നിനക്കെന്നോടൊന്ന് മിണ്ട്യാലെന്താ മൈമൂനപ്പെണ്ണേ..'  ഈ പാട്ട് യൂട്യൂബില്‍ കണ്ടവര്‍ അഞ്ജലി അമീറിന്റെ പിറകെ നടക്കുന്ന കട്ടിപ്പുരികവും താടിയുമുള്ള ആ നായകനെയും ശ്രദ്ധിച്ചിട്ടുണ്ടാകും.. മൊഞ്ചത്തിപ്പെണ്ണിനെ പ്രണയിച്ച് നടക്കുന്ന നായകന്‍ ഒടുവില്‍ അവളല്ല, അവളുടെ കൂട്ടുകാരിയാണ് തന്നെ പ്രണയിക്കുന്നതെന്നറിയുന്ന നിമിഷത്തില്‍ പാട്ടുമഴ തോരുന്നു.. ഹിറ്റ് മ്യൂസിക് വീഡിയോകളുടെ പട്ടികയിലേക്കെത്തിയ 'നിഴല്‍ പോലെ'യിലെ ആ നായകന്‍ (പാട്ടുകാരനും) ദീപക് ജെ ആര്‍ ആ പാട്ടിനെക്കുറിച്ചും അഞ്ജലിയെന്ന തന്റെ സുഹൃത്തിനെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവച്ചു.

സ്‌കൂള്‍ കാലം യുവജനോത്സവവേദികളില്‍...

പാട്ടു പാടും. സ്വാഭാവികമായും സ്‌കൂള്‍ യുവജനോത്സവവേദികളില്‍ സജീവമായിരുന്നു. കലോത്സവ വേദികളിലേക്ക് എന്നെ ട്രെയിന്‍ ചെയ്യിപ്പിച്ചിരുന്നത് ഗുരുക്കന്‍മാരായ സതീഷ് നമ്പൂതിരിയും പ്രേം കുമാര്‍ വടകരയുമാണ്. ശാസ്ത്രീയ സംഗീതത്തേക്കാള്‍ ലളിതഗാന മത്സരങ്ങളിലാണ് പങ്കെടുത്തിരിക്കുന്നതും സമ്മാനം നേടിയിട്ടുള്ളതും. എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ മത്സരങ്ങളില്‍ പാടിയിട്ടുള്ള പാട്ടുകള്‍ പ്രേംകുമാര്‍ സാറിന്റേതാണ്. 2008ല്‍ സംസ്ഥാനതലത്തില്‍ ലളിതഗാന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. 

deepak

ഗന്ധര്‍വ സംഗീതം, ഐഡിയ സ്റ്റാര്‍ സിങ്ങര്‍...

കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതത്തില്‍ പങ്കെടുക്കുമ്പോള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വേദിയിലെത്തുമ്പോള്‍ പ്ലസ്ടുവിലും. സീസണ്‍ അഞ്ചിലാണ് പങ്കെടുത്തത്. എംജി ശ്രീകുമാര്‍ സാര്‍, ചിത്രച്ചേച്ചി, ശരത് സാര്‍. റിയാലിറ്റി ഷോ വിധികര്‍ത്താക്കളെക്കാളുപരി നല്ല ഗുരുക്കന്‍മാരായി മാറി ഓരോ റൗണ്ടിലും... എന്നെപ്പോലെ പാട്ടുകാരാവാന്‍ കൊതിക്കുന്ന കുറേ പേര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ലഭിച്ചു, അന്ന് ആ ഷോയിലൂടെ.. ഫൈനലിനു മുമ്പുള്ള എലിമിനേഷന്‍ റൗണ്ടില്‍ ഏറ്റവും അവസാനം പുറത്തുപോയ മത്സരാര്‍ഥി ഞാനായായിരുന്നു. സംഗീതത്തോടൊപ്പം വളര്‍ന്നു. സ്റ്റാര്‍ സിങ്ങറില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടതോടെ പാട്ടില്‍ ചെറിയൊരു ബ്രേക്കിട്ടു. നേരെ കാസര്‍ക്കോട്ടേയ്ക്ക്. എഞ്ചിനീയറിങ് പഠിക്കാന്‍. 

എഞ്ചിനീയറിംഗിനിടയില്‍ പാടിയില്ല

കാസര്‍ക്കോട്ടെ എല്‍ ബി എസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തു. ആ നാലു വര്‍ഷം ഞാനവിടെ ലോക്കായിപ്പോയി. കാസര്‍ക്കോട്ടേയ്ക്ക് പോകുന്നതിനു പകരം എറണാകുളത്തോ മറ്റോ ആയിരുന്നെങ്കില്‍ ഒരു പക്ഷേ എന്നിലെ പാട്ടുകാരനു വളരാന്‍ കൂടുതല്‍ സാഹചര്യങ്ങളുണ്ടാകുമായിരുന്നുവെന്നു തോന്നിയിട്ടുണ്ട്. നാട്ടില്‍ ഒരു വിധം സ്റ്റേജ് ഷോകള്‍ ഒക്കെ ചെയ്തിരുന്നതാണ്. നാട്ടില്‍ വരാതായതോടെ അതും കുറഞ്ഞു.

സിനിമയില്‍ പാടിയിട്ടുണ്ട്..

എഞ്ചിനീയറിങ് അവസാന വര്‍ഷത്തിനിടയിലാണ് ആദ്യമായി ഒരു സിനിമയുടെ ഓഡീഷന് പോകുന്നത്. അതില്‍ സെലക്ടായി. 'വൈ' എന്ന മലയാള സിനിമയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്. നിവിന്‍ പോളി നായകനായി അഭിനയിച്ച ച്യാപ്റ്റേഴ്സ്, അരികിലൊരാള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുനില്‍ ഇബ്രാഹിമിന്റേതായിരുന്നു 'വൈ'. സംഗീതജ്ഞനായ പ്രമോദ് നിലമ്പൂര്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ടൈറ്റില്‍ സോങ്ങാണ് ഞാന്‍ പാടിയത്. തീയേറ്ററില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും യൂ ട്യൂബില്‍ പതിമൂന്ന് ലക്ഷത്തോളം പേരാണ്‌  ഇതിനകം കണ്ടത്. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പുതുമുഖങ്ങളായതു കൊണ്ടാകണം.. ചിത്രം തീയേറ്റര്‍ വിജയം കൈവരിക്കാഞ്ഞത്. ചിത്രം ഹിറ്റാകാഞ്ഞതിനാല്‍ ആ പാട്ടും ശ്രദ്ധിക്കപ്പെടാതെ പോയി. അതിനു മുമ്പ് 'വഴിയറിയാതെ' എന്ന ഒരു ചെറിയ ബജറ്റ് ചിത്രത്തില്‍ പാടിയിരുന്നു. സ്റ്റാര്‍ സിങ്ങറിലുണ്ടായിരുന്ന സായ് ബാലന്‍ അഭിനയിച്ച തിയേറ്ററില്‍ തന്നെ റിലീസ് ചെയ്ത ചിത്രമായിരുന്നു. അതും ശ്രദ്ധിക്കപ്പെട്ടില്ല..

deepak

ഓര്‍ക്കസ്ട്രയില്ലാതെ..

കവിയും ഗാനരചയിതാവുമായ രമേശ് കാവിലാണ് നിഴല്‍ പോലെയുടെ വരികളെഴുതിയിരിക്കുന്നത്. എന്റെ സുഹൃത്ത് രാഹുലിന്റെ അച്ഛനാണ് അദ്ദേഹം. പക്ഷേ രമേശ് മാഷിനെ സംബന്ധിച്ചിടത്തോളം ഇതു വെറും മിഠായി വരികളാണ്. മലബാര്‍ ഭാഷയുടെ രസം കൊണ്ടുവരാന്‍ 'മിണ്ട്യാലെന്താ..മൊഞ്ചത്ത്യേ..' എന്നിങ്ങനെ സംസാരഭാഷയിലെ വാക്കുകള്‍ തന്നെ കോര്‍ത്തിണക്കിയ വരികള്‍.(ആ വരികള്‍ കൊണ്ടും പാട്ടു ഹിറ്റായി) ഈ പാട്ടു കൊണ്ട് അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കാന്‍ കഴിയില്ല. മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് തുടര്‍ച്ചയായി നേടിയിട്ടുള്ള അമൂല്യപ്രതിഭയാണ്. ആല്‍ബങ്ങളിലും മറ്റുമായി രമേശ് മാഷുടെ ഒരുപാടു പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നു പ്രശാന്തേട്ടന്‍ (പ്രശാന്ത് ഞെട്ടൂര്‍) പാടിയ വേര്‍ഷനാണ് എനിക്ക് മാഷ് അയച്ചു തരുന്നത്. പ്രശാന്തേട്ടന്റെ സ്റ്റുഡിയോയില്‍ പോയി മാഷുടെ സാന്നിധ്യത്തില്‍ തന്നെ ഈണമിട്ടു പാടി. ഇരുവര്‍ക്കും അതിഷ്ടപ്പെട്ടപ്പോള്‍ ഇനിയിതിനു നല്ലൊരു ഓര്‍ക്കസ്ട്രേഷന്‍ ചെയ്യിക്കണമെന്ന തോന്നലില്‍ ഗിറ്റാറിസ്റ്റ് സുമേഷ് പരമേശ്വറിനെ പോയി കാണുകയായിരുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ ഗിറ്റാറിസ്റ്റ് ഞങ്ങളുടെ മുമ്പില്‍ സിമ്പിളായി ഈ പാട്ടിനു വേണ്ടി ഗിറ്റാര്‍ ചലിപ്പിച്ച നിമിഷത്തില്‍ തന്നെ ഇനിയൊരു ഇന്‍സ്റ്റ്രുമെന്റും വേണ്ടെന്നു തീരുമാനിക്കയായിരുന്നു. 

ഗിറ്റാര്‍ വഴങ്ങും..

ഗിറ്റാറിലെ ആദ്യ പാഠങ്ങള്‍ വശത്താക്കിയിട്ടുണ്ട്. ഗാനമേളകളില്‍ ഗിറ്റാര്‍ വായിച്ചു പാടിയിട്ടുമുണ്ട്. അതുകൊണ്ട് ഗിറ്റാര്‍ വായിക്കുന്നതായി അഭിനയിക്കാന്‍ എനിക്കു പറ്റും. ഇനിയൊരു അഞ്ചു ജന്മം കഴിഞ്ഞാല്‍ പോലും സുമേഷട്ടേനെപ്പോലെ ഗിറ്റാര്‍ വായിക്കാന്‍ കഴിയുമെന്നൊന്നും കരുതുന്നില്ല. വേറെ ലെവലാണ് പുള്ളി.. 

അഞ്ജലി എന്റെ കൂട്ടുകാരി..

ക്വീന്‍ ഓഫ് ദ്വയ എന്ന ട്രാന്‍സ് ഫാഷന്‍ ഷോയില്‍ പാടാന്‍ അവസരം ലഭിച്ചിരുന്നു. അവിടെ വച്ചാണ് അഞ്ജലിയെ പരിചയപ്പെടുന്നത്. മേക്കപ്പ്മാനായ സന്തോഷേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും അതേ വേദിയില്‍ തന്നെ. ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി. കമ്പോസ് ചെയ്ത് പാടി വച്ചിരുന്ന ഈ പാട്ട് വിഷ്വലൈസ് ചെയ്താലോ എന്ന ആലോചനയില്‍ സന്തോഷേട്ടനെ സമീപിച്ചപ്പോള്‍ പുള്ളി അഞ്ജലിയോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. 

മമ്മൂട്ടിയുടെ നായിക..

മമ്മൂട്ടിയുടെ നായിക എന്റെ മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ ഇതില്‍ പരമൊരു ലോട്ടറി എനിക്കു വേറെ കിട്ടാനില്ല. ഇതിനു മുമ്പും ആല്‍ബത്തിലഭിനയിക്കാമോ എന്നു ചോദിച്ചു ഒരുപാടു പേര്‍ അഞ്ജലിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ താത്പര്യമില്ലാത്തതിനാല്‍ അന്നതൊന്നും സ്വീകരിച്ചില്ല. ഈ പാട്ടിന്റെ വരികള്‍ ആകര്‍ഷിച്ചിരിക്കണം.. അതോ ഞാനുമായുള്ള സൗഹൃദത്തിന്റെ പുറത്തോ, എന്തു കൊണ്ടെന്നറിയില്ല, അഞ്ജലി നായികയാവാമെന്നു സമ്മതം മൂളി. വളരെ ഫ്രണ്ട്‌ലിയാണ് അഞ്ജലി. കോഴിക്കോടുകാരിയാണ്.  ആല്‍ബത്തിലെ അഞ്ജലിയുടെ പുതിയ ലുക്കിനു കാരണം ക്യാമറമാന്‍ മഹേഷ് മാധവനാണ്. 

deepak

കവര്‍ വേര്‍ഷന്‍ പോലെ വേണ്ട..

കാട്ടിലും പറമ്പിലും പോയിരുന്നു പാടി വെറുമൊരു അമേച്വര്‍ സംഭവമാക്കി ഒതുക്കാന്‍ താല്‍പര്യമില്ലായിരുന്നു എനിക്ക്.. ഒരു പ്രൊഫഷണല്‍ സംവിധായകനെ അന്വേഷിച്ചു സുനില്‍ ഇബ്രാഹിം സാറിനടുക്കല്‍ ചെന്നു. അസിസ്റ്റന്റ്‌സിലൊരാളായ സഫീര്‍ പട്ടാമ്പി എന്ന പേരാണ് അന്ന് സുനില്‍ സാര്‍ സജസ്റ്റ് ചെയ്തത്. എഡിറ്ററായ സഫീറിനു ആല്‍ബം ചെയ്യാനൊന്നുമില്ലെന്നും താല്‍പര്യമില്ലായിരുന്നു. പിന്നീട് പാട്ടു കേട്ടിഷ്ടപ്പെട്ട് സംവിധാനം ചെയ്തു നോക്കാമെന്ന തീരുമാനിക്കയായിരുന്നു. അങ്ങനെ പ്രൊഡ്യൂസറായ എനിക്ക് ഒരു രൂപ പോലും ചെലവിടാതെ ഭംഗിയായി ഇതു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം. കഥയും തീമുമൊക്കെ പുള്ളിയുടെ ഐഡിയ തന്നെ. മട്ടാഞ്ചരി, ഫോര്‍ട്ട് കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. ഗുജറാത്തി സ്റ്റ്രീറ്റിലെ ഒരു സ്‌കൂളില്‍ തന്നെയാണ് സ്‌കൂളിന്റെ ഭാഗങ്ങളൊക്കെ ചിത്രീകരിച്ചത്. ഒരു ദിവസം കൊണ്ടു പൂര്‍ത്തീകരിച്ചു. നായികമാരിലെ മറ്റേ ആളെ കൊണ്ടു വന്നതും സന്തോഷേട്ടന്‍ തന്നെ. രാധിക പിള്ള. മോഡലായ രാധിക ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. രാധികയ്ക്കും ഹിന്ദി ആല്‍ബങ്ങളൊക്കെ ചെയ്ത് മുന്‍പരിചയമുണ്ടായിരുന്നു. ഞാനായിരുന്നു അക്കൂട്ടത്തില്‍ പുതുമുഖം. 

അഭിനയവും ഇഷ്ടമാണ്.. 

അഭിനയമോഹമുണ്ട്. കുറേ പേര്‍ വിളിച്ചു പറ്റിച്ചിട്ടുണ്ട്.. പുതിയ സിനിമ ചെയ്യുന്നുണ്ട്. അതിന്റെ പ്രൊഡക്ഷന്‍ കൺട്രോളറാണ് എന്നൊക്കെ പറഞ്ഞ്.. ഐഡിയ സ്റ്റാര്‍ സിങ്ങറിലുള്ള കാലം തൊട്ടയുള്ള പതിവാണ് അത്തരം വിളികള്‍.. ഒക്കെ സുഹൃക്കളുടെ കുട്ടി കുട്ടി തമാശകള്‍.. അല്ലാതെ ഇതുവരെ ആരും ആത്മാർഥമായി എന്നെ സമീപിച്ചിട്ടില്ല.. റീടേക്കുകള്‍ക്കുള്ള സമയമില്ലായിരുന്നതു കൊണ്ടും കൈയില്‍ നിന്നും പൈസ പോകുന്നതു കൊണ്ടുള്ള ടെന്‍ഷനും.. മുഖത്ത് ഭാവങ്ങള്‍ അങ്ങനെ വന്നതാണ്.. (ചിരിക്കുന്നു)

Content Highlights: Nizhal Pole Anjali Ameer album singer and actor Deepak J R interview