ഗായകന്‍ മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത ഓം എന്ന മ്യൂസിക്കല്‍ ഷോട്ട് ശ്രദ്ധ നേടുന്നു. വരികളൊന്നുമില്ലാതെ ഓംകാരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അറബിക് വാക്കുകളും സ്വരങ്ങളും ഇതില്‍ ചേര്‍ത്താണ് മ്യൂസിക്കല്‍ ഷോട്ട് ഒരുക്കിയിരിക്കുന്നത്. ഒരു കവിതയിലൂടെയാണ് ഓം ആരംഭിക്കുന്നത്. മഖ്ബൂല്‍ മന്‍സൂര്‍ തന്നെയാണ് ഈ കവിത രചിച്ചിരിക്കുന്നത്. നടന്‍ അശ്വിന്‍ കുമാര്‍ പ്രധാനവേഷത്തിലെത്തുന്നു. 

നടന്‍ അശ്വിന് ഒപ്പം വീട്ടിലിരുന്നപ്പോള്‍ പെട്ടെന്ന് തോന്നിയ ചിന്തയില്‍നിന്നാണ് 'ഓം' ഉണ്ടാകുന്നത്. ഒരു തീം ബേസ്ഡ് ഫോട്ടോഷൂട്ട് ആയിരുന്നു ആദ്യം മനസ്സില്‍. അതിനുവേണ്ടി ഫോട്ടോഗ്രാഫറായ അഭിയെ കണ്ടു സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ധീനോട് സംസാരിക്കുമ്പോഴാണ് എന്ത് കൊണ്ട് ഇതൊരു വീഡിയോ ആയി ചെയ്തു കൂടാ എന്ന് ആലോചിക്കുന്നത്. പ്രത്യേകിച്ച് പ്ലാനുകളോ തിരക്കഥയോ സംഗീതമോ ഒന്നും തന്നെയില്ലാതെ ഒരു മ്യൂസിക്കല്‍ ഷോട്ട് ചെയ്യുകയായിരുന്നു. ഒരു മോഡേണ്‍ ഹാരപ്പന്‍ സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന കോസ്റ്റ്യൂം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജിഷാദ് അത് ഏറ്റെടുക്കുകയും മൂന്നാമത്തെ ദിവസം ഷൂട്ടിന് പോവുകയായിരുന്നു എന്നും മഖ്ബൂല്‍ പറയുന്നു. ഷൂട്ട് ചെയ്തതിന് ശേഷം അത് റഫ് എഡിറ്റിംഗ് ചെയ്തു കഴിഞ്ഞാണ് മ്യൂസിക് ചെയ്യുന്നതെന്ന് മഖ്ബൂല്‍ പറഞ്ഞു.

തുടര്‍ന്ന് മ്യൂസിക് ചെയ്തതിനു ശേഷം വീണ്ടും എല്ലാം ഒരിക്കല്‍ കൂടി റീ എഡിറ്റ് ചെയ്യുകയും ഒപ്പം വി.എഫ്.എക്സ് മ്യൂസിക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന സൗണ്ട് ഡിസൈനിങ് എന്നിവയെല്ലാം ചെയ്ത് ഒരു നീണ്ട പ്രോസസ്സിലൂടെയാണ് 'ഓം' എന്ന മ്യൂസിക്കല്‍ ഷോട്ട് തയ്യാറാകുന്നത്.

നിങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇതിലൂടെ എന്ത് മനസിലാക്കുന്നു എന്നതാണ് 'ഓം'ന്റെ പ്രത്യേകത. ഒരു സെല്‍ഫ് റിഫ്‌ളക്ഷന്‍ ആയിട്ടാണ് ഞാന്‍ ഇതിനെ സമീപിക്കുന്നത്. ഏതൊരു കലാസൃഷ്ടിയും ഉണ്ടായതിനു ശേഷം നമ്മള്‍ അതിനെക്കുറിച്ച് പറയുന്നത് ശരിയല്ല. പ്രേക്ഷകരാണ് പറയേണ്ടത്- മഖ്ബൂല്‍ പറയുന്നു.

സംഗീതം- അഭിരാം. അര്‍ജുന്‍ രമേശ്, അരുണ്‍ ദാമോദര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ്-ബിബിന്‍ പോള്‍ സാമുവല്‍, കോസ്റ്റ്‌റൂം ജിഷാദ് ഷംസുദ്ധീന്‍, മേക്കപ്പ് നരസിംഹ സ്വാമി, മ്യൂസിക് പ്രോഗ്രാമിങ് അറേഞ്ച്‌മെന്റ്‌സ്-ഷെറോണ്‍ റോയ് ഗോമസ്, ഗിത്താര്‍-സനു, പി. ഡാര്‍ബുക കിഷോര്‍ കൃഷ്ണ. 'കേവ്മാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അശ്വിന്‍ കുമാര്‍, അര്‍ജുന്‍ രമേഷ്, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഓം' നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീനിലെ മുക്കത്തെ പെണ്ണ് എന്ന ഗാനം പാടിയാണ് മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ ശ്രദ്ധനേടുന്നത്. പിന്നീട് ചാര്‍ളി, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

Content Highlights: OM Musical Short ft Ashwin Kkumar Mohammed Maqboo Mansoor Abhiram