ഇതു പോലെ ഒരു പാട്ട് മുമ്പ് കേട്ടിട്ടുണ്ടല്ലോ എന്നു തോന്നിപ്പിക്കുന്നതാണ് മലയാള സിനിമയിലെ അടുത്ത കാലത്തിറങ്ങുന്ന പല പാട്ടുകളും. ഒരേ രാഗത്തില്‍ വ്യത്യസ്ത ഭാവങ്ങളില്‍ ആഴം കൂട്ടിയും കുറിച്ചും ഈണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇപ്പറഞ്ഞപോലെയുള്ള തോന്നലുകള്‍ തീര്‍ത്തും സ്വാഭാവികം. 

നീയും ഞാനും എന്ന ചിത്രത്തിലെ 'ആലം നിറഞ്ഞുള്ള' എന്നു തുടങ്ങുന്ന ഈ ഗാനം അത്തരത്തില്‍ നൊമ്പരമുണര്‍ത്തുന്ന ഒന്നു കൂടിയാണ്. ഷറഫുദ്ദീനും അനു സിത്താരയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മെലഡികളിഷ്ടപ്പെടുന്ന മലയാളികള്‍ പാട്ടിനെ ഇരു കൈയും നീട്ടി സ്വീകരിച്ച മട്ടാണ്.

2019ലെ ആദ്യത്തെ മനോഹരഗാനം എന്നും ആളുകള്‍ പാട്ടിനെക്കുറിച്ച് പറയുന്നുണ്ട്. സലാവുദ്ദീന്‍ കേച്ചേരിയുടേതാണ് വരികള്‍. വിനു തോമസ് ആണ് സംഗീതം. ഗാനമാലപിച്ചിരിക്കുന്ന മൃദുല വാര്യരുടെ ശബ്ദത്തെ പുകഴ്ത്തുന്നുമുണ്ട്, സംഗീതാസ്വാദകര്‍.

ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്‌സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം നീയും ഞാനും എ കെ സാജന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മറ്റു പാട്ടുകളുടെ വരികള്‍ ഹരിനാരായണന്റേതാണ്. ഛായാഗ്രഹണം ക്ലിന്റോ ആന്റണി. സിജു വില്‍സണ്‍, അജു വര്‍ഗീസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജനുവരിയിലാണ് റിലീസ്.

Content Highlights : Neeyum Njanum new malayalam movie song, Vinu Thomas, Anu Sithara, Sharaf U dheen