മുഹമ്മദ് അലിയുടെ വൈറലായ വീഡിയോ, കുഞ്ചാക്കോ ബോബന്റെ നൃത്തരംഗം, മുഹമ്മദ് അലി
'ന്നാ തന് കേസ് കൊട്' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തച്ചുവടുകള്‍ തരംഗമായതോടെ എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ഒരു വൈറല്‍ വീഡിയോയിലെ താരത്തെയാണ്. രണ്ട് വര്‍ഷം മുന്‍പ് തൃശൂരിലെ ഒരു പള്ളിപ്പെരുന്നാളിന് ചുറ്റും നില്‍ക്കുന്നവരെ കൂസാതെ തന്റേതായ ശൈലിയില്‍ ഒരാള്‍ നൃത്തം ചെയ്യുന്നു. അദ്ദേഹം പാലക്കാട് പഴയ ലക്കിടിയിലുണ്ട്, പേര് മുഹമ്മദ് അലി. നൃത്തം ചെയ്യാന്‍ അറിയില്ലെങ്കിലും വലിയ മോഹമാണെന്നും ഇത് സിനിമയിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും മുഹമ്മദലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
"കോയമ്പത്തൂരില്‍ ഹോട്ടല്‍ ജീവനക്കാരനാണ് ഞാന്‍. കാളി റോഡ് നേര്‍ച്ചയ്ക്ക് പോയപ്പോള്‍ രണ്ട് സ്റ്റെപ്പ് ഇട്ടതാണ്. ഭയങ്കര തിരക്കായിരുന്നു. അതിനിടെ അഡ്ജസറ്റ് ചെയ്താണ് ഡാന്‍സ് കളിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടില്‍ വന്ന ആരോ എടുത്തതാണത്. ആരാണ് എടുത്തതെന്ന് എനിക്കറിയില്ല. എന്റെ നാട്ടുകാരൊന്നും പരിസരത്തില്ലെന്ന് ഉറപ്പ് വരുത്തി കളിച്ചതാണ്. അവര്‍ കണ്ടാല്‍ ചമ്മലായിരിക്കും.
"കുഞ്ചാക്കോ ബോബന്റെ പാട്ട് പുറത്ത് വന്നതിന് ശേഷം ഫോണ്‍കോളുകളുടെ ബഹളമാണ്. വലിയ സന്തോഷമാണ് തോന്നിയത്. ഡാന്‍സ് വൈറലായെന്ന് പറഞ്ഞ് മകന് വിളിച്ചു. അവരൊക്കെ വലിയ സന്തോഷത്തിലാണ്. എനിക്ക് ഡാന്‍സ് കളിക്കാനൊന്നും അറിയില്ല. എന്റെ സന്തോഷത്തിന് വേണ്ടി മാത്രം ചെയ്തതാണ്."- മുഹമ്മദലി പറഞ്ഞു.
1985-ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന് സംവിധാനം ചെയ്ത 'കാതോട് കാതോരം' എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനമാണ് 'ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നൃത്തത്തില്‍ പുനരാവിഷ്കരിച്ചത്. ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചന് ഈണം നല്കിയ ഈ ഗാനം ആലപിച്ചത് ബിജു നാരായണനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..