ് ചെയ്ത 20 മിനിറ്റിനുള്ളില്‍ ഗായകന്‍ ശ്രീനിവാസ് അത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. സംവിധായകൻ സംഗീത് ശിവന്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്തു. വയലിനിസ്റ്റ് കൂടിയായ സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. യൂട്യൂബിലുമുണ്ട് തകര്‍പ്പന്‍, പൊളപ്പന്‍ കമന്റുകള്‍ ധാരാളം. കാരണം, വയലിനില്‍ അശോകനും അപ്പുക്കുട്ടനും കൊമ്പുകോര്‍ക്കുന്നത് അത്രയേറെ ഹൃദ്യമാണ്.


ഈ പാട്ട് തന്നെ തിരഞ്ഞെടുക്കാന്‍ ഓര്‍ഫിയോ ബാന്‍ഡിന് കൃത്യമായ കാരണങ്ങളുണ്ട്. 

'ഇതൊരു യൂണീക് സോങ് ആണ്. നല്ല റൊമാന്റിക് സോങ്, സാഡ് സോങ്, ഫാസ്റ്റ് നമ്പര്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരുപാട് പാട്ടുകള്‍ നമ്മുടെ മനസിലെത്തും. പക്ഷേ, ഇതുപോലൊരു പാട്ട് ഇതു മാത്രമേയുള്ളു.' വയലിനിസ്റ്റ് കരോള്‍ ജോര്‍ജ് പറയുന്നു. വീഡിയോയില്‍ മോഹന്‍ലാലിന്റെ അശോകനാണ് കരോള്‍.

orfeo

'രണ്ടു വര്‍ഷം മുമ്പ് ഒരു പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയില്‍ 'പടകാളി ചണ്ഡിച്ചങ്കരി' തന്നെ ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. 'ഈ പാട്ട് ഇന്‍സ്ട്രമെന്റില്‍ ചെയ്യാനാകില്ല' എന്ന് പൊതുവില്‍ ഒരു കാഴ്ചപ്പാടുണ്ട്. ഇതും സാധ്യമാണെന്ന് കണ്‍വിന്‍സ് ചെയ്യണമെന്നും ഞങ്ങള്‍ക്കുണ്ടായിരുന്നു.' 

പ്ലെയിനായി ഇന്‍സ്ട്രമെന്റില്‍ ഈ പാട്ട് വായിക്കുക മാത്രമല്ല ഇവര്‍ ചെയ്തത്. ഓരോ വരിയും കൂടെ പാടിപ്പോകുന്ന ലയം ഒരുക്കി. മത്സരത്തിന്റെ വീറും വാശിയും പോലും നേര്‍ത്ത തന്ത്രികളിലൂടെ കേള്‍വിക്കാരുടെ കാതുകള്‍ക്കു പകര്‍ന്നു നല്‍കി. 'തടിയാ മടയാ, ഇടിയാ പൊടിയാ, മറുതേ ചെറുതേ, വാടാ പോടാ' വിളികളും 'കണസാ കൊണസാ പറയാതടിവെയ് കൂവേ, കണിശം കെണിയും തകിടം മറിയും കൂവേ' എന്നൊക്കെയുള്ള പോര്‍വിളികളും എല്ലാം അതേ ഫീലില്‍ തന്ത്രിവാദ്യങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നുണ്ട്.

orfeo

വയലിനില്‍ കരോൾ ജോര്‍ജും ഫ്രാന്‍സിസ് സേവ്യറും സ്വരരാഗങ്ങള്‍ മീട്ടുമ്പോള്‍, പിയാനോയില്‍ റോബിന്‍ തോമസ്, വയോളയില്‍ ഹെറാള്‍ഡ് ആന്റണി, ഡ്രംസില്‍ ബെന്‍ഹര്‍ തോമസ്, പെര്‍ക്കഷനില്‍ ബിനോയ് ജോസഫ്, സ്ട്രിംഗ് അറേഞ്ചറില്‍ റെക്‌സ് ഐസക് എന്നിവര്‍ക്കൊപ്പം സെല്ലോയില്‍ മരിയ ഗ്രിഗോറേവയുമാണ് പടകാളിയെ അവിസ്മരണീയമാക്കിയത്.

രണ്ടു വര്‍ഷം മുമ്പേ ഈ വീഡിയോയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. റെക്‌സാണ് ഓരോ ഇന്‍സ്ട്രമെന്റിന്റെയും നോട്ടുകള്‍ പ്രത്യേകമായി എഴുതിയത്. അതിനെ ബാന്‍ഡ് വീണ്ടും ഇംപ്രൊവൈസ് ചെയ്തു. നന്നായി പ്രാക്ടീസ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചിയില്‍ കരോളും സുഹൃത്ത് ചന്ദ്‌ലുവും പടകാളി സോങ് ലൈവ് ആയി വയലിനില്‍ അവതരിപ്പിച്ചിരുന്നു. 'അന്ന് ഓഡിയന്‍സിന്റെ ഭാഗത്തുനിന്ന് ഭയങ്കര റെസ്‌പോണ്‍സ് കിട്ടി. അതുകണ്ടപ്പോള്‍, ഈ വീഡിയോ ചെയ്താല്‍ സക്‌സസ് ആകുമെന്ന് ഉറപ്പുകിട്ടിയതുപോലെ തോന്നിയിരുന്നു.'-കരോള്‍ പറയുന്നു. 

യോദ്ധ ഇറങ്ങിയതിന്റെ 25ാം വര്‍ഷം 'പടകാളി' പാട്ടിന്റെ വയലിന്‍ വേര്‍ഷന്‍ വൈറലാകുന്നതിനെക്കുറിച്ച് 'ടീം വര്‍ക്കിന്റെ വിജയം' എന്നേ കരോളിന് പറയാനുള്ളു. അടുത്ത പാട്ടുകള്‍ ഒരുക്കുന്ന തിരക്കിലാണ് ഓര്‍ഫിയോ ബാന്‍ഡ് അംഗങ്ങള്‍. 'സമയമെടുത്താലും ഏറ്റവും മികച്ച ക്വാളിറ്റിയില്‍, സ്റ്റാന്‍ഡേര്‍ഡില്‍ വീഡിയോ ചെയ്യണം, അതാണ് എപ്പോഴും ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം.'