നാരായണീയവും ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും പി. ലീലയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്ത് ഗുരുവായൂരപ്പനു മുന്നിൽ സമർപ്പിച്ചിട്ട് 60 വർഷമാകുന്നു. ഈ ഗാനങ്ങൾ ക്ഷേത്രത്തിൽ അലയടിച്ചത് 1961 സെപ്റ്റംബർ 22-ന് പുലർച്ചെ 2.30-നാണ്.

ചിറ്റൂരിലെ പൊറയത്ത് കുടുംബാംഗമായ പി. ലീല 27-ാം വയസ്സിലാണ് ഭക്തർക്കായുള്ള സംഗീതതിരുമധുരം സമർപ്പിച്ചത്. മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോഡിലാക്കാൻ 1961 മാർച്ചിലാണ് ദേവസ്വം ശ്രമം തുടങ്ങിയത്. റെക്കോഡ് ചെയ്യാനുള്ള ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിച്ചു. പാടാൻ എം.എസ്. സുബ്ബലക്ഷ്മിയെയും പി. ലീലയെയും നിശ്ചയിച്ചു. സുബ്ബലക്ഷ്മിക്കെത്താൻ കഴിയാത്തതിനാൽ പി. ലീലയ്ക്കായി അവസരം.

ഭഗവാന്റെ സ്വരൂപവും മാഹാത്മ്യവും വർണിക്കുന്ന സാന്ദ്രാനന്ദാവബോധാത്മകമനുപമിതം... എന്നുതുടങ്ങുന്ന നാരായണീയത്തിലെ ഒന്നാം ദശകവും രാസക്രീഡ വർണിക്കുന്ന ദശകവും കേശാദിപാദ വർണനയുള്ള നൂറാമത്തെ ദശകവുമാണ് റെക്കോഡിങ്ങിനായി തിരഞ്ഞെടുത്തത്.

സംസ്കൃതപണ്ഡിതരുടെ സഹായത്തോടെ നാരായണീയ ശ്ലോകങ്ങളുടെ അർഥം മനസ്സിലാക്കി ഉച്ചാരണശുദ്ധിയോടെ പാടാൻ ലീല കഠിനശ്രമം നടത്തിയിരുന്നു. ഗുരുവായൂർ ദർശനത്തിനുശേഷമാണ് റെക്കോഡിങ്ങിന് പുറപ്പെട്ടത്. അന്നത്തെ മദിരാശി എച്ച്.എം.വി. സ്റ്റുഡിയോയിൽ റെക്കോഡിങ്‌ പൂർത്തിയാക്കി. പ്രതിഫലമായി കിട്ടിയ ആയിരം രൂപ അപ്പോൾത്തന്നെ കണ്ണന് കാണിക്ക നൽകി. 1961 സെപ്റ്റംബർ 21-നാണ് നാരായണീയം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന എന്നിവയടങ്ങിയ ഗ്രാമഫോൺ റെക്കോഡുകൾ ഗുരുവായൂരിൽ സമർപ്പിച്ചത്. പിറ്റേന്ന് പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങിയ തിരുനാമധാര ഇന്നും മുടങ്ങിയിട്ടില്ല.

 

Content Highlights: P Leela's sweet voice in Guruvayoor Temple completes 60 years