മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന  നിശ്ശബ്ദം എന്ന ബഹുഭാഷാ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'നീയേ നീയേ നീലവാനം...' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. ഗാനം രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. സംഗീത സംവിധാനം ഗോപി സുന്ദര്‍. മലയാളം പതിപ്പിലെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.

കാഴ്ചയ്ക്ക് പ്രശ്നമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. സംസാരശേഷിയില്ലാത്ത സാക്ഷി എന്ന ചിത്രകാരിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ചിത്രത്തിനായി അനുഷ്‌ക ആംഗ്യഭാഷ പഠിച്ചിരുന്നു.

പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മാധവനും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നത്. സുന്ദര്‍. സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഇവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. 

അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്സെന്‍, സുബ്ബരാജു, അവസരള, ശ്രീനിവാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഹേമന്ദ് മധുക്കര്‍ സംവിധാനം ചെയ്യുന്ന നിശബ്ദം ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നത്. കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് എന്നിവരുടേതാണ് തിരക്കഥ. ഷാനില്‍ ഡിയോ ആണ് ഛായാഗ്രാഹകന്‍.  

Content Highlights : Nishabdham Malayalam Movie Song R Madhavan Anushka Shetty