എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത' ഒരു പക്കാ നാടന്‍ പ്രേമം' എന്ന ചിത്രത്തിലെ യേശുദാസ് പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റല്‍ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹന്‍ സിത്താരയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. യേശുദാസിന്റെ 81-ാം പിറന്നാള്‍ ദിനത്തില്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച്, മോഹന്‍ സിത്താരയുടെ സംഗീത സംവിധാനത്തില്‍ യേശുദാസ് ആലപിച്ച ഗാനം, ദാസേട്ടന്റെ പിറന്നാള്‍ സമ്മാനമായി മലയാളികള്‍ക്ക് സമര്‍പ്പിച്ചു.

മോഹന്‍ സിത്താരയുടെ ഈണത്തില്‍, കൈതപ്രത്തിനു പുറമെ കെ ജയകുമാര്‍ , എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ , വിനു കൃഷ്ണന്‍ എന്നിവരുടെ രചനയില്‍ യേശുദാസ് ,വിനീത് ശ്രീനിവാസന്‍ , വിധുപ്രതാപ് , അഫ്‌സല്‍, അന്‍വര്‍ സാദത്ത്, ജ്യോത്സന , ശിഖാ പ്രഭാകര്‍ എന്നിവര്‍ ആലപിച്ച അഞ്ചു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്.

വിനു മോഹന്‍, ഭഗത് മാനുവല്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, ടോം ജേക്കബ്ബ്, സിയാദ് അഹമ്മദ്, വിദ്യാമോഹന്‍ , ഹരിതാ ജി നായര്‍ , കുളപ്പുള്ളി ലീല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content highlights : oru pakka nadan premam malayalam movie song by yesudas