പി. ഭാസ്‌കരന്റെ പല ഗാനങ്ങളിലും നിലാവ് അന്തര്‍ധാരയായി പരക്കുന്നുണ്ട്. പ്രണയത്തിന്റെയും പ്രണയിതാക്കളുടെയും എല്ലാ ഭാവങ്ങളും ഈ നിലാവിലും കാണാം.

'നാഴിയുരിപ്പാലുകൊണ്ട്
നാടാകെ കല്യാണം
നാലഞ്ചു തുമ്പകൊണ്ട്
മാനത്തൊരു പൊന്നോണം.'
(ചിത്രം - രാരിച്ചന്‍ എന്ന പൗരന്‍)

പി. ഭാസ്‌കരന്റെ സിനിമാഗാനങ്ങളെക്കുറിച്ചോര്‍ക്കുന്ന പഴമക്കാരുടെ മനസ്സിലേക്ക് ആദ്യം ഒഴുകിയെത്തുന്നത് ഈ വരികളായിരിക്കാം. ഈ കല്യാണത്തിലും പൊന്നോണത്തിലും സഹൃദയര്‍ നറുനിലാവിന്റെയും കാവ്യകല്പനകളുടെയും പൂക്കളം കാണുന്നു. നിലാവിന് എത്രയെത്ര രൂപങ്ങളാണ്! ഭാവങ്ങളാണ്! അവയെല്ലാം പ്രണയനിലാവിനുമുണ്ട്. നിലാവും പ്രണയത്തിന്റെ ഹര്‍ഷവിഷാദങ്ങളും ചേരുമ്പോള്‍ പ്രണയിതാക്കളിലുണ്ടാകുന്ന ഭാവങ്ങളുടെ അതിവശ്യമായ വാഗ്രൂപങ്ങളാണ് ഭാസ്‌കരന്റെ പല സിനിമാഗാനങ്ങളും. അവയില്‍ അന്തര്‍ധാരയായി നിലാവു പരക്കുന്നു. അതിന്റെ നിറവും നനവും ഭാവവും പ്രണയതരളമായ മാനസങ്ങളിലൂടെ നാം അറിയുന്നു. അപ്പോള്‍, നിലാവുമായി ഹൃദയവികാരം പങ്കിടുന്ന പ്രണയിതാക്കളും നമുക്ക് പ്രിയപ്പെട്ടവരാകും.

'പതിവായി പൗര്‍ണമിതോറും
പടിവാതിലിനപ്പുറമെത്തി
കണിവെള്ളരി കാഴ്ചവെക്കും
കനകനിലാവേ...'
(ചിത്രം - ആദ്യകിരണങ്ങള്‍)
ഒരു പ്രണയിനി ഹൃദയം തുറക്കുന്നു. അവളും നിലാവും കാഴ്ചവെക്കുന്നത് പ്രണയമാണ്.

'മനസ്സിലെ പൂന്തേന്‍കൂട്ടി
മധുരിക്കും വെള്ളരി തിന്നാന്‍
കിളിവാതിലില്‍ വന്നില്ലല്ലോ
വിരുന്നുകാരന്‍'

പടിവാതിലും മനസ്സിന്റെ കിളിവാതിലും കടന്ന് പ്രണയം പങ്കിടാന്‍ വിരുന്നുകാരന്‍ വരാത്തതില്‍ നിലാവിനെന്നപോലെ അവള്‍ക്കും വേദനയുണ്ട്. നിലാവുമായല്ലാതെ ആരുമായാണ് അവളതു പങ്കിടുക.

'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസച്ചന്ദ്രിക വന്നു'
(ചിത്രം - കളിത്തോഴന്‍)

ധനുമാസച്ചന്ദ്രികയുടെ ലാവണ്യം കാമുകനെ രാഗപരവശനാക്കുന്നു. പക്ഷേ വരേണ്ടയാള്‍ മാത്രം വന്നില്ല. തനിക്കൊപ്പം നിലാവും അവളെ കാത്തിരിക്കുകയാണ്! കുളിച്ചുതോര്‍ത്തി, മഞ്ഞിന്റെയും നിലാവിന്റെയും പ്രേമത്തിന്റെയും ഉള്‍ക്കുളിരണിഞ്ഞു വരുന്ന മുഗ്ധയായ കാമുകിയുടെ രൂപവും ഈ ധനുമാസച്ചന്ദ്രികയില്‍ തെളിയുന്നു.

'മഞ്ഞണിപ്പൂനിലാവ്
പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവെച്ച്
നീരാടുമ്പോള്‍'
(ചിത്രം - നഗരമേ നന്ദി)

നിലാവിനെ ഇതില്‍പരം ചേതോഹാരിണിയാക്കാന്‍ ഏതു നീരാട്ടിനാണു കഴിയുക? ഈ നീരാട്ടിലുണരുന്ന കുഞ്ഞോളങ്ങള്‍ ഇപ്പോഴും പ്രണയിതാക്കളെ തഴുകുന്നുണ്ടാകും. നിലാവിനൊപ്പം നിലാവിന്റെ ചേലുള്ളൊരു കാമുകിയും ഈ ഗാനത്തില്‍ നീരാടുന്നുണ്ട്.

'പാതിരാവായില്ല പൗര്‍ണമികന്യയ്ക്ക്
പതിനേഴോ പതിനെട്ടോ പ്രായം'
(ചിത്രം - മനസ്വിനി)

ഈ പൗര്‍ണമി കന്യക നീരാടുന്നത് മൂവന്തിപ്പൊയ്കയിലാണ്. കൗമാരം കടന്ന പൗര്‍ണമിയില്‍, അതേ പ്രായത്തിലുള്ള കന്യകയുടെ ദീപ്തമാനസവും ബിംബിക്കുന്നുണ്ട്. മറ്റൊരു ഗാനത്തില്‍ 'കളഭത്തില്‍ മുങ്ങിവരും വൈശാഖ രജനി' (ചിത്രം അയോദ്ധ്യ)യെ കാണാം. ഭാസ്‌കരന്റെ കല്പനകളില്‍ എത്ര നീരാടിയാലും നിലാവിനു മതിവരില്ലായിരിക്കാം!

'ഹര്‍ഷബാഷ്പം തൂകി
വര്‍ഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നുരാവില്‍
എന്തു ചെയ്വൂ നീ'
(ചിത്രം - മുത്തശ്ശി)

ആത്മഹര്‍ഷത്തിന്റെ നിലാവു തൂകുന്ന ഇന്ദു, ഇന്ദുമുഖിയെ ഓര്‍മയിലെത്തിച്ചത് സ്വാഭാവികം. അവള്‍ ഈ രാത്രിയില്‍ എന്തു ചെയ്യുകയാവാം എന്ന ആലോചന നിലാവിനെപ്പോലെ കാമുക ഹൃദയത്തെയും ആര്‍ദ്രമാക്കുന്നു. ഇതേ ഗാനത്തില്‍ 'ശ്രാവണ നിശീഥിനി തന്‍ പൂവനം' തളിര്‍ക്കുകയും 'പാതിരാവിന്‍ താഴ്വരയിലെ പവിഴമല്ലികള്‍' പൂക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു ഗാനത്തിലെ, 'മഞ്ഞണി നിലാവുപൂത്ത മലര്‍പ്പൊയ്ക' യില്‍ കവികാണുന്നത് 'അഞ്ജനക്കണ്ണെഴുതിയ നീലത്താരകളെ'യാണ്! (കാര്‍ത്തിക രാത്രിയിലെ മഞ്ഞുതുള്ളിയോ - ചിത്രം കാട്ടുകുരങ്ങ്)

താനേ തിരിഞ്ഞുംമറിഞ്ഞും തന്‍
താമരമെത്തയിലുരുണ്ടും
മയക്കം വരാതെ മാനത്തു കിടക്കുന്നു
മധുമാസസുന്ദര ചന്ദ്രലേഖ
(ചിത്രം - അമ്പലപ്രാവ്)

ഒരു കാമുകിയുടെ പ്രേമവിവശത എത്ര ഔചിത്യത്തോടെയാണ് ചന്ദ്രലേഖയില്‍ ആരോപിച്ചിരിക്കുന്നത്! കാവ്യസൗന്ദര്യം ഇരുവരെയും അനശ്വരരാക്കുന്നു.

ഭാസ്‌കരന്റെ നിലാവിന് പൂക്കളില്‍ പിച്ചകത്തോടാണ് കൂടിതലിഷ്ടം. 'വൃശ്ചികരാത്രിതന്‍ അരമനമുറ്റത്ത് വാനം പിച്ചകപ്പൂപ്പന്തല്‍' ഒരുക്കുന്നു. (ചിത്രം ആഭിജാത്യം). ' 'മച്ചിന്റെ മോളില്‍ നിന്നൊളിച്ചുനോക്കാന്‍ ലജ്ജയില്ലേ' എന്ന് 'പിച്ചകപ്പൂനിലാവിനോട്' ഒരു കാമുകന്‍ ചോദിച്ചുപോകുന്നു.

(വൃശ്ചികപ്പൂനിലാവേ.. ചിത്രം തച്ചോളി മരുമകന്‍ചന്തു)
'തങ്കം, നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങിവന്നു
നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നു.'
(മാനത്തെ കായലിന്‍ - ചിത്രം കള്ളിച്ചെല്ലമ്മ), എന്നോര്‍മിപ്പിച്ചുകൊണ്ടാണ് മറ്റൊരു കാമുകന്‍ കാമുകിയെ മയക്കത്തില്‍ നിന്നുണര്‍ത്താന്‍ ശ്രമിക്കുന്നത്.

ഒരു നല്ല നിലാവുള്ള രാത്രിയില്‍ തന്നോടുള്ളുതുറന്ന കാമുകിയെ കിനാക്കണ്ടിരിക്കുന്ന കാമുകന്‍ (നാളികേരത്തിന്റെ..... ചിത്രം: തുറക്കാത്ത വാതില്‍), പൂര്‍ണേന്ദുമുഖിയെയും അമ്പലക്കുളങ്ങരെ ഈറന്‍ തുകില്‍ ഞൊറിയുന്ന അമ്പിളിയെയും ഒരുപോലെ പ്രേമിക്കുന്ന കാമുകന്‍ (പൂര്‍ണേന്ദു മുഖിയോടമ്പലത്തില്‍.. ചിത്രം കുരുക്ഷേത്രം), കണ്ണോടു കണ്ണുംനോക്കി ചിരിച്ചുംകൊണ്ടിരിക്കുന്ന വിണ്ണിലെ പൂന്തിങ്കളും പുതുമണവാട്ടിയും (പുലരാറായപ്പോള്‍ - ചിത്രം മൂലധനം).. ഭാസ്‌കരന്റെ ഗാനങ്ങളില്‍ 'നിലാക്കാഴ്ചകള്‍' ഇങ്ങനെ ഒട്ടേറെയുണ്ട്. അവയിലെല്ലാം 'കല്പനകള്‍ താലമെടുത്തു' നില്‍ക്കുന്നു.

'ഒരു മുല്ലപ്പൂമൊട്ടില്‍ ഒതുക്കുന്നതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിന്‍ മധുരഗന്ധം'
(മാറോടണച്ചുഞാന്‍ ഉറക്കിയിട്ടും... ചിത്രം - കാട്ടുകുരങ്ങ്)

നിലാവിന്റെ സൗന്ദര്യം മുഴുവന്‍ ഗാനങ്ങളിലൊതുക്കുന്നതെങ്ങനെയെന്നോര്‍ത്തും കവിഹൃദയം വീര്‍പ്പുമുട്ടിയിരിക്കാം. ഈ നിലാവില്‍ പ്രണയമുണ്ട്. പ്രണയത്തില്‍ നിലാവും. രണ്ടും ഹൃദയത്തെ ആര്‍ദ്രമാക്കും. അതുകൊണ്ടുതന്നെ നിലാവിന്റെ ഈ പാട്ടുകാരന്‍ രാഗാര്‍ദ്രമാനസങ്ങള്‍ക്കെന്നും കൂട്ടുകാരനായിരിക്കും.