കൊച്ചി : 18 വർഷങ്ങൾക്ക് മുൻപെഴുതിയ തന്റെ കവിതയ്ക്ക് ദൃശ്യാവിഷ്ക്കാരവുമായി വിനീത സുരേഷ്. പൂക്കാട്ടുപടി സ്വദേശി വിനീത സുരേഷും മകൻ അഭിനവ് മഹേശ്വറും ചേർന്നാണ് 'കണ്ണൻതൻ രാധ' എന്ന കവിതാ ആവിഷ്കാരം ഒരുക്കിയിരിക്കുന്നത്. കുടുംബസുഹൃത്തുക്കളുടെ നിർദേശത്തെ തുടർന്നാണ് കവിതയെ പാട്ടുരൂപത്തിലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

വിനീത കാക്കനാട് ബ്യൂട്ടി സ്റ്റുഡിയോ നടത്തിയിരുന്നതാണ്. കോവിഡ് കാരണം വാടകയടക്കം അടയ്ക്കാൻ കഴിയാതെ വന്നതോടെ അത് പൂട്ടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയുള്ള മേക്ക് അപ്പ് വർക്കുകൾ മാത്രമാണ് ചെയ്തിരുന്നത്. പക്ഷേ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ അതും നിർത്തേണ്ടതായി വന്നു.

കോവിഡ് കാലങ്ങൾ കൊണ്ടുവന്ന വലിയ ഇടവേളയാണ് വിനീതയെ വീണ്ടും എഴുത്തിന്റെയും നൃത്തത്തിന്റെയും വഴിയിലേക്ക് തിരിച്ചെത്തിച്ചത്. 'എഴുത്ത് ശീലമാക്കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു, കവിതകളായിരുന്നു എഴുതിയതിൽ കൂടുതലും. പിന്നീട് കുടുംബ ജോലി തിരക്കുകളിലേക്കായി ശ്രദ്ധമുഴുവൻ. അച്ഛനായിരുന്നു എഴുതാനുള്ള പ്രചോദനം, അദ്ദേഹത്തിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ് എഴുതാൻ കഴിഞ്ഞിരുന്നതെന്നും' വിനീത പറയുന്നു. നാടക രചയിതാവായ വേലായുധൻ കാക്കനാടാണ് വിനീതയുടെ പിതാവ്.

'കൃഷ്ണഭക്തയായ സ്ത്രീ അവരുടെ സങ്കൽപ്പത്തിലെ രാധയും കൃഷ്ണനുമായുള്ള സംഭാഷണങ്ങളുമാണ് സംഗീത ആൽബത്തിൽ ദൃശ്യവത്‌ക്കരിച്ചിരിക്കുന്നത്. മകനെയും കൂടെ ചേർത്ത് യശോദ കൃഷ്ണ സങ്കൽപ്പത്തിൽ ഒരു നൃത്തരൂപം ചെയ്യണമെന്നത് വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. അത് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെയൊരു സാഹചര്യം വന്നത്. അതുകൊണ്ട് കൃഷ്ണനായി മകൻ അഭിനവ് മഹേശ്വർ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.'

യമൻകല്യാണ രാഗത്തിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താളത്തിനൊത്ത് വരികൾ ക്രമീകരിക്കേണ്ടി വന്നതിനാൽ കവിതയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്' എന്ന് വീനിത പറയുന്നു. പിന്നണി ഗായിക ജ്യോതി മേനോനാണ് ആൽബത്തിലെ പാട്ടുപാടിയിരിക്കുന്നത്.

Content Highlights:new song created by mom and son when she lost job on covid lock down